2013, നവംബർ 18, തിങ്കളാഴ്‌ച


 പാലക്കാട്‌ ജില്ലാ ശാസ്ത്രമേള ദൃശ്യങ്ങള്‍ 


എയരോബിക്‌ സീഡ്‌ ഡ്രം ഉപകരണത്തിന്റെ മാതൃകയുമായി വാണിയംകുളം ടി ആര്‍ കെ ഹൈസ്കൂള്‍ വിദ്യാതികലായ വിദ്യ ,നവ്യ എന്നിവര്‍  


മുളപ്പിച്ച അരി കൊണ്ടുണ്ടാക്കിയ വിഭവങ്ങളുമായി പ്രോജക്റ്റ്‌ അവതരിപ്പിച്ച കുണ്ടൂര്‍ക്കുന്നു വി പി എ യു പി സ്കൂളിലെ ശിഫാന ,ജിതിന്‍ എന്നിവര്‍ 
വൈദ്യതി ഉള്പാടന്ത്തിനു കൊണ്ക്രീറ്റ്‌ ബാള്‍ സാങ്കേതിക വിദ്യയുമായി പാലക്കാട്‌ മോയന്‍ സ്കൂള്‍ വിദ്യാര്തികളായ സൂര്യ കൃഷ്ണ ,ആര്യ എന്നിവര്‍ 
ലംബ ദിശയിലുള്ള ഇതളുകള്‍ പിടിപ്പിച്ച നവീന കാറ്റാടി യന്ത്രവുമായി കുന്ദൂര്‍ക്കുന്നു വിപി എ യു പി സ്കൂളിലെ ശ്വേത ,ഹൃദ്യ എന്നിവര്‍ 
പാഴായ ടയര്‍ പ്ളാസ്റിക് എന്നിവര്യില്‍ നിന്നും ഇന്ധനങ്ങള്‍ നിര്‍മിക്കുന്ന മാതൃകയുമായി കുന്ദൂര്‍ക്കുന്നു വിപി എ യു പി സ്കൂളിലെ ശില്പ, നവ്യ ഉണ്ണിമേനോന്‍ എന്നിവര്‍ 

മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് വീട്ടിലെ വൈദ്യുത ഉപകരണങ്ങള്‍ നിയന്ത്രിക്കുന്ന മാതുകയുമായി ചെങ്ങനിയൂര്‍ എ യു പി സ്കൂളിലെ ആര്‍ദ്ര ഹരിദാസ്‌ ,അനുഷ എന്നിവര്‍
       


ഇ ടോയിലെറ്റ്‌ എന്ന ആശയവുമായി പള്ളിക്കുറുപ്പ് ശബരി സ്കൂള്‍ വിടയാര്തികലായ ശീതള്‍ രാമദാസ്‌ ,ശ്രീദേവ് എന്നിവര്‍

2013, സെപ്റ്റംബർ 23, തിങ്കളാഴ്‌ച

ഓണക്കുട നിര്‍മിക്കുന്ന ആലിപ്പറമ്പ് നെടുമ്പട്ടി പറമ്പില്‍ കിട്ടുവും ഭാര്യയും 
ഓണക്കുടയ്ക്ക് പറയാനുള്ളത് 

                              ഓണനാളുകളില്‍ മാതെവര്‍ക്ക് ചൂടാന്‍ ഓലക്കുടകള്‍ നിര്‍ബന്ധമായിരുന്നു പഴമക്കാര്‍ക്ക്.കാലം മാറിയപ്പോള്‍ ഓലക്കുട ശീലക്കുടക്ക് വഴി മാറി .എങ്കിലും പരമ്പരാഗത രീതിയില്‍ ഓണം ആഘോഷിക്കുന്നവര്‍ക്ക് ഇന്നും ഓലക്കുട തന്നെ വേണം ഓണത്തിന് .പാരമ്പര്യമായി കുട കെട്ടിയുണ്ടാക്കുന്ന കുടുംബങ്ങള്‍ ഇന്ന് അപൂര്‍വം ആണ് .പാണൻ, കണിയാൻ തുടങ്ങിയ സമുദായക്കാരാണ്‌ ഇതിൽ ഏര്‍പ്പെടുന്നത് .. പാരമ്പര്യമായി ഒരേതൊഴിൽ ചെയ്യുന്ന വിഭാഗക്കാർ ആ തൊഴിലുമായി ബന്ധപ്പെട്ട പേരുകളിൽ മുൻകാലങ്ങളിൽ അറിയപ്പെട്ടിരുന്നല്ലോ . ഇത്തരത്തിൽ ഉണ്ടായ ഒരുജാതിപ്പേരാണ്‌ ‘കണിയാൻ’ .. ഈഎന്ന പദത്തിന്‌ പലവിധത്തിൽ അര്‍ഥം കണ്ടെത്താമെങ്കിലും ‘കണിക്കുക’ എന്ന പദത്തിൽ നിന്നുമാണ്‌ ‘കണിയാൻ’ എന്ന പേരുണ്ടായതെന്ന അഭിപ്രായം സ്വീകാര്യമാണ്‌. ‘കണിക്കുക’ എന്ന പദത്തിന്‌ ‘കുടയുടെ ചട്ടം കെട്ടുക’ എന്ന അർത്‌ഥമാണുളളത്‌.‘കുടവയ്‌ക്കുക’ ഒരാചാരമാണ്‌. കാവിലും മറ്റും മുൻകൂട്ടി നിശ്ചയിച്ച ദിവസം തന്നെ കുടവയ്‌ക്കണം. ഓരോ കാവിലും കുട വയ്‌ക്കുന്നതിന്‌ അധികാരപ്പെട്ട കുടുംബങ്ങളുണ്ട്‌കേരളത്തിലുടനീളമുളള ജനങ്ങൾ ശീലക്കുടകൾക്കുപകരം ഓലക്കുടകളാണ്‌ ഉപയോഗിച്ചിരുന്നത്‌. കാർഷികവൃത്തിയിൽ ഏർപ്പെടുന്നവരും മത്സ്യബന്ധനത്തിലേർപ്പെടുന്നവരും മറ്റും ഓലക്കുടകൾ ഉപയോഗിച്ചുവന്നിരുന്നു.  അസംസ്കൃത വസ്തുക്കളുടെ അഭാവവും ജോലിയില്‍ നിന്ന്നും തുച്ഛമായ കൂലി മാത്രമേ ലഭിക്കൂ എന്നത് കൊണ്ടും ഈ രംഗത്ത്‌ നിന്നും ഏറെ പേരും പിന്മാറി .എങ്കിലും ഓണം ആകുമ്പോള്‍ ഇപ്പോഴും ഓണക്കുടകളുടെ നിര്‍മാണത്തില്‍ ഏര്‍പ്പെടുകയാണ് ആലിപ്പറമ്പ് നെടുമ്പട്ടി പറമ്പില്‍ കിട്ടുവും ഭാര്യ കാളിക്കുട്ടിയും .

                           കുടപ്പന ഓലയും മുള നാരും ഉപയോഗിച്ചാണ് മനോഹരമായ കുടകള്‍ ഉണ്ടാക്കുന്നത്‌ . കുടപ്പനയുടെ പട്ട മുറിച്ചു ആദ്യം വെയിലത്ത്  വാട്ടി എടുക്കുന്നു .ഓലയെ മുള കൊണ്ടുള്ള കാലുമായി ബന്ധിപ്പിക്കുന്ന ചുറ്റിക്കെട്ടിനു നിറം നല്‍കാന്‍ ചെന്കല്ല് ,പച്ചമഞ്ഞള്‍ ,ചിരട്ടക്കരി ,കയ്പവള്ളി എന്നിവയാണ് ഉപയോഗിക്കുന്നത് .രണ്ടു പേര്‍ ചേര്‍ന്നാല്‍ ഒരു ദിവസം നാല് കുട വരെ നിര്‍മിക്കാം, ഒരു കുടയ്ക്ക് മുന്നൂറു രൂപ വരെ വില്‍ക്കും എങ്കിലും മുള പട്ട എന്നിവയുടെ വില കിഴിച്ചാല്‍ കാര്യമായ ലാഭം ഇല്ലാതെ വരുന്നു എന്ന് ഇവര്‍ പറയുന്നു .ഓണത്തിന് മാത്രമാണ് കുടകള്‍ക്ക് വിപണി ഉള്ളത് .പൂര്‍ണമായും പ്രകൃതിക്ക് ഇണങ്ങി നിലക്കുന്നതാണ് ഓലക്കുടയുടെ രീതിശാസ്ത്രം .
                       പാരമ്പര്യകുലത്തൊഴിലായ ഓണക്കുട (ഓലക്കാല്‍ക്കുട) നിര്‍മാണം നിലനിര്‍ത്തി പരമ്പരാഗതമായ ആചാരം നില നിര്‍ത്തുകയാണ് ആലിപ്പറമ്പിലെ ഈ കുടുംബം .ഓണത്തിന് മാതേവര്‍ക്ക് അണിയിക്കാനുള്ള ഓണക്കുട നിര്‍മാണം പല പ്രദേശങ്ങളിലും അന്യംനിന്നുപോയി. തൊഴിലില്‍ ലാഭം ഇല്ലാത്തതാണ് പരമ്പരാഗതമായ കുലത്തൊഴില്‍ നിലയ്ക്കാന്‍ കാരണം.

2013, സെപ്റ്റംബർ 22, ഞായറാഴ്‌ച

ചെത്തല്ലൂര്‍ ആറന്കുണ്ട് നാരായണന്‍ ആചാരി കൊത്തിയ സുബ്രഹ്മണ്യവിഗ്രഹം

                     തച്ചനാട്ടുകരയുടെ തച്ചന്‍ 

                                                            തച്ചനാട്ടുകരയുടെ പേരില്‍ തന്നെ ഒരു തച്ചന്റെ കഥയുണ്ട് .മഹാഭാരത കഥയില്‍ പാണ്ഡവരെ നശിപ്പിക്കാന്‍ ആയി അരക്കില്ലം തീര്‍ത്തത്തില്‍ നിന്ന് രക്ഷപ്പെടാന്‍ വഴി പറഞ്ഞു നല്‍കിയ  തച്ചന് എട്ടു കര സമ്മാനമായി നല്‍കി എന്നും തച്ചന് എട്ടു കര  എന്നതില്‍ നിന്നും ലോപിച്ചാണ് തച്ചനാട്ടുകര എന്ന പേരുണ്ടായത് എന്നാണു പറയപ്പെടുന്നത്‌ . തൊട്ടടുത്ത പ്രദേശങ്ങളായ ഭീമനാട്, അരക്കുപറമ്പ് ,കുന്തിപ്പുഴ ,പാത്രക്കടവ് എന്നീ സ്ഥല നാമങ്ങളും ഈ ഐതിഹ്യത്തിന് ബലമേകുന്നു.ചരിത്രാതീത  കാലം മുമ്പ് തന്നെ തച്ചന് തച്ചനാട്ടുകരയുമായി ബന്ധം ഉണ്ടെന്ന്നു പറയാനാണ് ഇത് സൂചിപ്പിക്കുന്നത് .

            തച്ചനാട്ടുകരയിലെ തല മുതിര്‍ന്ന തച്ചന്മാരില്‍ പ്രധാനിയാണ് ചെത്തല്ലൂര്‍  കാവുവട്ടം ആറന്കുണ്ട് നാരായണന്‍ ആചാരി .മരത്തില്‍ മനോഹരമായ ചിത്രഭാഷ്യം ചമയ്ക്കുംപോള്‍  എണ്പത്തിയോന്നാം വയസ്സിലും ആചാരിക്ക് ഉളി പിഴക്കില്ല .ക്ഷേത്രങ്ങളിലെക്കുള്ള വിഗ്രഹങ്ങള്‍ മരത്തില്‍ കൊത്തിനല്കാന്‍ കെല്പുള്ള അപൂര്‍വം തച്ചന്മാരില്‍ ഒരാളാണ് ഇദ്ദേഹം .ക്ഷേത്ര കവാടനങ്ങളിലെ സവിശേഷ കൊത്തുപണികളും ഇദ്ദേഹം ചെയ്യുന്നു .കൂടാതെ നാടന്‍ കലാരൂപങ്ങള്‍ ആയ തിറ,പൂതന്‍ എന്നിവയുടെ മുഖപ്പുകള്‍ കൊത്തുന്നതിലും ഇദ്ദേഹം വിദഗ്ദന്‍ ആണ് .
                        വ്രതാനുഷ്ടാനങ്ങളോടെയാണ്  വിഗ്രഹങ്ങള്‍ നിര്‍മ്മിക്കാനുള്ള മരം മുറിക്കുന്നതും . ഒരു ആരം മുറിക്കുമ്പോള്‍ അതിന്റെയും അതിന്റെ തൊട്ടടുത്തുള്ള മരത്തിന്റെയും വരെ സമ്മതം വാസ്തു ശാസ്ത്ര വിധി പ്രകാരം ചോദിച്ചാണ് മുറിക്കുക എന്ന് ആചാരി പറയുന്നു . ലക്ഷണയുക്തമായ വരിക്കപ്പിലാവിന്റെ  കാതലില്‍ ആണ് ദാരുശില്പങ്ങള്‍ നിര്‍മിക്കുന്നത് .വിഗ്രഹം നിര്‍മിക്കുന്നതും.അവസാനം ആണ് ദൃഷ്ടി തെളിയിക്കുന്നത് .144 യവം നീളവും അതിനൊത്ത ഉടല്‍ അളവുകളും ഉള്ള ഒരു വിഗ്രഹ നിര്‍മാണത്തിനു പത്ത് മാസത്തിലധികം സമയം എടുക്കും .ഈ സമയം ഒക്കെയും ശില്പി വ്രത നിഷ്ടയില്‍ ആയിരിക്കും .പ്രത്യേക രീതിയില്‍ ഉള്ള പൂജാമുറികള്‍ ,പുരാതന മര ഉരുപ്പടികളുടെ പകര്‍പ്പുകള്‍ എന്നിവയും ആചാരി നിര്‍മിക്കുന്നു .
     തന്റെ പത്താം വയസ്സുമുതല്‍  പാരമ്പര്യമായി നേടിയ അറിവുകളോടോപ്പം തന്റെതായ രീതികളും ആചാരി ജോലിയില്‍ പ്രയോഗിക്കുന്നുണ്ട് .വാസ്തുശാസ്ത്ര സംബന്ധിയായ നിരവധി ഗ്രന്ഥങ്ങളും ഇദ്ദേഹത്തിന്റെ ശേഖരത്തില്‍ ഉണ്ട് .തച്ചനാട്ടുകരയിലെ തച്ചന്മാരില്‍ പ്രധാനി ആയിരുന്ന തെന്ചീരി ശേഖരന്‍ ആചാരിയുടെ പേരില്‍ കൂത്ത് പറമ്പ് വിശ്വ കര്‍മ സര്‍വിസ് സോസൈറ്റി ഏര്‍പ്പെടുത്തിയ പ്രഥമ ശേഖരന്‍ ആചാരി സ്മാരക വിശ്വകര്‍മ ശ്രേഷ്ഠ അവാര്‍ഡ്‌ ചെത്തല്ലൂര്‍ നാരായണന്‍ ആചാരിയെ തേടിയെത്തി .വാര്‍ധക്യ കാലത്തും തന്റെ പണിപ്പുരയില്‍ കര്‍മ നിരതന്‍ ആയ ഇദ്ദേഹം വാസ്തു ശില്പകലയില്‍ വേറിട്ട വഴിയിലൂടെ സഞ്ചാരം തുടരുകയാണ് .

2013, സെപ്റ്റംബർ 20, വെള്ളിയാഴ്‌ച


         തലപ്പന്തുകളിയുടെ ഓര്‍മയില്‍ പഴമക്കാര്‍ 

                                              ഓണപ്പൂക്കളം,ഓണസദ്യ ,ഓണപ്പുടവ എന്നൊക്കെ പ്പോലെ ഓണവുമായി ബന്ധപ്പെട്ട 
തനത് കളിയാണ് ഓലപ്പന്തുകളി അല്ലെങ്കില്‍ തലമപ്പന്തുകളി   കരിമ്പനയുടെയോ  തെങ്ങിന്റെയോ ഓല കൊണ്ടുണ്ടാക്കിയ പന്തുപയോഗിച്ചുള്ള ഒരു കളിയാണു തലപ്പന്തുകളിതലമപ്പന്തുകളി എന്ന പേരിലും അറിയപ്പെടുന്നു. ഓണക്കാലത്താണ് പൊതുവെ തലപ്പന്തുകളി നടത്തുന്നത്. വരവ് കളികളുടെയും മത്സരങ്ങളുടെയും ഒഴുക്കില്‍ തലപ്പന്തുകളി നാടുനീങ്ങിയ നിലയിലാണ് .തലപ്പന്ത് കളിക്കാനുപയോഗിക്കുന്നഓലപ്പന്ത് മെടഞ്ഞു ഉണ്ടാക്കാന്‍ പോലും ഇന്നത്തെ തലമുറയില്‍ പെട്ടവര്‍ക്ക് അറിയില്ല .കളി അറിയുന്ന മുതിര്‍ന്നവര്‍ക്ക് കളിക്കാന്‍ ഇപ്പോള്‍ വേദികളും ഇല്ലാതായി .
                                  
 പന്തുണ്ടാക്കുന്ന രീതി 

കളിക്ക് മുമ്പേ കളിക്കാര്‍ സംഘം ആയി ഇരുന്നു പന്തുണ്ടാക്കും . തെങ്ങ് ,കരിമ്പന എന്നിവയുടെ ഓലകള്‍ കത്തി കൊണ്ട് മുറിച്ചു ഒപ്പം ആക്കി പന്ത് മെടയുന്നു .ആദ്യം ചതുരക്കൊട്ടയുടെ ആകൃതിയില്‍ മെടഞ്ഞു ഉണ്ടാക്കി ഉള്ളില്‍ പച്ചിലകള്‍ കുത്തി നിറക്കുന്നു .ഇതിനു തീറ്റ എന്നാണു പറയുന്നത് .പ്രാദേശികമായി ധാരാളം വളരുന്ന കമൂനിസ്റ്റ്‌ പച്ച എന്ന ചെടിയുടെ ഇലയാണ് സാധാരണ പന്തിനു തീറ്റയായി ഇടുന്നത് . അവസാനം മുകള്‍ ഭാഗം മെടഞ്ഞു കൂട്ടും .ഇതോടെ പന്ത് തയ്യാര്‍ .ഇങ്ങിനെ കുറെ ഏറെ പന്തുകള്‍ തയ്യാറാക്കും.  കൈക്കുള്ളില്‍ ഒതുങ്ങുന്ന വലിപ്പം ആയിരിക്കും സാധാരണ പന്തുകള്‍ക്ക് .മത്സരക്കളി ആകുമ്പോള്‍ എതിരാളിയെ പറ്റിക്കാന്‍ ഇലക്കു കൂടെ കല്ലും തീറ്റയായി നിറക്കുമെത്രേ .ഈ പന്ത് അടിച്ചാല്‍ നീങ്ങില്ല എന്നതാണ് കാരണം..കളിക്കാരന്റെ കൈ വേദനിക്കുകയും ചെയ്യും .
കളിയുടെ രീതി

                       എത്ര പേര്‍ ഉണ്ടെങ്കിലും  കളിക്കാം. ഒറ്റക്കൊറ്റക്ക് കളിക്കുന്നതായതു കൊണ്ട് ആളുകളുടെ എണ്ണം പ്രശ്നമില്ല.  അത് കൊണ്ട് തന്നെ ഈ കളി നടക്കുന്ന സ്ഥലത്ത് വന്‍ ജനാവലി തന്നെ ഉണ്ടാകും .ആദ്യം ഒരാൾ കളി ആരംഭിക്കുന്നു. ഓരോ സ്ഥലങ്ങളിലും വ്യത്യസ്തമായ കളിനിയമങ്ങളാണ് നിലവിലുള്ളത്. ഒരാൾ കളിക്കുമ്പോൾ മറ്റുള്ളവർ മറുപുറത്ത് നില്ക്കും. അതിനെ 'കാക്കുക' എന്നാണ് പറയുന്നത്. ഒരു കല്ല്‌ നിലത്ത് കുത്തി നിർത്തി അതിനടുത്തു നിന്നാണ് കളിക്കുന്നത്. ഈ കല്ലിനെ "ചൊട്ട" എന്നു ചിലയിടങ്ങളിൽ പറയും. ചിലയിടങ്ങളില്‍ ഇതിനു മട്ട എന്നും പേരുണ്ട് .എറിയുന്ന പന്ത് നിലം തൊടാതിരിക്കുമ്പോൾ മറു ഭാഗക്കാർ പിടിച്ചെടുക്കുകയാണെങ്കിൽ കളിക്കാരന് കളി നഷ്ടപ്പെടും. പന്ത് നിലം കുത്തി വരുമ്പോൾ പിടിച്ചെടുത്തിട്ട് ചൊട്ടയിലെറിഞ്ഞു കൊള്ളിച്ചാലും അയാളുടെ കളി തീരും. കളിക്കാരൻ പല രീതിയിൽ പന്തെറിഞ്ഞ് ഒരു 'ചുറ്റു' പൂർത്തിയാക്കണം. ചൊട്ടക്ക് മുന്നിൽ പുറം തിരിഞ്ഞ് നിന്ന് ഇടതു കൈയ്യിൽ നിന്ന് വലതു കൈയിലേക്ക് തട്ടിക്കൊടുത്ത് വലതു കൈ കൊണ്ട് തലക്ക് മുകളിലൂടെ തലമ്മ ഒന്ന് എന്ന് പറഞ്ഞ് അടിക്കണം. ചുറ്റുഭാഗത്തും പന്ത് പിടിക്കാനിരിക്കുന്നവരുടെ കണ്ണ് വെട്ടിച്ചായിരിക്കണം അടി. പടിച്ചാൽ ഔട്ട്. പിടിച്ചില്ലെങ്കിൽ പന്ത് വീണ സ്ഥലത്തുനിന്ന് മട്ടയിലെക്കെറിയണം. മട്ടയില്‍ തട്ടിയാലും ഔട്ട്. ഇനി കൈയിൽ തട്ടുകയും പിടിക്കാനാവാതെ നിലത്തു വീഴുകയും ചെയ്താൽ മട്ടക്ക്  നേരെ നിന്ന് എറിയാം.ഔട്ടായില്ലെങ്കിൽ തലമ്മ രണ്ടും ശേഷം മൂന്ന് അടിക്കാം. പിന്നീട് താഴെ കാണൂന്ന ക്രമത്തിൽ 3 അടികൾ വീതമുള്ള ഓരോ റൗണ്ടുകളാണ്.


വിവിധ ഘട്ടങ്ങള്‍
  • തലമ
  • ഒറ്റ
  • ഇരട്ട
  • ഊര
  • നാട്ട 
  • തോടമ 
  • ഓടി 
  • അയ 
  • മുറി 
എന്നിങ്ങനെയാണ്.ചില സ്ഥലങ്ങളിൽ തലമ, ഒറ്റ, പെട്ട, പിടിച്ചാൻ, തുടേത്താളം (താളം), കാലിൻകീഴ്, ഇണ്ടാ(ട്ട)ൻ, ചക്കരക്കൈ എന്നിങ്ങനെയാണ് അറിയപ്പെടുക. 
                                     
ഇനി വേണ്ടത് 

                  ഈ തനത് കളി ഇന്ന് നാട് നീങ്ങിയ നിലയില്‍ ആണ്.ഓണവുമായി ബന്ധപ്പെട്ടതായിട്ടു കൂടി ഈ കളിയെ നിലനിര്‍ത്താന്‍ സര്‍ക്കാര്‍ മുന്‍പോട്ടു വന്നിട്ടില്ല .കേരളത്തിന്റെ സംഥാനവിനോദം ആയി ഇതിനെ അംഗീകരിച്ചു ഈ കളിയെ പുനരുജീവിപ്പിക്കേണ്ട കാലം കഴിഞ്ഞു .പ്രാദേശികമായി കളി അറിയുന്ന മുതിര്‍ന്നവരുടെ സഹായത്തോടെ കുട്ടികളുടെയും യുവജനനങ്ങളുടെയും കളി സംഘങ്ങള്‍ ഉണ്ടാക്കണം .ഇവര്‍ക്കുകളിയില്‍ പരിശീലനം നല്‍കണം. പഞ്ചായത്ത് ,ബ്ലോക്ക്‌ ,ജില്ലാ ,സംസ്ഥാന തല മത്സരനങ്ങള്‍  സംഘടിപ്പിക്കണം .കേരളോത്സവം പരിപാടിയില്‍ തലമപ്പന്തുകളി ഒരു ഇനം ആക്കണം .ഇപ്പോള്‍ കളി സജീവമായി നടക്കുന്ന ഇടനലില്‍ അതിനുള്ള പ്രോതാസാഹ നം നല്‍കണം .കളിയുടെ വീഡിയോ റെകോര്‍ഡ് ചെയ്തു സൂക്ഷിക്കണം..മുതിര്‍ന്ന കളിക്കാരെ സര്‍ക്കാര്‍ തലത്തില്‍ അംഗീകരിക്കണം .എട്ടു ജില്ലകളില്‍ എങ്കിലും ഒരേ പോലെ കളി നടക്കുന്നുണ്ടെങ്കില്‍ മാത്രമേ സ്പോര്‍ട്സ്‌ കൌന്സിലിന്റെ അംഗീകാരം ലഭിക്കുകയുളൂ .കോഴിക്കോട്‌ ജില്ലയില്‍ ഇതിനകം തലപ്പന്തുകളി ടീമുകള്‍ രൂപീകരിചിടുണ്ട് .ഇവിടെ കളിക്ക് പരിശീലനം നല്‍കുന്നു.ടൂര്‍ണമെന്റുകള്‍ സംഘടിപ്പിക്കുന്നു .ഇത് ആശാവഹമാണ് .മറ്റു ഇടങ്ങളിലെക്കും ഇത് വ്യാപിപ്പിക്കാനും ഇവര്‍ തയ്യാറാണ് . എല്ലാ ജില്ലകളിലും റെയൂകള്‍ ഉണ്ടാക്കി ഒരു സംസ്ഥാനതല ഏകോപനം ആണ് ഉദ്ദേശിക്കുന്നത് .ആവശ്യം ഉള്ള സ്ഥലങ്ങളില്‍ ഇവര്‍ തന്നെ നേരിട്ട് എത്തി കളിയില്‍ പരിശീലനം നല്‍കും . താല്പര്യം ഉള്ളവര്‍ ഇതിന്റെ സജീവ പ്രവര്‍ത്തകന്‍ ആയ സതീഷിനെ ബന്ധപ്പെടണം : ഫോണ്‍ .9656508877
ഓണക്കാഴ്ച്ചകള്‍ 




 


2013, സെപ്റ്റംബർ 19, വ്യാഴാഴ്‌ച


ചായ വേണോ ചായ 


                              മലയാളിയുടെ പ്രഭാതങ്ങള്‍ പൊട്ടിവിടര്‍ന്നിരുന്നത് പണ്ട് ചായക്കടകളിലായിരുന്നു .ആകാശ വാണി വാര്‍ത്തകളും , പത്രവായനയും ,നാട്ടു ചര്‍ച്ചകളും രാഷ്ട്രീയവും എല്ലാം കാലിച്ചായയുടെ രുചിയോടെയാണ് ആരംഭിച്ചിരുന്നത് .പഴയ കാലിളകുന്ന ബെഞ്ചും ഡസ്കും മുറിബീഡിയും ,ചായക്കോപ്പയും ,ചായസഞ്ചിയും ,സമാവര്‍ എന്ന ചായപ്പാത്രവും ഓര്‍ക്കാത്തവര്‍ ആരുണ്ട്‌ .?സമോവരിനുള്ളില്‍ ഇട്ട നാണയത്തുട്ട് വെള്ളം തിളക്കുന്നതിനോപ്പം തുള്ളിക്കളിച്ചു പാത്രത്തിന്റെ സംഗീതം തീര്ത്തിരുന്നത് ഇന്നലെ കേട്ടപോലെ .
                               സമോവര്‍ ഒരു മാജിക്‌ പാത്രം ആയാണ് ചെറുപ്പത്തില്‍ തോന്നിയിരുന്നത് .കാരണം ഇതിന്റെ മേല്മൂടി തുറന്നു കടക്കാരന്‍ വെള്ളം നിറക്കുന്നു .അതെ ഭാഗത്ത് കൂടി തന്നെ ഇന്ധനം ആയ കരിയും നിക്ഷേപിക്കുന്നു .ഇത് രണ്ടും തമ്മിലുള്ള യുക്തി ബാല്യത്തില്‍ പിടികിട്ടിയിരുന്നില്ല  .മുകളില്‍ തന്നെ ചായ പ്പൊടി നിറച്ച സഞ്ചിയും പാല്‍ ചൂടാക്കാനുള്ള പാത്രവും.മുതിര്‍ന്നവര്‍ക്കൊപ്പം കടയില്‍ പോകുമ്പോഴും ,വല്ലപ്പോഴും പൂരത്തിനോ മറ്റോ പോകുമ്പോള്‍ കിട്ടുന്ന ഇത്തിരി അധിക സ്വാതന്ത്ര്യം കടം എടുക്കുംപോളോ
ഈ അത്ഭുത പാത്രത്തെ നോക്കി നിന്നിട്ടുണ്ട് .
                                           ഓടു കൊണ്ടോ ചെമ്പു കൊണ്ടോ ഉണ്ടാക്കിയ ഈ ലോഹപ്പാത്രത്തിന്റെ ജന്മദേശം റഷ്യ ആണ് .സെല്‍ഫ്‌ ബോയിലര്‍ എന്നാണു സമാവര്‍ എന്ന റഷ്യന്‍ വാക്കിന്റെ അര്‍ഥം .റഷ്യയില്‍ ഇവ വീടുകളില്‍ ധാരാളം ആയി ഉപയോഗിക്കപ്പെട്ടിരുന്നു .ഉപയോഗിക്കുന്ന ഇന്ധനത്തിന്റെ മുഴുവന്‍ അംശവും പാഴാകാതെ ഉപയോഗിക്കാം എന്നതും,ചൂട് നഷ്ടപ്പെടുന്നില്ല ,വെള്ളം പാഴാകുന്നില്ല എന്നതൊക്കെ ഇതിന്റെ മേന്മകള്‍ ആണ്.ഒരേ സമയം ഈ പ്രയോജനങ്ങള്‍ ഉള്ളത് കൊണ്ടാകാം ചായക്കടകളില്‍ ഇവ സ്വീകാര്യം ആയത് .
                        രസികന്‍ സമോവര്‍ കഥകള്‍ നാട്ടിന്‍ പുറത്ത് ഉണ്ട് .അതിലൊന്ന് ഒരു കള്ളന്റെ കഥയാണ് .രാത്രി കക്കാന്‍ ഇറങ്ങി മൂപ്പര്‍ക്ക് ഒത്തത് ഒരു സമവര്‍ ആണ് .അത് കൊണ്ട് രാത്രി വച്ച് പിടിച്ചു .കിട്ടിയ വഴിയെ നടന്നു .പുലര്‍ച്ചെ ആയപ്പോള്‍ ഒരിടത്ത് എത്തി .ഒരു മുക്കവല, ധാരാളം പേര്‍ ഒരു കടക്കു ചുറ്റും കൂടി നില്‍ക്കുന്നു .ആള്‍ക്കൂട്ടം കണ്ട കള്ളന്‍ സമോവര്‍ അവിടെ തലയില്‍ നിന്നും ഇറക്കി,അതവിടെ വിറ്റു കാശാക്കാന്‍ വിചാരിച്ചു .പെട്ടെന്നാണ് സംഗതി പാളിയത് .ഇതാ നമ്മുടെ സമവര്‍ എന്ന് പറഞ്ഞു കടക്കാരന്‍ പുറത്തേക്ക് വന്നു. കള്ളന് സംഗതി മനസിലായി. മോഷ്ടിച്ച  ശേഷം നടന്നു നടന്നു പിന്നെയും എത്തിയിരിക്കുന്നത് പഴയ സ്ഥലത്ത് തന്നെ ആണ്. ഭൂമി ഉരുണ്ടാതാണല്ലോ .കളവു നടന്നതറിഞ്ഞു രാവിലെ കൂടിയവര്‍ക്കിടയിലേക്ക് കള്ളന്‍ തൊണ്ടി മുതലുമായി എത്തിയാല്‍ പിന്നെ എന്തുണ്ടാകുമെന്ന് പറയേണ്ടതില്ലല്ലോ .

               മറ്റോരു കഥ പൂരത്തിന് പോയ ഒരു കൂട്ടം ചെറുപ്പക്കാര്‍ ഒരു കടയില്‍ കയറിയതാണ് .ഒരാള്‍ക്ക്‌ വേണ്ടത് പൊടിച്ചായ ,വേറെ ഒരാള്‍ക്ക്‌ വെള്ളം കമ്മി, മറൊരാള്‍ക്ക് പൊടിക്കട്ടന്‍, വേറെ ഒരാള്‍ക്ക്‌ പാല്ചായ ,ഒരാള്‍ക്ക്‌ പഞ്ചാര വേണ്ട, ഒരാള്‍ക്ക്‌ കാപ്പി ,ഒരാള്‍ക്ക്‌ കടുപ്പം ,ഒരാള്‍ക്ക്‌ കടുപ്പം വേണ്ട. ആകെ കടയില്‍ ഉള്ളതോ ഒരാളും . മൂപ്പര്‍ സംഘത്തെ നോക്കി ഇങ്ങിനെ പറഞ്ഞെത്രേ ..

ദാ .. ഈ പാത്രത്തില്‍ നിന്നും സഞ്ചിയില്‍ നിന്നും ഒരു ചായ വരും അത് എല്ലാര്‍ക്കും തരും .അല്ലാതെ തരാ തരാം വേണം എന്ന് പറഞ്ഞാല്‍ ഇവിടെ നടക്കില്ല ..

ഇവിടെ ചായയേ ഇല്ല  എന്ന് പറഞ്ഞു കയര്‍ത്തു സമോവരിലെ കരി ഇട്ടു കത്തിക്കുന്ന ഭാഗത്ത് വെള്ളം ഒഴിച്ച് തീ കെടുത്തിയതായും കഥക്ക് മറു ചൊല്ല് ഉണ്ട് .
                             വേറൊരു കഥ നാടന്‍ ചായക്കടയില്‍ കയറിയ സായ്പിനെ പറ്റിയാണ് . ചായക്കോപ്പ ഉയര്‍ത്തി താഴെ ഉള്ള ഗ്ലാസിലേക്ക് പതപ്പിച്ചുഒഴിക്കുകയാണ് ചായക്കാരന്‍ .ആളുകള്‍ വാങ്ങി കുടിക്കുന്നു .പണം കൊടുക്കുന്നു .ആ ഒഴി കണ്ടു സായ്പ്  രണ്ടു മീറ്റര്‍ ചായക്ക് ഓര്‍ഡര്‍ ചെയ്തത്രേ .

          വേറൊരു കഥ ഇങ്ങിനെ .ചായക്കടക്കാരന്‍ നാട്ടിന്‍ പുറത്ത് കാരനായ ഒരാളോട് കടയിലേക്ക്  രണ്ട് നാഴി പാല്‍ കൊണ്ട് വരാന്‍ ആവശ്യപ്പെട്ടു .പാല്‍ കൊടുത്തയക്കുന്നത് ഒരു കുട്ടിയുടെ കയ്യില്‍ ആണ് .വഴിയില്‍ വച്ച് കുറച്ചു പാല്‍ കുട്ടിയുടെ കയ്യില്‍ നിന്ന് തുളുമ്പി പ്പോയി .കടയില്‍ അളവ് കുറഞ്ഞാല്‍ അച്ഛന്റെ കയ്യില്‍ നിന്നും അടി കിട്ടും എന്ന് പേടിച്ച കുട്ടി തൊട്ടടുത്തെവയലില്‍ നിന്നും കുറച്ചു വെള്ളം എടുത്തു പാത്രത്തില്‍ ഒഴിച്ച് അളവ് കൃത്യം ആക്കി .കടക്കാരന്‍ പാല്‍ എടുത്തു ഒഴിച്ചപ്പോള്‍ പാലില്‍ നിന്നും ഒരു പരല്‍ മീന്‍ പുറത്ത് ചാടി .ഇത് കണ്ട ഫലിത പ്രിയന്‍ ആയ കടക്കാരന്‍ കുട്ടിയോട് ഇങ്ങിനെ പറഞ്ഞത്രേ .
"നാളെ ഒരു നാരായം പാല്‍ തരാന്‍ അച്ഛനോട് പറയണം. എന്നാല്‍ എനിക്ക് ഉച്ചക്ക് കറിവക്കാന്‍ ഉള്ള  നാല് കണ്ണന്‍ (വരാല്‍)മീനുകളെ കിട്ടുമോ എന്ന് നോക്കാന്‍ ആണ് ."
                                       
                                          പുതിയ പാത്രങ്ങളുടെയും സ്ടൌ എന്നിവയുടെ വരവോടെ സമവര്‍ വിട വാങ്ങി. നാട്ടിന്‍ പുറങ്ങളിലെ അപൂര്‍വം ചില കടകളില്‍ മാത്രമാണ് ഇന്ന് സമവര്‍ ഉപയോഗിക്കുന്നത് .ചായക്കടകള്‍ ഒക്കെ രീതി മാറി ഫാസ്റ്റ്‌ ഫുഡ്‌ ഹബ്ബുകള്‍ ആയി,തട്ടുകടകളിലും സമാവര്‍ ഇല്ല .ഇവ നല്ല വില നല്‍കി ശേഖരിക്കുന്ന പുരാവസ്തു പ്രേമികളും ഉണ്ട് .എങ്കിലും ഇന്നും പഴമക്കാര്‍ തേടുന്നത് ആ സമാവര്‍ ചായ തന്നെ ആണ് .
സമോവര്‍ ആലേഖനം ചെയ്ത ഒരു തപാല്‍ സ്റാമ്പ് 

2013, ഓഗസ്റ്റ് 8, വ്യാഴാഴ്‌ച

കേരളീയ സംഗീത ശാഖയായ സോപാന സംഗീതത്തിലെ എക്കാലത്തെയും ആചാര്യനാണ് ഞെരളത്ത്  രാമ പൊതുവാള്‍ .കല കലക്ക് വേണ്ടിയോ കല ജീവിതത്തിനു വേണ്ടിയോ എന്ന പ്രസിദ്ധമായ ചോദ്യത്തിന്റെ ഉത്തരം ഞെരളത്തിന്റെ കാര്യത്തില്‍ വരുമ്പോള്‍ ജീവിതം കലക്ക് വേണ്ടി എന്ന് തിരുത്തേണ്ടിവരും.അത്രമാത്രം സോപാനസംഗീതത്തിനായി സമര്‍പ്പിക്കപ്പെട്ട ജന്മം ആണ് ഇദ്ദേഹത്തിന്റെത്.നിസ്വാര്‍ത്ഥമായ സംഗീത ഉപാസന. ക്ഷേത്രങ്ങളില്‍ വിവിധ പൂജാ സമയങ്ങളില്‍ ക്ഷേത്രത്തിന്റെ ശ്രീകോവിലിനു മുന്നിലെ സോപാനത്തിനു സമീപത്തു നിന്ന് ആലപിച്ചിരുന്ന സോപാനസംഗീതത്തെ ആസ്വാദകരുടെ മനസ്സിലേക്ക് ഉയര്‍ത്തിയതാണ് പൊതുവാളിന്റെ പ്രതിഭ .ഇടയ്ക്ക കൊട്ടിക്കൊണ്ട് ക്ഷേത്ര നടയില്‍ പാടുമ്പോള്‍ ഉള്ള അതെ അഭൌമമായ പശ്ചാത്തലം തനിക്ക് പാടാന്‍ കിട്ടുന്ന ഓരോ ഇടങ്ങളിലും ഒരുക്കാന്‍ കഴിയുന്നതായിരുന്നു ഇദ്ദേഹത്തിന്റെ രാഗവിസ്മയം .മനസ്സും ശരീരവും ജീവിതവും സംഗീതത്തിനായി സമര്‍പ്പിച്ച അവധൂതനായിരുന്നു ഇദ്ദേഹം .

                                           1916 ഫെബ്രുവരി 16(കൊല്ലവര്‍ഷം 1091 മകരം 27 അശ്വതി നക്ഷത്രം). പാലക്കാട് ജില്ലയില്‍ അലനല്ലൂര്‍ തിരുവിഴാംകുന്ന് ഞെരളത്തുപൊതുവാട്ടില്‍ ജാനകി പൊതുവാരസ്യാരുടെയും പാലക്കാട് ജില്ലയില്‍ കൂടല്ലൂര്‍ കുറിഞ്ഞിക്കാവില്‍ മാരാത്ത് ശങ്കുണ്ണി മാരാരുടെയും മകനായി  ജനനം. കൊല്ലീരി ലക്ഷ്മിക്കുട്ടിയമ്മയായിരുന്നു ഭാര്യ   ജാനകിക്കുട്ടി, കൃഷ്ണവിജയന്‍, ഗോപാലകൃഷ്ണന്‍, ആഞ്ജനേയന്‍, ഗായത്രി, ഹരിഗോവിന്ദന്‍, ആനന്ദശിവരാമന്‍എന്നിവര്‍ മക്കളാണ് 
                 ഭീമനാട് യു.പി സ്കൂളില്‍ 4 -ാം ക്ലാസ് വരെയാണ് ഔപചാരിക വിദ്യാഭ്യാസം  .  അമ്മജാനകി പൊതുവാരസ്യാര്‍  വലിയമ്മാവന്‍ കരുണാകരപ്പൊതുവാള്‍  .പരപ്പനാട്ട് രാമക്കുറുപ്പ്,  അരൂര്‍ മാധവന്‍ നായര്‍, ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍ എന്നിവര്‍ ക്ഷേത്ര സംഗീതത്തിലെ ഗുരുസ്ഥാനീയരാണ്
                      കേരള കലാമണ്ഡലത്തില്‍ ചൊല്ലിയാട്ടക്കളരിയില്‍ പാട്ടുകാരന്‍, കോട്ടയ്ക്കല്‍ പരമശിവവിലാസം നാടകട്രൂപ്പില്‍ സ്ത്രീ വേഷക്കാരന്‍ ,ചുനങ്ങാട് സദനം, തൃശൂര്‍ സ്കൂള്‍ ഓഫ് ഡ്രാമ എന്നിവിടങ്ങളില്‍ സംഗീതാധ്യാപകന്‍ എന്നിങ്ങനെ പല പ്രവൃത്തികള്‍ അസ്ഥിരമായി ചെയ്തു. 
   സാധാരണ ഒരു പൊതുവാളെപ്പോലെ ഏതെങ്കിലും ഒരു ക്ഷേത്രത്തില്‍ നിത്യ അടിയന്തിരക്കാരന്‍(ക്ഷേത്രത്തിലെ പൂജാസമയത്ത് ഇടയ്ക്ക കൊട്ടിപ്പാടുക,ചെണ്ടകൊട്ടുക എന്നീ പ്രവൃത്തികള്‍ ചെയ്യുന്ന ആള്‍) ആയി രാമപ്പൊതുവാള്‍ എവിടേയും നിന്നിട്ടില്ല. സ്ഥിരമായി എവിടേയും നില്‍ക്കു പ്രകൃതക്കാരന്‍ ആയിരുന്നില്ല. തന്ത്രിമാര്‍ക്കൊപ്പം കൊട്ടിപ്പാടിസ്സേവക്കാരനായും കുറെ അലഞ്ഞു.
               കാവാലം നാരായണപ്പണിക്കരുടെ നാടക സംഘം, ജി.അരവിന്ദന്റെ ‘തമ്പ്” എന്നിവയിലൂടെ മലയാള നാടകത്തിലും സിനിമയിലും ആദ്യമായി സോപാനസംഗീതത്തിന്റെ സാന്നിധ്യം അറിയിച്ചത് ഞെരളത്തു രാമപ്പൊതുവാള്‍ ആണ്. ജോ അബ്രഹാമിന്റെ ‘അമ്മ അറിയാന്‍’, പി. ഭാസ്കരന്റെ ‘ഗുരുവായൂര്‍ മാഹാത്മ്യം’ എന്നിവയിലും രാമപ്പൊതുവാള്‍ ഉണ്ട്. ‘ദേവാസുരം’ എന്ന സിനിമയിലെ പെരിങ്ങോടന്‍ എന്ന കഥാപാത്രം ഞെരളത്തു രാമപ്പൊതുവാളെയും,’രാവണപ്രഭു’ എന്ന സിനിമയിലെ ഹരികൃഷ്ണന്‍ എന്ന കഥാപാത്രം ഞെരളത്തിന്റെ മകന്‍ ഹരിഗോവിന്ദനെയും അനുകരിച്ച് രഞ്ജിത് എന്ന സംവിധായകന്‍ ഉണ്ടാക്കിയതാണ്.
       80 വയസ്സുതികഞ്ഞ ഞെരളത്ത്, 1996 ആഗസ്റ്റ് 13ന് 4 മണിയോടെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ഹൃദയാഘാതത്തോടെയാണ് മരണം:  1996 ആഗസ്റ്റ് 14 ന് 5മണിയോടെ ആ ഭൗതിക ശരീരം, മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറത്ത് വലമ്പൂര്‍ വില്ലേജില്‍ പാലക്കോട് ഗ്രാമത്തിലുള്ള ലക്ഷ്മീനിലയം എന്ന സ്വന്തം വീട്ടുമുറ്റത്തു സംസ്കരിച്ചു. 


1981/കേരള സംഗീത നാടക അക്കാദമി അവാര്‍ഡ്,1985/കേന്ദ്ര സംഗീത നാടക അക്കാദമി അവാര്‍ഡ്,1985/മഹാരാഷ്ട്രാ സര്‍ക്കാര്‍ സാംസ്കാരിക വകുപ്പ് അവാര്‍ഡ്,1985കലാമണ്ഡലം കീര്‍ത്തി ശംഖ്1990/കലാമണ്ഡലം ഫെലോഷിപ്പ്,1990മാരാര്‍ ക്ഷേമസഭ കലാചാര്യ പുരസ്കാരം,1994/ഗുരുവായൂരപ്പന്‍ സമ്മാനം,1996/തൃത്താല കേശവപ്പൊതുവാള്‍ സ്മാരക പുരസ്കാരം,
1996/പ്രവാസി ബഷീര്‍ പുരസ്കാരം, എന്നീ പുരസ്കാരങ്ങള്‍ രാമപ്പൊതുവാളിനെ തേടിയെത്തി 

തവ വിരഹേ വനമാലീ…./സേതു / ദൂരദര്‍ശന്‍
steps to devinity/മങ്കട രവിവര്‍മ / ഫിലിംസ് ഡിവിഷന്‍
സോപാനഗായകന്‍ / സതീഷ് വെങ്ങാനൂര്‍ / സി ഡിറ്റ്. എന്നിവ പോതുവാളിനെ സംബന്ധിച്ച  വീഡിയോ ഡോക്യുമെന്ററികള്‍ ആണ് 

 സോപാനം (ആത്മകഥ) ഒന്നാം പതിപ്പ്/മനനം പബ്ലിക്കേഷന്‍സ്/1996
 സോപാനം (ആത്മകഥ) രണ്ടാം പതിപ്പ്/ലിപി പബ്ലിക്കേഷന്‍സ്/1998
സോപാനം(ആത്മകഥ) മൂന്നാം പതിപ്പ്/എന്‍.ബി.എസ്/2001
സോപാനം (ആത്മകഥ) നാലാം പതിപ്പ്/ കേരള സാഹിത്യ അക്കാദമി/2007 എന്നിങ്ങനെ ആത്മകഥ പ്രസിദ്ധീകരിച്ചിട്ടുണ്ട് 
.ഞെരളത്തുരാമപ്പൊതുവാള്‍ (ജീവചരിത്രം) കേരളസംഗീതനാടകഅക്കാദമി/2004
www.sopanasangeetham.com / www.keralamusic.wetpaint.com
 സമ്പൂര്‍ണ ആലാപനം ഓഡിയോ സീ.ഡി./എം.സി.ഓഡിയോസ്
തെരഞ്ഞെടുത്ത പാട്ടുകള്‍/കേരള സംഗീത നാടക അക്കാദമി എന്നിവയും  പോതുവാളിനെ അധികരിച്ച പ്രസിദ്ധീകരണങ്ങളാണ്
                        മലയാളിയുടെ ‘ദേശി’ സംഗീതധാരയില്‍ ഏറ്റവുമധികം പ്രകീര്‍ത്തിക്കപ്പെടുന്ന ന്ന പ്രസ്ഥാനമാണ് സോപാനസംഗീതം. ‘മാര്‍ഗി’ പാരമ്പര്യമുള്ള ഹിന്ദുസ്ഥാനി-കര്‍ണാടക സംഗീത പദ്ധതികളുടെ ബലിഷ്ടമായ മുന്നേറ്റം മൂലം നാനാരൂപത്തില്‍ പുലര്‍ന്ന് പോന്ന ‘ദേശി’ സംഗീതത്തിന് കേരളത്തില്‍തന്നെയല്ല ഇന്ത്യയിലെ ഇതരദേശങ്ങളിലും വല്ലാത്ത ക്ഷീണം തട്ടിയിട്ടുണ്ടു. ജയദേവരുടെ ഗീതഗോവിന്ദം ചരിത്രത്തിന്റെ ഏതോ സന്ധിയില്‍ സോപാനപ്പാട്ടിന്റെ ഭാഗമായി തീര്‍ന്നു. കൈരളീഭക്തരായ സംഗീതസൈദ്ധാന്തികര്‍ ഇതിന്റെ പ്രകൃതം ഇങ്ങനെ സംക്ഷേപിക്കുന്നു. ‘അ’ കാരത്തില്‍ ഉള്ള രാഗാലാപനം,ജീവസ്വരങ്ങളില്‍ ഒതുങ്ങുന്ന വ്യവഹാരം,സാഹിത്യ സ്ഫുടത,ഉടനീളം ഭക്തിഭാവം,അകന്നകന്ന് വരുന്ന ഗമകം,‘ഭൃഗ’കളുടെ അഭാവം,പരിചിത രാഗ
ഞെരളത്ത് ഹരിഗോവിന്ദന്‍ 
ങ്ങളില്‍ മാത്രം പെരുമാറ്റം-ഇത്രയുമായാല്‍ സോപാന സംഗീതമായി.സോപാന സംഗീതത്തെ വിശ്വാസത്തിന്റെ മതില്‍ക്കെട്ടിനു പുറത്ത് ജനകീയമാക്കിയതില്‍ പ്രധാനിയാണ് രാമപ്പൊതുവാള്‍.ഈ ജനകീയതയാണ് ഇന്നും ഈ തനത് കേരളീയ സംഗീത ശാഖയെ നിലനിര്‍ത്തുന്നതും ലോക ശ്രദ്ധയില്‍ എത്തിച്ചതും .രാമപ്പൊതുവാളിന്റെ സ്മരണ നിലനിര്‍ത്താനും സോപാന സംഗീതത്തെ സംരക്ഷിക്കാനുമായി മകന്‍ ഹരിഗോവിന്ദന്റെ ശ്രമഫലമായി അങ്ങാടിപ്പുറത്ത്‌ ഞെരളത്ത് കലാശ്രമം എന്ന കലാ കേന്ദ്രം ആരംഭിച്ചിട്ടുണ്ട് .ലോകത്ത് തന്നെ ആദ്യായി ഒരു സംഗീത ഉപകരണം പ്രതിഷ്ടയായുള്ള ക്ഷേത്രം കലാശ്രമത്തില്‍ ആണ് .ഞെരളത്തിന്റെ ഇടയ്ക്ക ആണ് ഇവിടെ പ്രതിഷ്ഠ .
ഞെരളത്ത് രാമ പൊതുവാളിന്റെ ഇടയ്ക്ക പ്രതിഷ്ടിക്കപ്പെട്ട ക്ഷേത്രം 


ഞെരളത്ത് കലാശ്രമത്തിലെ ഇടയ്ക്ക കളരി 

2013, ജൂലൈ 26, വെള്ളിയാഴ്‌ച



          കാര്‍ഗില്‍ സ്മരണയില്‍ ബസ്‌ സ്റ്റോപ്പ്‌ 


ഇന്ന് കാര്‍ഗില്‍ വിജയ് ദിവസ്. സിയാച്ചിന്‍ മലനിരകളില്‍ പാക് സേനയെ തുരത്തി വിജയക്കൊടി നാട്ടിയിട്ട് ഇന്ന് 14 വര്‍ഷം തികയുന്നു. കോഴിക്കോട്‌ പാലക്കാട്‌ ദേശീയ പാതയിലെ താഴെക്കോട് കാപ്പുമുഖത്ത് കാര്‍ഗില്‍ സ്മരണയില്‍ നാട്ടുകാര്‍ സ്ഥാപിച്ച ബസ്‌ കാത്തിരിപ്പ് സ്ഥലമാണ് ധീര രക്തസാക്ഷികളുടെ ഓര്‍മകള്‍ കൊണ്ട് നാട്ടുകാര്‍ക്ക് തണലാകുന്നത് .വര്ഷാ വര്‍ഷങ്ങളില്‍ അറ്റകുറ്റപ്പണികളും യുവാക്കള്‍ ചെയ്തു വരുന്നു .വീണ്ടും ഒരു കാര്‍ഗില്‍ വിജയ്‌ ദിവസ് കടന്നു പോകുമ്പോള്‍ രക്ത സാക്ഷികള്‍ക്ക്‌ ഓര്‍മപ്പൂക്കള്‍ അര്‍പ്പിക്കുകയാണ് നാട്ടുകാര്‍ .കാര്‍ഗിലിലെ രണ്ടര മാസത്തെ പോരാട്ടത്തില്‍ വീരമൃത്യു വറിച്ച മലയാളിയായ ക്യാപ്ടന്‍ വിക്ര ,ലീഡര്‍ അഹൂജ ക്യാപ്ടന്‍ 

 കാര്‍ഗില്‍ യുദ്ധം 

60 ദിവസം നീണ്ട യുദ്ധത്തില്‍ 527 ഇന്ത്യന്‍ ജവാന്‍‌മാര്‍ ജീവന്‍ ബലിയര്‍പ്പിച്ച് നേടിയ വിജയമായിരുന്നു ഓപ്പറേഷന്‍ വിജയ് എന്ന് പേരിട്ട് വിളിച്ച കാര്‍ഗില്‍ യുദ്ധം.
തീവ്രവാദികളുടെ വേഷത്തില്‍ പാകിസ്ഥാന്‍ സൈനികര്‍ ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് നുഴഞ്ഞ് കയറിയതോടെയാണ് കാര്‍ഗില്‍ യുദ്ധത്തിന് തുടക്കമായത്. തദ്ദേശീയരായ ആട്ടിടയരാണ് നുഴഞ്ഞ് കയറ്റം ആദ്യം സൈന്യത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്.

തുടക്കത്തില്‍ പാകിസ്ഥാന്‍ സൈനികര്‍ നുഴഞ്ഞ് കയറിയില്ല എന്ന് അധികൃതര്‍ അവകാശപ്പെട്ടെങ്കിലും പാകിസ്ഥാന്റെ സൈനിക മേധാവിയായിരുന്ന മുഷറഫിന്റെ കുതന്ത്രത്തില്‍ മെനഞ്ഞ നുഴഞ്ഞുകയറ്റമായിരുന്നുവെന്ന് ഇന്ത്യന്‍ സൈന്യം മനസിലാക്കുകയായിരുന്നു. ഇന്ത്യക്കെതിരെ ശക്തമായ ആക്രമണം നടത്താനായിരുന്നു മുഷറഫിന്റെ ഉള്ളിലിരിപ്പ്.കാര്‍ഗിലിലെ ഉയര്‍ന്ന പ്രദേശങ്ങലളില്‍ അതിക്രമിച്ച് കയറിയ പാകിസ്ഥാന്‍ സൈന്യം ഇന്ത്യന്‍ ബങ്കറുകള്‍ തകര്‍ക്കുകയും ഇന്ത്യന്‍ സൈന്യത്തെ കൂട്ടക്കൊല ചെയ്യുകയും ചെയ്തു. യുദ്ധത്തിന്റെ ആദ്യ നാളുകളില്‍ ഇന്ത്യന്‍ സൈന്യത്തിന് കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്.

യുദ്ധത്തിന്റെ തുടക്കത്തില്‍ ഇന്ത്യന്‍ സൈനികരെ പിടിച്ച് കൊണ്ടു പോകുകയും ക്രൂരമായ പീഡനങ്ങള്‍ ഏല്‍പ്പിക്കുകയും ചെയ്തു. ഇന്ത്യന്‍ സൈനികരുടെ കണ്ണ് ചൂഴ്ന്ന് എടുക്കുകയും സിഗരറ്റ് തുടങ്ങിയവ കൊണ്ട് ശരീരമസകലം പൊള്ളിക്കുകയും ജനനേന്ദ്രിയങ്ങളില്‍ മറ്റും മുറിച്ച് മാറ്റുകയും ചെയ്തു. ക്രൂരമായ കൊടിയ പീഡനങ്ങള്‍ക്ക് ശേഷം ജവാന്മാരെ വെടിവെച്ച് കൊല്ലുകയുമാണ് ചെയ്തത്.

പാകിസ്ഥാന്‍ സൈന്യത്തിന്റെ ഈ നീക്കത്തില്‍ രോഷാകുലരായ ഇന്ത്യന്‍ സൈന്യം ജൂണ്‍ ഒന്‍പതോടെ യുദ്ധം ശക്തമാക്കുകയായിരുന്നു. ഇതിനിടയില്‍ ദിനം പ്രതി ഇന്ത്യന്‍ ജവാന്‍‌മാര്‍ ജീവന്‍ ബലിയര്‍പ്പിച്ചുകൊണ്ടിരുന്നു. ആദ്യം ഇന്ത്യന്‍ സൈനന്യം ബറ്റാലിക് മേഖലയിലെ രണ്ട് നിര്‍ണ്ണായക പോസ്റ്റുകള്‍ തിരിച്ച് പിടിക്കുകയാണ് ചെയ്തത്. ഇതിനിടെ ആക്രമണത്തിലുള്ള പങ്ക് വ്യക്തമാക്കുന്ന പാകിസ്ഥാന്റെ സൈനിക മേധാവി മുഷറഫിന്റെ ശബ്ദലേഖനം ഇന്ത്യ പുറത്ത് വിടുകയും ചെയ്തു.
പാകിസ്ഥാന്റെ കാപട്യങ്ങളെല്ലാം പുറത്തായതിനെ തുടര്‍ന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ ഇന്ത്യ ഔദ്യോഗികമായി പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനോട് ആവശ്യപ്പെടുകയായിരുന്നു. ഇതിനിടയില്‍ ഇന്ത്യന്‍ സൈന്യം ജൂലൈ ഏഴിന് ടൈഗര്‍ ഹില്ലും ജൂബാര്‍ മേഖലയും ഉള്‍പ്പെടെയുള്ള നിര്‍ണ്ണായക കേന്ദ്രങ്ങളും തിരിച്ച് പിടിക്കുകയും ചെയ്തു

തീര്‍ത്തും ദുര്‍ബലമായതോടെ പാകിസ്ഥാന്‍ സൈന്യം യുദ്ധത്തില്‍ നിന്നും പിന്‍മാറുകയായിരുന്നു. അമേരിക്ക ഉള്‍പ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങളുടെ സമ്മര്‍ദ്ദവും പാകിസ്ഥാന് മേല്‍ ശക്തമാകുകയായിരുന്നു. യുദ്ധത്തിന്റെ അവസാനം ജൂലൈ 14 ന് ബറ്റാലിക് മേഖല കൂടി ഇന്ത്യന്‍ സൈന്യ പിടിച്ചെടുത്തതോടെ ഓപ്പറേഷന്‍ വിജയ് വിജയിച്ചതായി പ്രധാനമന്ത്രി അടല്‍ ബിഹാരി ബാജ്‌പോയി പ്രഖ്യാപിക്കുകയായിരുന്നു.

യുദ്ധത്തില്‍ ഇന്ത്യക്ക് ജീവന്‍ ബലി നല്‍കേണ്ടിവന്നത് 527 ജവാന്‍‌മാരെയായിരുന്നു, കൂടാതെ ആയിരക്കണക്കിന് പരുക്കേറ്റവരെയും. ഇവരുടെ ഓര്‍മകള്‍ക്കായി കാര്‍ഗില്‍ വിജയ് ദിവസം ഡല്‍ഹി ഇന്ത്യാ ഗേറ്റിലും കാശ്മീരിലെ കാര്‍ഗില്‍ സെക്ടറിലും യുദ്ധത്തില്‍ കൊല്ലപ്പെട്ട ജവാന്മാരെ അനുസ്മരിക്കുന്ന ചടങ്ങുകള്‍ നടക്കും.

കാര്‍ഗില്‍

കാര്‍ഗില്‍ പട്ടണം -ഒരു വിഹഗ വീക്ഷണം. ഇത് എല്‍.ഓ.സി. യിലാണ്‌ സ്ഥിതിചെയ്യുന്നത്.
1947-ലെ ഇന്ത്യാവിഭജനത്തിനു മുമ്പ് കാര്‍ഗില്‍, ഗില്‍ജിത്-ബാലിസ്താന്റെ ഭാഗമായിരുന്നു; വിവിധ ഭാഷാ, വര്‍ണ്ണ, മത വിഭാഗങ്ങളായിരുന്നു ഇവിടെയുണ്ടായിരുന്നത്. ലോകത്തിലെ ഉയര്‍ന്ന മലനിരകളാല്‍ ചുറ്റപ്പെട്ട ഈ പ്രദേശത്ത് ഒറ്റപ്പെട്ട താഴവരകളാണ്‌ ഉള്ളത്. 1947-ലെ ഒന്നാം കശ്മീര്‍ യുദ്ധത്തിന്റെഫലമായി കാര്‍ഗിലിന്റെ ഭൂരിഭാഗവും ഇന്ത്യയുടെ പക്ഷത്തായി, 1971-ലെ ഇന്ത്യാ പാകിസ്താന്‍ യുദ്ധംഅവശേഷിക്കുന്ന ഭാഗങ്ങള്‍ തന്ത്രപ്രധാനമായ പട്ടാളകേന്ദ്രങ്ങള്‍ അടക്കം ഇന്ത്യയുടെ കൈയിലാക്കി.ലഡാക്കില്‍ മുസ്ലീം ഭൂരിപക്ഷമുള്ള ഏകപ്രദേശവും കാര്‍ഗിലാണ്. കാര്‍ഗില്‍ പട്ടണവും ജില്ലയും ഇന്ന് ജമ്മു-കാശ്മീര്‍ സംസ്ഥാനത്തിന്റെ ഭാഗമാണ്. കാര്‍ഗില്‍ പട്ടണം നിയന്ത്രണരേഖയില്‍ സ്ഥിതി ചെയ്യുന്നു.ശ്രീനഗറില്‍ നിന്ന് 120 കി.മീ അകലെയുള്ള കാര്‍ഗില്‍ പാകിസ്താന്റെ വടക്കന്‍ പ്രദേശത്തിനഭിമുഖമായാണ് നിലകൊള്ളുന്നത്. ഹിമാലയത്തിലെ മറ്റു പ്രദേശങ്ങളെ പോലെ തന്നെ, കാഠിന്യമേറിയ കാലാവസ്ഥയാണ് കാര്‍ഗിലിലേതും. വേനല്‍ക്കാലത്തു പോലും തണുപ്പുള്ള ഈ പ്രദേശത്തെ നീണ്ട തണുപ്പുകാലത്ത് അന്തരീക്ഷോഷ്മാവ് -50°C വരെ താഴാറുണ്ട്[16][17]. ശ്രീനഗറില്‍ നിന്ന്ലേയിലേക്കുള്ള ദേശീയപാത കാര്‍ഗില്‍ വഴി കടന്നു പോകുന്നു.
നിയന്ത്രണരേഖക്ക് സമാന്തരമായി 160 കി.മീ. നീളത്തിലുള്ള ഇന്ത്യന്‍ ഭാഗത്തുള്ള പ്രദേശമാണ് നുഴഞ്ഞുകയറ്റത്തിനും പോരാട്ടത്തിനും വേദിയായത് . കാര്‍ഗില്‍ ജില്ലാ ആസ്ഥാനത്തുനിന്നും അകലെയായി യുദ്ധമുന്നണി ദ്രാസ്, ബതാലിക് സെക്റ്റര്‍, മുഷ്കോ താഴ്‌വര തുടങ്ങിയ നിയന്ത്രണരേഖാ പ്രദേശത്താണുണ്ടായിരുന്നത്. പ്രദേശത്തെ പട്ടാള കാവല്‍തുറകള്‍ (ചെക്ക് പോസ്റ്റ്) പൊതുവേ 5000 മീറ്റര്‍ (16,000 അടി) ഉയരത്തിലാണുള്ളത്, ചിലതാകട്ടെ 5600 മീറ്റര്‍ (18,000 അടി) വരെ ഉയരത്തിലും. ഉയരം മൂലം നിര്‍ണ്ണായക സമയങ്ങളില്‍ അവിചാരിതങ്ങളായ ആക്രമണങ്ങള്‍ നടത്താന്‍ അനുയോജ്യമായ സ്ഥലമാണ് കാര്‍ഗില്‍. നുഴഞ്ഞുകയറ്റത്തിന് കാര്‍ഗില്‍ തിരഞ്ഞെടുക്കാന്‍ പ്രധാനകാരണമിതായിരുന്നു [18]. ഉയരത്തില്‍ ഇരിക്കുന്ന ശത്രുവിനെ താഴെ നിന്ന് ആക്രമിക്കുക എളുപ്പമല്ല. കൂടാതെ പാകിസ്താനി പട്ടണമായ സ്കര്‍ദുവില്‍ നിന്നും 173 കി.മീ. മാത്രമാണ് കാര്‍ഗിലിലേക്കുള്ള ദൂരം, ഇത് പോരാളികള്‍ക്ക് ആവശ്യമായ സഹായങ്ങളും, വെടിക്കോപ്പുകളും നല്‍കാന്‍ സഹായിക്കുമായിരുന്നു. ഇത്തരം സുപ്രധാന കാര്യങ്ങളും കാര്‍ഗിലിലെ മുസ്ലീം ഭൂരിപക്ഷവുമാണ് കാര്‍ഗിലിനെ യുദ്ധമുന്നണിയായി തിരഞ്ഞെടുക്കാന്‍ കാരണമായത് എന്നാണ് പൊതുവേ കരുതുന്നത്.
                   മധുരം പകരാന്‍ അഞ്ചുതരം ഹല്‍വകള്‍

                വീട്ടില്‍ അതിഥികള്‍ എത്തുമ്പോഴും ആഘോഷ വേളകളിലും എന്തെങ്കിലും വിശേഷമായി ഒരുക്കാന്‍ താല്പര്യം എല്ലാവര്ക്കും ഉണ്ടല്ലോ .എന്നാല്‍ പലര്‍ക്കും പലതും ഉണ്ടാക്കെണ്ടതിന്റെ ചേരുവകളോ നിര്‍മാണ രീതിയോ അറിവുവുണ്ടാകില്ല  .അത് കാരണം മിക്കവാറും ബേക്കറികളെ ആശ്രയിക്കുകയാണ് പതിവ് . പരാജയ ഭീതി കാരണം പലരും പരീക്ഷണങ്ങള്‍ക്ക് മുതിരാറും ഇല്ല .എന്നാല്‍ പല വിഭവങ്ങളും എളുപ്പത്തില്‍ ഉണ്ടാക്കി എടുക്കാന്‍ കഴിയും എന്നതാണ് വാസ്തവം . ഭക്ഷണം ഒരുക്കുമ്പോള്‍ തിരക്കേറിയ അടുക്കളയില്‍ മറ്റു വിഭവങ്ങള്‍ക്കൊപ്പം മധുര വിഭവം കൂടി പെട്ടന്ന് തയാറാക്കിയെടുക്കാന്‍ ബുദ്ധിമുട്ടാണ്. എന്നാല്‍ പാര്‍ട്ടിക്ക് മുമ്പ് ഒഴിവുള്ള ദിവസങ്ങളില്‍ കുറഞ്ഞ ചേരുവകള്‍ ചേര്‍ത്ത് തയാറാക്കിവെക്കാവുന്ന രുചിയേറും വിഭവങ്ങള്‍ ഉണ്ടാക്കാവുന്നതാണ് . ഇങ്ങിനെ അതിഥികള്‍ക്ക് മധുരം പകരാന്‍ അഞ്ചുതരം ഹല്‍വകള്‍ ഉണ്ടാക്കി എടുക്കാവുന്നതിന്റെ വിശദമായ ഒരു കുറിപ്പ് വായിക്കു .
ദൂധി എല്‍വ (ചുരക്ക ഹല്‍വ)
ചേരുവകള്‍:
ചുരയ്ക്ക -അരകിലോ
അണ്ടിപ്പരിപ്പ് -10
പിസ്ത -10
പാല്‍ -മൂന്ന് കപ്പ്
നെയ്യ് -മൂന്ന് -നാല് ടേബിള്‍ സ്പൂണ്‍
പഞ്ചസാര -കാല്‍ കപ്പ്
ഏലയ്ക്കാപ്പൊടി -അര ചെറിയ സ്പൂണ്‍
ഉണക്ക മുന്തിരി -10
തയാറാക്കുന്ന വിധം:
ചുരയ്ക്ക കഴുകി തൊലി കളയുക, കുരു കളഞ്ഞു പൊടിയായി ഗ്രേറ്റ് ചെയ്യക. അണ്ടിപ്പരിപ്പും പിസ്തയും കഷ്ണങ്ങളാക്കുക. പാല്‍ അടുപ്പത്ത് വച്ച് ചൂടാക്കി രണ്ട് കപ്പ് ആയി വറ്റിക്കുക. നെയ്യ് ഒരു പാത്രത്തില്‍ ചൂടാക്കി ചുരയ്ക്ക ഗ്രേറ്റ് ചെയ്തതിട്ട് നന്നായി വളറ്റുക. അതിലേക്ക് പാല്‍ വറ്റിച്ചത് ചേര്‍ത്തു വേവിക്കുക. പാല്‍ മുഴുവന്‍ വറ്റുന്നതു വരെ പാത്രത്തിനടിയില്‍ പിടിക്കാതെ ഇളക്കികൊടുക്കണം. അതിലേക്ക് പഞ്ചസാരയും ഏലയ്ക്കാപ്പൊടിയും ചേര്‍ത്തു നല്ല പോലെ ഇളക്കുക. പഞ്ചാസാര നന്നായി അലിഞ്ഞു ചേര്‍ന്നാല്‍ അണ്ടിപ്പരിപ്പ്, ഉണക്ക മുന്തിരി, പിസ്ത എന്നിവ ചേര്‍ത്തിറക്കുക. തണുത്താല്‍ കഷ്ണമാക്കി കഴിക്കാം. ഐസ്ക്രീമിനോടൊപ്പവും ദൂധി ഹല്‍വ വിളമ്പാവുന്നതാണ്.

2. ഏത്തപ്പഴം ഹല്‍വ
ചേരുവകള്‍:
ഏത്തപ്പഴം -രണ്ടു കിലോ
പഞ്ചസാര -ഒരു കിലോ
നെയ്യ് -അര കപ്പ്
ചെറുനാരങ്ങാനീര് -അര കപ്പ്
അണ്ടി പരിപ്പ് -ഒരു കപ്പ്
ഏലക്കായ് - 10 എണ്ണം
മൈദ - 4 സപൂണ്‍
തയാറാക്കുന്ന വിധം:
നന്നായി പഴുത്ത ഏത്തപ്പഴം പുഴുങ്ങിയ ശേഷം ഉള്ളിലെ നാരുകളഞ്ഞ് അരച്ചെടുക്കുക. പഞ്ചസാര കട്ടിയുള്ള പാത്രത്തില്‍ വെച്ച് വെള്ളം ചേര്‍ത്ത് ഉരുക്കി അരിച്ചെടുക്കുക. അതില്‍ ചെറുനാരങ്ങാനീരു ചേര്‍ത്ത് കുറുക്കി പാവ് (നൂല്‍ പരുവം) പരുവം വരുമ്പോള്‍ ഏത്തപ്പഴം പുഴുങ്ങി അരച്ചടെുത്തത് ചേര്‍ത്തു യോജിപ്പിക്കുക. നാലു വലിയ സ്പൂണ്‍ മൈദ ഒരു കപ്പ് വെള്ളത്തില്‍ കലക്കി അരിച്ച് തിളക്കുന്ന ഏത്തപ്പഴ ചേരുവയില്‍ ചേര്‍ക്കുക. നെയ് കുറേശ്ശേ ചേര്‍ത്ത് അടിയില്‍ പിടിക്കാതെ ഇളക്കിക്കൊടുക്കുക. ചേരുവ മുറുകി വരുമ്പോള്‍ ഏലക്കാ പൊടിച്ചത് വിതറി ചേര്‍ക്കുക. നന്നായി മുറുകുമ്പോള്‍ നെയ്യ് പുരട്ടിയ പാത്രത്തില്‍ പകര്‍ന്ന് അണ്ടിപരിപ്പും ചേര്‍ത്ത് അലങ്കരിക്കുക. തണുക്കുമ്പോള്‍ കമിഴ്ത്തി പുറത്തെടുക്കുക.
3. കാരറ്റ് ഹല്‍വ
ചേരുവകള്‍:
ക്യാരറ്റ് -4
പാല്‍ -1 1/2 കപ്പ്
പഞ്ചസാര -1 കപ്പ്
നെയ്യ് -3 ടേബിള്‍ സ്പൂണ്‍
ഏലയ്ക്കപൊടി- 1 ടീ സ്പൂണ്‍
അണ്ടിപരിപ്പ് - 10 (ചെറുതായി അരിഞ്ഞത്)
തയാറാക്കുന്ന വിധം:
ക്യാരറ്റ് ചെറുതായി ഗ്രേറ്റ് ചെയ്യുക. അടികട്ടിയുള്ള പാത്രം ചൂടാക്കി അതിലേക്ക് നെയ്യൊഴിക്കുക. അണ്ടിപ്പരിപ്പ് നെയ്യില്‍ ഇളം ബ്രൗണ്‍ നിറമാകുന്നതുവരെ വറുത്ത് കോരിമാറ്റുക. അണ്ടിപരിപ്പ് വറുക്കാന്‍ ഉപയോഗിച്ച നെയ്യിലേക്ക് ഗ്രേറ്റ് ചെയ്തു വെച്ചിരിക്കുന്ന ക്യാരറ്റ് ചേര്‍ത്തിളക്കുക. കാരറ്റ് നന്നായി വാടുമ്പോള്‍ അതിലേക്ക് പാല്‍ചേര്‍ത്ത് ചെറിയ തീയില്‍ വേവിക്കുക.
അടിയില്‍ പറ്റാതിരിക്കാന്‍ ഇടയ്ക്ക് ഇളക്കി കൊണ്ടിരിക്കണം. പാല്‍ നന്നായി വറ്റിതുടങ്ങുമ്പോള്‍ ഇതിലേക്ക് പഞ്ചസാരയും ഏലയ്ക്കപൊടിയും ചേര്‍ത്തിളക്കുക. പഞ്ചസാര നന്നായി അലിയുന്നതു വരെ ഇളക്കി കൊണ്ടിരിക്കുക. പഞ്ചസാര നന്നായി യോജിച്ചു കഴിഞ്ഞാല്‍ തീകെടുത്തി നെയ്യില്‍ വറുത്തെടുത്ത അണ്ടിപരിപ്പും ചേര്‍ത്ത് നന്നായി ഇളക്കി വാങ്ങാം. വിളമ്പാന്‍ ആവശ്യമുള്ള പാത്രത്തിലേക്ക് മാറ്റുക. അണ്ടിപരിപ്പ് ചെറുതായി അരിഞ്ഞത് ഉപയോഗിച്ച് അലങ്കരിക്കാം.
4. ബദാം ഹല്‍വ
ചേരുവകള്‍:
ബദാം-2 കപ്പ്
പഞ്ചസാര-2 കപ്പ്
പാല്‍-1 കപ്പ്
നെയ്യ്-1 കപ്പ്
ഏലയ്ക്ക പൊടിച്ചത്-2 സ്പൂണ്‍
അണ്ടിപരിപ്പ് -10 എണ്ണം
തയാറാക്കുന്ന വിധം:
ബദാം ഒരു മണിക്കൂര്‍ നേരം ചൂടുവെള്ളത്തിലിട്ടു വയ്ക്കുക. തൊലി കളയാനാണിത്. തൊലി നീക്കം ചെയ്ത ബദാമിലെ ഈര്‍പ്പം മുഴുവനായി തുടച്ചു കളയുക. ഈര്‍പ്പം കളഞ്ഞ ബദാം പാല്‍ ചേര്‍ത്ത് മിക്സിയിലിട്ട് നല്ലപോലെ അരച്ചെടുക്കുക. പഞ്ചസാര അടികട്ടിയുള്ള പാത്രത്തിലിട്ട് പാകത്തിന് വെള്ളമൊഴിച്ച് തിളപ്പിക്കുക. ഇത് പാനി പരുവമാകുമ്പോള്‍ ഏലയ്ക്കാപ്പൊടിയും അരച്ചു വച്ചിരിക്കുന്ന ബദാം പേസ്റ്റും ചേര്‍ക്കുക. ഇത് പാത്രത്തിനടിയില്‍ പിടിക്കാതെ കുറേശ്ശേ നെയ്യും ചേര്‍ത്ത് നന്നായി ഇളക്കിക്കോണ്ടിരിക്കണം. ഹല്‍വയുടെ പാകത്തില്‍ കട്ടിയാകുമ്പോള്‍ അടുപ്പില്‍ നിന്ന് വാങ്ങി വയ്ക്കാം. നെയ്യ് പുരട്ടിയ പാത്രത്തിലേക്ക് ചൂടോടെ ഒഴിച്ച് അണ്ടിപ്പ് ചെറുതായി അരിഞ്ഞതിട്ട് അലങ്കരിക്കാം. തണുക്കുമ്പോള്‍ ഇഷ്ടമുള്ള രൂപത്തില്‍ മുറിച്ചെടുക്കാം.
5.ചെറുപയര്‍ പരിപ്പ് ഹല്‍വ
ചേരുവകള്‍:
ചെറുപയര്‍ പരിപ്പ് -3 കപ്പ്
പഞ്ചസാര -2 കപ്പ്
പാല്‍ -കപ്പ്
നെയ്യ് -1 കപ്പ്
കശുവണ്ടിപ്പരിപ്പ് -100 ഗ്രാം
ഏലയ്ക്കാ പൊടിച്ചത് -കാല്‍ സ്പൂണ്‍
തയാറാക്കുന്ന വിധം:
ചെറുപയര്‍ പരിപ്പ് കഴുകി വറുത്ത് വെള്ളത്തില്‍ വേവിച്ച് ഉടച്ചെടുക്കുക. പാലും പഞ്ചസാരയും ചേര്‍ത്ത് അടുപ്പില്‍ വയ്ക്കുക. ഇത് തിളച്ച് കുറുകി വരുമ്പോള്‍ വേവിച്ചുടച്ച പരിപ്പ് ചേര്‍ത്തിളക്കുക. ഇതില്‍ ഇടക്കിടെ നെയ്യ് ചേര്‍ത്ത് നല്ലപോലെ ഇളക്കിക്കൊണ്ടിരിക്കുക. പാകത്തില്‍ കട്ടിയായി വരുമ്പോള്‍ ഇതിലേക്ക് ഏലയ്ക്കാ പൊടിച്ചതു ചേര്‍ക്കാം. ഇത് ഹല്‍വാ പാകത്തില്‍ കട്ടിയായാല്‍ അല്‍പം നെയ്യ് പുരട്ടിയ പാത്രത്തിലേക്ക് മാറ്റുക. കശുവണ്ടിപ്പരിപ്പ് നെയ്യില്‍ വറുത്ത് ഇതിനു മുകളില്‍ നിരത്തി അലങ്കരിക്കാം. ഒരു സ്പൂണ്‍ കൊണ്ട് പതുക്കെ അമര്‍ത്തുക. തണുത്തു കഴിഞ്ഞാല്‍ ഇഷ്ടമുള്ള ആകൃതിയില്‍ മുറിച്ചെടുക്കാം
പൊടിക്കെ:
കുറഞ്ഞ ചൂടില്‍ വച്ചു വേണം ഹല്‍വ മിശ്രിതം ഇളക്കിക്കൊണ്ടിരിക്കാന്‍. അല്ളെങ്കില്‍ കരിയാനും വേവാതിരിക്കാനും സാധ്യതയുണ്ട്. പാല്‍ ചേര്‍ത്ത് ഹല്‍വയുണ്ടാക്കുമ്പോള്‍ പാല്‍ കരിയാതിരിക്കാന്‍ ശ്രദ്ധിക്കണം. പഞ്ചസാര പാനി പാകത്തിന് കുറികിയില്ളെങ്കില്‍ കട്ടിയാവാന്‍ സമയമെടുക്കും. ഹല്‍വ വിരുന്നുകാരുടെ മുന്നില്‍ വിളമ്പുമ്പോള്‍ ആകര്‍ഷണം കിട്ടാന്‍ അനുയോജ്യമായ ഫുഡ് കളര്‍ ഉപയോഗിക്കാവുന്നതാണ്. തണുത്തതിനുശേഷം മാത്രം ഈര്‍പ്പമില്ലാത്ത, വായു കടക്കാത്ത പാത്രത്തില്‍ എടുത്ത് സൂക്ഷിക്കുക.

(അവലംബം :മാധ്യമം )

2013, ജൂലൈ 17, ബുധനാഴ്‌ച

പുഞ്ചപ്പാടം എ യു പി സ്കൂളിലെ അനില അവതരിപ്പിച്ച ആധുനിക നെല്ലുകുത്ത് മില്ലിന്റെ നിശ്ചല മാതൃക 


വണ്ടാഴി സി വി ഇ എച്ച് എസ് എസ് കാര്‍ത്തിക അവതരിപ്പിച്ച മാതൃക 

ശ്രീകൃഷ്ണപുരം എച്ച് എസ് എസ് എസിലെ യദുമോഹന്‍ അവതരിപ്പിച്ച മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ മാതൃക



എം സി എം സ്കൂള്‍ തൃത്താല സജിന്‍ അവതരിപ്പിച്ച തീവണ്ടികളിലെ വെള്ളം ശുദ്ധീകരിക്കുന്ന മാതൃക 





ആലത്തൂര്‍ എ എസ് എം എന്‍ ഹൈ സ്കൂളിലെ ഇബ്രാഹിം റോഷന്‍ അവതരിപ്പിച്ച പുല്ലില്‍ നിന്നും എത്തനോള്‍ ഉല്പാദിപ്പിക്കുന്ന പ്ലാന്റിന്റെ മാതൃക 


ചാലിശേരി ജി എച്ച് എസ് എസ്സിലെ ഭൂഗുരുത്വത്തിലൂടെ വൈദ്യുതി ഉണ്ടാക്കുന്ന കപ്പി  സംവിധാനത്തിന്റെ മാതൃക



കാണിക്കമാത ഹൈസ്കൂളിലെ അരുന്ധതി അവതരിപ്പിച്ച എയര്‍ പ്യൂരിഫിക്കെഷന്‍ പ്ലാന്റിന്റെ മാതൃക 

എ യു പി എസ് ചെങ്ങണിയൂരിലെ മേഘ അവതരിപ്പിച്ച  മണ്ണില്ലാതെ പ്ളാസ്റിക് പൈപ്പുകളില്‍ ഉള്ള കൃഷി














പുഞ്ചപ്പാടം എ യു പി സ്കൂളിലെ അനില അവതരിപ്പിച്ച ആധുനിക നെല്ലുകുത്ത് മില്ലിന്റെ നിശ്ചല മാതൃക 


ശ്രീകൃഷ്ണപുരം എച്ച് എസ് എസ് എസിലെ യദുമോഹന്‍ അവതരിപ്പിച്ച മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ മാതൃക

എ യു പി എസ് ചെങ്ങണിയൂരിലെ മേഘ അവതരിപ്പിച്ച  മണ്ണില്ലാതെ പ്ളാസ്റിക് പൈപ്പുകളില്‍ ഉള്ള കൃഷി


കുണ്ടൂര്‍ക്കുന്ന് വി പി എ യു പി സ്കൂളിലെ നവ്യ ഉണ്ണിമേനോന്‍ ,ശില്പ എന്നിവര്‍ അവതരിപ്പിച്ച
പാഴായ ടയര്‍ പ്ളാസ്റിക് എന്നിവയില്‍ നിന്നും ഇന്ധനം നിര്‍മിക്കുന്ന പ്ലാന്റിന്റെ മാതൃക