2013, മാർച്ച് 29, വെള്ളിയാഴ്‌ച

              ആവേശ വട്ടമിട്ട് ചവിട്ടുകളി 


                                  വള്ളുവനാടന്‍ ഉത്സവ വേദികളില്‍ വേനല്‍ ചൂടിനെ മറികടന്നുള്ള ആരവമാണ് ചവിട്ടുകളിയുടെത് .അന്നും ഇന്നും പൂരപ്പറമ്പില്‍ ചവിട്ടുകളി ഉണ്ടെങ്കില്‍ പൂരത്തിന് ആളു കൂടും .കൊഴുപ്പു കൂടും .പാടത്ത് പണിയെടുക്കുന്ന അടിസ്ഥാന വര്‍ഗജനങ്ങളുടെ സര്‍ഗാത്മകതയുടെ തുറന്ന വേദിയാണ് ചവിട്ടു കളി .ഇന്നലെ തങ്ങള്‍ തന്നെ ഉഴുകയും വിതക്കുകയും കൊയ്യുകയും ചെയ്ത അതേ പാടങ്ങളില്‍ തന്നെയാണ് പൂരത്തലെന്നും പിറ്റേന്നും ചവിട്ടുകളി നടത്തുന്നത് എന്നുള്ളത് കളിയുടെ കാര്‍ഷിക ഭാഷ്യം .പൗരാണികതയും പാരമ്പര്യവും ഒന്നിക്കുന്ന ഈ കലാരൂപത്തിന് കൃഷി ജോലി ചെയ്തു വന്നിരുന്ന സമുദായക്കാര്‍ പ്രചരിപ്പിച്ചിരുന്നത് എന്നതിനാല്‍ ചെറുമക്കളി എന്നും പേരുണ്ട് .അപ്പപ്പോള്‍ കെട്ടിയുണ്ടാക്കുന്ന പാട്ടുകളും തനത് കാല്‍ ചുവടുകളും കയ്യടികളും വായ്ത്താരികളും ഉള്ള ഈ കലയുടെ പകര്‍ച്ച ഇന്നും വാമൊഴിയിലൂടെ തന്നെ .എല്ലാ പ്രായത്തിലും പെട്ട പുരുഷന്മാര്‍ സ്ത്രീകള്‍ കുട്ടികള്‍ എന്നിവര്‍ക്കെല്ലാം പങ്കെടുക്കാം .ചവിട്ടുകളിയില്‍ ആണുങ്ങള്‍ പങ്കെടുക്കുന്ന ആണ്കളിയും സ്ത്രീകള്‍ പങ്കെടുക്കുന്ന പെണ്‍കളിയും പ്രചാരത്തിലുണ്ട് .കീഴാള ജനതയുടെ വിനോദം എന്നതിലുപരി ആത്മപ്രകാശനത്തിനുള്ള വേദിയാണ് ചവിട്ടുകളിയുടെത് .സംഘശക്തിയുടെ ബഹിര്‍സ്ഫുരണം .വരേണ്യ വര്‍ഗത്തിന്റെ പാട്ടിനും നൃത്തത്തിനും ഉള്ള ഗ്രാമീണ ഭാഷ്യം ,അധ്വാനിക്കുന്നവന്റെ ഉള്ളിലെ അടങ്ങാത്ത സര്‍ഗ വിസ്ഫോടനം എന്നൊക്കെ ചവിട്ടുകളിയെ വിശേഷിപ്പിക്കാം

                         കളി കുറിച്ചാല്‍ പിന്നെ നല്ല പാട്ടുകാര്‍ക്കും കളിക്കാര്‍ക്കും പിന്നെ മറൊരു ചിന്തയില്ല .ഓരോ ദേശക്കാര്‍ക്കും സ്വന്തമായി കളി കൂടായ്മയും അതില്‍ ഗുരുവന്‍ എന്ന കാരണവര്‍ സ്ഥാനത്തുള്ള പ്രായമേറിയ ഒരാള്‍ നേതൃത്വത്തിനും ഉണ്ടാകും .ഇദ്ദേഹത്തിന്റെ കീഴിലാണ് മറ്റുകളിക്കാര്‍ .കളിക്ക് പങ്കെടുക്കുന്നവരെ കളിമാക്കള്‍ എന്നാണു പറയുന്നത് ചവിട്ടുകളി നടത്തുന്ന സ്ഥലത്തിനു കളിവട്ടം എന്ന് പറയും .നടുക്ക് നിലവിളക്ക് കൊളുത്തി വച്ചിരിക്കും .രണ്ടു ദേശക്കാര്‍ ആണ് ഒരു സമയത്തെ കളിയില്‍ പങ്കെടുക്കുക.രണ്ടു സംഘത്തിലെയും കളിക്കാര്‍ തോളോട് തോള്‍ ചേര്‍ന്ന് നിന്നാല്‍ കളിവട്ടം ആയി .ഏതു ക്ഷേത്രവുമായി ബന്ധപ്പെട്ടുള്ള പൂരം ആണോ ആ ദേവതയും ഭൂമിയും കളി പഠിപ്പിച്ച ഗുരു കാരണവന്‍ മാരെയും സ്തുതിച്ചു കൊണ്ടുള്ള പാട്ടോടെയും ചുവടോടെയും ആണ് കളി ആരംഭിക്കുന്നത് .പൊലിപ്പാട്ട് ആണ് ആദ്യ ചടങ്ങ് .ഒരു ദേശക്കാര്‍ പാടുന്ന പാട്ടിന്റെ വരികള്‍ മാറ്റാന്‍ എന്ന് വിളിക്കുന്ന എതിര്‍ ദേശക്കാര്‍ ആദ്യം എട്ടു പാടണം.പിന്നെ നേരത്തെ പാടിയ പാട്ടിന് മറുപാട്ടും  പാടണം .പരസ്പരം ചോടിപ്പിക്കാനുള്ള പാട്ടുകളും കൂട്ടത്തില്‍ ഉണ്ടാകും .ഉരുളയ്ക്ക് ഉപ്പേരി പോലെ എതിര്‍ പാട്ട് നിമിഷങ്ങള്‍ക്കകം നല്ല കളിക്കാരന്റെ ഉള്ളില്‍ നിറയും .അപ്പോള്‍ തന്നെ തിരിച്ചടിക്കും .ഇതോടെ കളിക്കാരും കാണികളും ആവെശത്തിലാകും .ഇവിടെയാണ്‌ നല്ല ചവിട്ടുകളിക്കാരന്റെ നിമിഷകവിയിലെക്കുള്ള പരകായ പ്രവേശം .
                              കൂട്ടില്‍ നിന്നും കൂകിയാ പോര
                               കൂടെ രസം കാട്ടിയാ പോര
                               നാലുകാലു പന്തല് കേറി        
                              കൂകട മോനെ ജ്ജ്
                              നാലുകാലു പന്തല് കേറി
                              കൂകട മോനെ ...
എന്ന് എതിര്‍ ചേരിക്കാരനെ കൂട്ടില്‍ നിന്നും കൂകുന്ന കോഴിയായി കഴിവ് കേട്ടവനായി ചിത്രീകരിക്കുമ്പോള്‍, പരിഹസിക്കുംപോള്‍ ഉടനെ വരും എതിര്‍പ്പാട്ട്
                             കല്ലിന്‍ ചോറിലെ കരുതലെ
                              ജ്ജ് ന്നോട് കളിക്കണ്ട
                              ജ്ജ് ന്നോട് കളിചാലെ
                              ചൂണ്ടലിട്ടു പിടിക്കും ഞാനേ
                              ചൂണ്ടലിട്ടു പിടിച്ചിട്
                              തലേ വാലും കളഞ്ഞിട്
                             ഉപ്പും മുളകും തിരുമ്പീട്ടു
                             ചട്ടീലിട്ടു പോരിക്കും ഞാനേ ..
.ഇവിടെ ഇപ്പോള്‍ എതിര്‍ ദേശക്കാര്‍ കല്ലിന്റെ ചുവട്ടില്‍ കാണുന്ന നിസ്സാരന്‍ ആയ കരുതല എന്നാ മീന്‍ ആയി മാറി .കരുതലയെ പിടിച്ചു പൊരിക്കുന്ന ലാഘവത്തോടെ എതിര്‍ ചേരിയെ കൈകാര്യം ചെയ്യും എന്നാണു ഇവിടുത്തെ ധ്വനി .
                              തത്തമ്മേ പൂമയിലെ
                              നമ്മള് തമ്മില്‍ കൊത്തണ്ട
                              നമ്മള് തമ്മില്‍ കൊത്യാലെ
                              ഒറ്റ നടക്കത് പോകൂലാന്നെ ...

                              അന്റെ ചെരുമാനും കാളോട്ടാരന്‍
                              എന്റെ ചെരുമാനും കാളോട്ടാരന്‍
                              പിന്നെന്താടി മുണ്ടിച്ചീ
                              നമ്മള് തമ്മില്‍ പാടി കളിച്ചാല്
                              പിന്നെന്താടി മുണ്ടിച്ചീ
                              നമ്മള് തമ്മില്‍ തല്ലണത്
                           
എതിര്‍ ദേശക്കാരനെ ഉണക്ക പുട്ടിനോട് ഉപമിക്കുന്ന പാട്ട് ഇങ്ങിനെ
                              ജ്ജ് ന്നോട് കളിക്കണ്ട
                              ഉണക്ക പ്പുട്ടെ
                              മൈസൂര്‍പ്പഴം കൂട്ടി
                              അടിക്കും ഞാനേ
                              അന്നെ മൈസൂര്‍പ്പഴം കൂട്ടി
                               അടിക്കും ഞാനേ
എന്നിങ്ങനെ സമത്വം ഒത്തു തീര്‍പ്പു എന്നിവ വിളിച്ചോതുന്ന വരികളും ഉണ്ട് .സമൂഹത്തിന്റെ എല്ലാ തുറകളെയും കളി സ്പര്‍ശിച്ചു കടന്നു പോകും .ഉദാഹരണത്തിന് തീവണ്ടി കണ്ട കൌതുകം ഇങ്ങിന

                             വെള്ളക്കാരന്‍ സായ്പ് തമ്പ്രാന്‍
                             വല്ലാത്തൊരു സൂത്രക്കാരന്‍
                             പാമ്പ് പോലൊരു തീവണ്ട്യല്ലേ
                             ചീരിപ്പായണത്
                             അങ്ങിനെ
                              പാമ്പ് പോലൊരു തീവണ്ട്യല്ലേ
                             ചീരിപ്പായണത്

                                   തന്താനിതോ താനിന്നോ താനിന്നാനെ
                                   അങ്ങിനെ താനോ തനിന്നോ തക താനിന്നാനെ
എന്നാ വായ്ത്താരി പ്രാദേശിക  ഭേദത്തോടെ പാടി കേള്‍ക്കുന്നുണ്ട് .പാട്ടുകള്‍ക്ക് ഇടയില്‍ ഇങ്ങിനെ ഇടയ്ക്കു വായ്ത്താരി പാടും .ഒരു പ്രാവശ്യം പാടിയ പാട്ട് പിന്നീട് രണ്ടാമത് പാടുന്നത് കുറച്ചില്‍ ആയാണ് കണക്കാക്കുന്നത് .

സെത്ത് താനാ സേത്ത് താനാ
സെത്ത് താനാനീ
സെത്ത് താനാ സേത്ത് താനാ
സെത്ത് താനാനീ  ...എന്നും ഒരു വായ്ത്താരി  ഉണ്ട്

കളിവട്ടത്തില്‍ പാടിപ്പതിഞ്ഞ പഴയ പാട്ടുകള്‍ പോലെ പുതിയ പാട്ടുകളും ഇന്ന് പ്രചാരത്തില്‍ ഉണ്ട് .അത്തരത്തില്‍ ഉള്ള ഒരു പാട്ടാണ് ചുവടെ .

                         പാട്ട് തമ്മില് രണ്ടെടഞ്ഞു
                        രന്ടെടഞ്ഞ പാട്ടിനെ
                         അക്കരയ്ക്കു എടുത്തെറിഞ്ഞു
                        വീണു മുളച്ച മൈലാന്ചിക്കൊമ്പു
                        മൈലാന്ചികൊമ്പു പൂമണം വീശി
                         പൂമണം വീശി മാറ്റാന്റെ ചൂര് ...

മറ്റൊരു കളിപ്പാട്ട് ഇങ്ങിനെ ആണ് .

                         അതൊരു തിണ്ട്
                         ഇതൊരു തിണ്ട്
                         മേലെത്തിണ്ട്
                         മക്കത്തെ കൊച്ചു രാജാവ് എത്തിപ്പോയി
                         എളകണ്ട എളകണ്ട കൂസലുവേണ്ട
                         ഇളകുന്നോന്റെ ഇളക്കം
                         നിറുത്തും ഞാനേ
വാമോഴിയില്‍ ഊന്നിയ പ്രചാര രീതി ആയതിനാല്‍ ഈ അടുത്ത കാലം വരെ ചവിട്ടുകളിക്ക് വരമൊഴി രൂപം ഉണ്ടായിരുന്നില്ല .ഓരോ ഭാഗത്തും ഉള്ള പാടുകള്‍ അത് കൊണ്ടുതന്നെ വ്യത്യസ്തവും. നിമിഷ നേരം കൊണ്ട് പിറവി കൊള്ളുന്ന പാട്ടുകള്‍ക്ക് അതെ പോലെതന്നെ ആയുസ്സും .എങ്കിലും സൌകുമാര്യം കൊണ്ട് നിലനില്‍ക്കുന്നവയാണ്‌ പല പാട്ടുകളും .ഉത്സവങ്ങളുമായി ബന്ധപ്പെട്ടു വാര്‍ഷികമായി നടത്തിവരുന്ന സ്വഭാവം ആണ് ചവിട്ടുകളിയുടെത് .അത് കൊണ്ട് തന്നെ മറ്റു വേളകളില്‍ ഈ കലാ രൂപം പ്രത്യക്ഷ പ്പെടാറില്ല .അടുത്തകാലത്ത് നാടന്‍ പാടുകളും കലകളും പ്രോഫഷണല്‍ മാനം നേടുകയും ധാരാളം നാടന്‍ പാട്ടു സംഘങ്ങള്‍ ഉണ്ടായിവരികയും ചെയ്തത് ആശാവഹമാന്.കലയുടെ വാനിജ്യവത്കരണം ,തനിമ നഷ്ടപ്പെടല്‍ ,ഒരു പ്രത്യേക സാഹചര്യത്തില്‍ അവതരിപ്പിക്കപ്പെടലില്‍ നിന്നും വേദികളിലേക്ക് പറിച്ചു നടല്‍എന്നിങ്ങനെ ഉള്ള വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുമ്പോഴും ഇവയെ ഇത്രയെങ്കിലും നില നിര്‍ത്തുന്നതില്‍ ഇത്തരം സംഘങ്ങള്‍ക്ക് ഇന്ന് പ്രധാന പങ്കുണ്ട് .ചവിട്ടുകളിയും ഇങ്ങിനെയുള്ള സംഘങ്ങള്‍ രംഗത്ത് അവതരിപ്പിക്കുന്നുണ്ട് ഇന്ന് .പുതിയ തലമുറയില്‍ ഇന്ന് കുറെ ഏറെ പേര്‍ ഈ രംഗത്തേക്ക് ആകര്ഷിക്കപ്പെട്ടതിനു ഈ ശ്രമത്തിനു പങ്കുണ്ട് ,എങ്കിലും ഈ നാടന്‍ കലാരൂപം ഇന്ന് അതിജീവനത്തിന്റെ പാതയില്‍ അആനു.പരമ്പരാഗത കലാരൂപങ്ങള്‍ ഉത്സവ പറമ്പുകളില്‍ നിന്നും പിന്മാറി വരവ് ഇനങ്ങള്‍ക്ക് കൂടുതല്‍ പ്രാമാണ്യം കിടുന്ന ഇക്കാലത്ത് പിടിച്ചു നില്ക്കാന്‍ ചവിട്ടുകളിക്കും പ്രയാസം ഉണ്ട്.
                          ചവിട്ടുകളിയെ അടുത്ത തലമുറയ്ക്ക് പരിചയപ്പെടുത്താന്‍ ഓരോ ഭാഗത്തെയും മുതിര്‍ന്ന കളിക്കാരെ കണ്ടെത്തി പാട്ടുകള്‍ ക്രോഡീകരിക്കണം  ,കളികള്‍ തനിമയോടെ റെകോര്‍ഡ് ചെയ്യണം .മുതിര്‍ന്ന കലാകാരന്മാര്‍ക്കും സവിശേഷ സംഭാവന നല്കിയവര്‍ക്കും അംഗീകാരങ്ങളും കലാകാരന്മാര്‍ക്കുള്ള പെന്‍ഷനും സര്‍ക്കാര്‍ തലത്തില്‍ നടപ്പാക്കണം ,അതാത് പ്രാദേശിക ഭരണകൂടങ്ങള്‍ ഇതിനായി കൂടുതല്‍ ശ്രദ്ധ വക്കണം .കളി സംഘങ്ങള്‍ രൂപീകരിക്കാനും പരിശീലനത്തിനും സഹായങ്ങള്‍ നല്‍കണം .പാഠപുസ്തകങ്ങളില്‍ ചവിടുകളിയെ പറ്റിയുള്ള ഭാഗങ്ങള്‍ പാട്ടുകള്‍ എന്നിവ പരിചയപ്പെടുത്തണം.യുവജനോത്സവങ്ങളില്‍ ചവിട്ടുകളി ഒരു ഇനം ആയി ഉള്‍പ്പെടുത്തണം .അങ്ങിനെ ബോധപൂര്‍വമായ ഇടപെടലുകളില്‍ കൂടി മാത്രമേ ഈ സവിശേഷ കലാരൂപത്തെ നിലനിര്‍ത്താന്‍ കഴിയുകയുള്ളൂ .

2013, മാർച്ച് 7, വ്യാഴാഴ്‌ച














കളമെഴുത്ത് കേരളത്തിന്റെ തനത് ധൂളീ ചിത്ര കല 



ചെത്തല്ലൂര്‍ പനങ്കുര്‍ശി ക്ഷേത്രത്തില്‍ കുളക്കാട്ടുകുര്‍ശി മുരളീധര കുറുപ്പ് വരച്ച കളം

തച്ചനാട്ടുകര പഴഞ്ചേരി ശിവക്ഷേത്രത്തില്‍ കുളക്കാട്ടുകുര്‍ശി സുകുമാര  കുറുപ്പ് വരച്ച കളം

തച്ചനാട്ടുകര വേട്ടക്കൊരുമകന്‍ കാവില്‍ ക്ഷേത്രത്തില്‍ വെള്ളിനേഴി ഹരിദാസ് എഴുതിയ വേട്ടക്കരന്‍ കളം

കുണ്ടൂര്‍ക്കുന്ന് മുല്ലക്കല്‍ ശിവക്ഷേത്രത്തില്‍ വെള്ളിനേഴി ഹരിദാസ് എഴുതിയ ഭഗവതിക്കളം
                                   കേരള ചിത്ര കലയുടെ ചാരുതയാര്‍ന്ന ഒരു ശാഖയാണ് കളം എഴുത്ത് .ഭദ്രകാളി ,അയ്യപ്പന്‍, നാഗങ്ങള്‍ എന്നീ ദേവതകളുടെ രൂപങ്ങള്‍ അനുഷ്ടാനപരമായി ക്ഷേത്രങ്ങളിലും പ്രത്യേക അവസരങ്ങളിലും പൊടികള്‍ കൊണ്ട് വരയ്ക്കുന്ന ഈ ശാഖ ലോകത്ത് മറ്റെങ്ങും ഇല്ല എന്ന് തന്നെ പറയാം .ജ്യാമിതീയ മാതൃകകള്‍ ഉള്ള മന്ത്രവാദ കളങ്ങളും ഭൂതവടിവില്‍ വരക്കപ്പെടുന്ന ദേവതാ രൂപങ്ങളും ഇതില്‍ പെടും .പ്രകൃതിയില്‍ നിന്നെടുക്കുന്ന ധൂളികള്‍ കൊണ്ട് കല്പിത രൂപങ്ങളെ മായികാശത്തോടെ ഭക്തിയുടെ അന്തരീക്ഷത്തില്‍ വരചെടുക്കുംപോള്‍ അവ നിലത്തുനിന്നും ഉയര്‍ന്നു നില്‍ക്കുന്ന പ്രതീതി ഉണ്ടാക്കാന്‍ കഴിയുന്നു .വിശ്വാസത്തിന്റെയും കലയുടെയും വൈകാരിക മൂര്ച്ചയുണ്ടാക്കാന്‍ കളങ്ങക്ക് ആവുന്നു .

                കേരളത്തിലെ വിവിധ പ്രദേശങ്ങളിലെ വിഭിന്ന വിഭാഗക്കാര്‍ ആയ അനുഷ്ടാനകലാകാരന്മാര്‍ ആണ് കളമെഴുത്തിനെ ഇന്നും നിലനിര്‍ത്തുന്നത് . കളം കുറിക്കുവാന്‍ കുറുപ്പ് ഉണ്ടായി എന്നാണു ചൊല്ല് .നാഗക്കളങ്ങള്‍ പുള്ളുവര്‍ സമുദായക്കാര്‍ ആണ് വരക്കുന്നത് . കാവ് ക്ഷേത്രം മറ്റു ദേവതാ സ്ഥാനങ്ങള്‍ എന്നിവയുടെ വാര്‍ഷികമായി കൊണ്ടാടപ്പെടുന്ന ഉത്സവങ്ങളുടെ ഭാഗമായാണ് കളം എഴുത്ത്.പഞ്ച വര്‍ണത്തില്‍ അധിഷ്ടിതമാണ് ഇവ. വെള്ള ,പച്ച മഞ്ഞ കറുപ്പ് ചുകപ്പ് എന്നിവയുടെ മിശ്രണം ആണ് കളങ്ങളില്‍.അരി പൊടിച്ചു വെള്ളയും മഞ്ചാടി വാക പച്ചിലകള്‍ പൊയച്ചു പച്ചയും,മഞ്ഞള്‍ പൊടിച്ചു  മഞ്ഞയും ഉമിക്കരി പൊടിച്ചു കറുപ്പും മഞ്ഞളും ചുണ്ണാമ്പും  ചേര്‍ത്ത് ചുകപ്പും പൊടികള്‍ ഉണ്ടാക്കുന്നു . കുളിച്ചു വ്രതാനുസ്ഥാങ്ങള്‍ക്ക് ശേഷമാണ് പൊടികള്‍ തയ്യാറാക്കുക .പവിത്രതക്ക് വേണ്ടി ആണിത്. കളമെഴുത്തിനു മുന്നോടിയായി ചാണകം മെഴുകി നിലം ഒരുക്കും .കളങ്ങള്‍ക്കു മീതെ വെള്ളത്തുണി കൊണ്ട്  കൂറ എന്ന പന്തല്‍ ഇടും.കൈക്കണക്ക് ആണ് കളത്തിനു സ്വീകരിക്കുന്നത്.ഓരോ അവയവതിന്റെയും വലിപ്പം ആനുപാതികം ആയിരിക്കും.ഭഗവതി കാലത്തിന്റെ മാറിടം ഒരുക്കുന്നഹു നെല്ല് അരി എന്നിവ കൂമ്പാരം കൂടി അതിനു മുകളില്‍ പൊടി വിതറിയാണ്.കളത്തിനു .ഇത് ദ്വിമാനത നല്‍കുന്നു. വലതു കയ്യുടെ തള്ളവിരലും ചൂണ്ടുവിരലും അഭിമുഖ മാക്കിയുണ്ടാക്കുന്ന നേരിയ വിടവിലൂടെയാണ് കളമെഴുത്തുകാര്‍ പൊടി വിതറുന്നത്.തുടക്കത്തില്‍ കരിപ്പൊടി വിതറി അതിന്റെ മധ്യത്തിലൂടെ വെള്ളപ്പൊടി കൊണ്ട് ഒരു രേഖ വരച്ചു അതിന്റെ ആധാരമാക്കി ആണ് രൂപ വിന്യാസം .
              രൂപക്കളങ്ങള്‍ പാദം മുതല്‍ കേശം വരെയാണ് വരക്കുക .കണ്ണ് മിഴിപ്പിക്കുന്ന ചടങ്ങ് അവസാനം ആണ്.മിഴി തെളിയിക്കുന്നതിലൂടെ കളത്തിനു ജീവന്‍ നല്കുന്നതായാണ് സങ്കല്‍പം.കളം പൂര്‍ത്തിയാക്കി നെല്ല് അരി അടക്ക തേങ്ങ കുരുത്തോല നിലവിളക്ക് എന്നിവ കൊണ്ട് അലങ്കരിക്കും .ചടങ്ങുകള്‍ മിക്കതും രാത്രി ആയതിനാല്‍ നിലവിളക്കിന്റെ വെളിച്ചത്തില്‍ ആണ് വരക്കുന്നത്.ഇത് പ്രത്യേക ദൃശ്യശോഭ നല്‍കുന്നു.കളം വര കഴിഞ്ഞതിനു ശേഷം കളംപാട്ടും നടത്തും ഓരോ ടെവതക്കും ആ ദേവതയെ പ്രകീര്‍ത്തിച്ചു കൊണ്ടുള്ള പാട്ട് ഉണ്ടാകും.ഭഗവതി കാവുകളില്‍ ദാരികാസുരനെ വധിച്ചു തലയറുത്ത് നില്‍ക്കുന്ന കാളീ രൂപമാണ് സങ്കല്‍പ്പിച്ചു പാടുന്നത് കാളി മേഘ സമപ്രഭാം ത്രനയനാം എന്ന് തുടങ്ങുന്ന ധ്യാനത്തില്‍ ആണ് കാലങ്ങള്‍ വരക്കുന്നത് .എട്ടു കൈകളോട് കൂടി ആയുധധാരിനിയായി നില്‍ക്കുന്ന കാളീ രൂപമാണ് തീര്‍ക്കുന്നത്. .നന്തുണി ,കുഴിത്താളം ചെണ്ട എന്നീ വാദ്യങ്ങളുടെ അകമ്പടിയോടെ ആണ് ദേവതാ സ്തുതികള്‍ പാടുന്നത് .ചിലസമയത്ത് കൊമരവും ഉണ്ടാകും.ഈ സമയത്ത് സവിശേഷമായ നൃത്തത്തിനു ശേഷം പീഠം ഉപയോഗിച്ചും കാലുകള്‍ കൊണ്ടുമാണ് കളം മായ്ക്കുന്നത് .അതിനു ശേഷം പൊടി പ്രസാദമായി നല്‍കും
                                              കാലികമായ മാറ്റങ്ങള്‍ കളമെഴുത്തിലും വന്നു .പൊടികള്‍ നിര്‍മിക്കുന്ന രീതികള്‍ മാറി.എന്നിരുന്നാലും അനുഷ്ടാനതിന്റെയും ഭക്തിയുടെയും അവസ്ഥക്ക് കാര്യമായ മാറ്റങ്ങള്‍ വന്നിട്ടില്ല.അടുത്ത കാലത്തായി ആണ് ചിത്രകലാരൂപം എന്ന രീതിയില്‍ കളം എഴുത്തിനെ കണ്ടുതുടങ്ങിയത്.ഇഇനു വിനോദത്തിനും ടൂറിസത്തിനും വേണ്ടി കളങ്ങള്‍ വരയ്ക്കുന്ന പതിവ് ഉണ്ട്.യുവാക്കള്‍ ആയ കലാകാരന്മാര്‍ ഈ രംഗത്ത് വന്നതിനു ശേഷം പല പരീക്ഷണങ്ങളും ,കൃത്രിമ വര്‍ണങ്ങളും ഉപയോഗിച്ച് വരുന്നുണ്ട് .

2013, മാർച്ച് 2, ശനിയാഴ്‌ച

                                കിളി പോയി 

                                         കിളി പോയി എന്ന പുത്തന്‍ മലയാള സിനിമയുടെ സംവിധായകന്‍ തച്ചനാട്ടുകരയുമായി വേരുകളുള്ള വിനയ്‌ ഗോവിന്ദ് .തച്ചനാട്ടുകര കുണ്ടൂര്‍ക്കുന്നു താഴത്തെ പള്ളത്ത് ഗോവിന്ദന്‍ കുട്ടിയുടെ മകനാണ് യുവ സംവിധായകനായ വിനയ്‌.വി കെ പ്രകാശിന്റെ സംവിധാന സഹായി ആയി പ്രവര്‍ത്തിച്ച വിനയിന്റെ ആദ്യ സ്വതന്ത്ര സിനിമയാണ് കിളി പോയി .ഈ സിനിമയില്‍ ഗായകനായും വിനയ്‌ എത്തുന്നുണ്ട്.മലയാളത്തിലുള്ള ഒരു പാട്ടാണ് വിനയ്‌ ആലപിക്കുന്നത്.പാട്ടിന്റെ വരികളും അദ്ദേഹത്തിന്റേത് തന്നെ .ബംഗളൂരുവില്‍ ഷൂട്ടിംഗ് നടന്ന പടം കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത് .സിബി തോട്ടുപുറം ജോബി മുണ്ടാമറ്റം എന്നിവരാണ് നിര്‍മാതാക്കള്‍.ആസിഫ്‌ അലി, അജു വര്‍ഗീസ് എന്നിവരാണ് പ്രമുഖ വേഷങ്ങള്‍.സമാത്ത അഗര്‍വാള്‍ ആണ് നായിക .സമ്പത്ത്‌ കുമാര്‍ ,ശ്രീജിത്ത് രവി , രവീന്ദ്രന്‍ ,വിജയ്‌ ബാബു, മൃദുല്‍ നായര്‍ ,ജോജു, എം ബാവ, ചെമ്പന്‍ വിനോദ്, സാന്ദ്ര തോമസ്‌ , ,സബ്രീന്‍ ബെക്കര്‍ എന്നിവരാണ്  മറ്റു അഭിനേതാക്കള്‍  റഫീക്ക്‌ അഹമ്മദിന്റെ ഗാനങ്ങളും ചിത്രത്തില്‍ ഉണ്ട്.അതിരുകളില്ലാതെ യുവത്വം ആഘോഷിക്കുന്ന ചാക്കോ ,ഹരി എന്നീ  രണ്ടു ബാംഗളൂര് യുവാക്കളുടെ കഥ പറയുന്ന സിനിമ ഇതിനകം ചര്‍ച്ചയായിട്ടുണ്ട് .ചാക്കോ ആയി ആസിഫ്‌ അലിയും ഹരിയായി അജു വര്‍ഗീസും വേഷമിടുന്നു . ജോസഫ്‌ കുര്യന്‍ ,വിവേക്‌ രഞ്ജിത്ത്  ന്നിവരും സംവിധാനത്തിലും തിരക്കഥ രചനയിലും വിനയിനു സഹായികളായി ഉണ്ട് .പ്രദീഷ്‌ എം വര്‍മയാണ് ചായാഗ്രഹണം.മഹേഷ്‌ നാരായണന്‍ ചിത്ര സന്നിവേശവും,രാഹുല്‍ രാജ പശ്ചാത്തല സംഗീതവും അന്പരിവന്‍ സംഘട്ടന രംഗങ്ങളും കൈകാര്യം ചെയ്യുന്നു . ഇന്ഗ്ലീഷ്‌ സിനിമകളിലെത് പോലെയുള്ള ദൃശ്യാവിഷ്കാരവും ,സാങ്കേതികതകളും ചിത്രത്തില്‍ ഉണ്ടെന്നു നിരൂപകര്‍ വിലയിരുത്തുന്നു

 കിളി പോയി ...അല്പം കഥ 
ബംഗളുരുവിലെ പരസ്യ കമ്പയില്‍ ജോലി ചെയ്യുകയാണ് ചാക്കോ ഹരി എന്നിവര്‍ .യുവത്വത്തിന്റെ ആഘോഷ ജീവിതങ്ങളുടെകേന്ദ്രമായ  നഗരത്തില്‍ എല്ലാം പരമാവധി ആസ്വദിക്കുക. സൌഹൃദങ്ങളും പാട്ടും ആട്ടവും ലഹരിയുമായി  നഗരജീവിതത്തില്‍ 
ഉറങ്ങാത്ത രാത്രികളില്‍മുഴുകുക എന്ന ഒറ്റ ലക്‌ഷ്യം മാത്രം .എല്ലാ പ്രതീക്ഷകളും തെറ്റിച്ചു അവരുടെ ജോലി വില്ലനാകുന്നു  ഓഫിസില്‍ തിരക്കൊഴിഞ്ഞിട്ടു നേരമില്ല. ഇരുവരും മാനസികമായി തകര്‍ന്നു. ഇതില്‍ നിന്നു മോചനത്തിനായി ഗോവയിലേക്ക്ഒരു യാത്ര.ആ യാത്രയുടെ ലഹരിയില്‍ ഗോവയില്‍ ആഘോഷമാക്കപ്പെടുന്ന യുവത്വം.അവിടെ വിദേശി യുവതിയുമായി ചങ്ങാത്തം  അതിന്റേതായ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു.മയക്കുമരുന്നു നിറച്ച ബാഗ് അവരുടെ കൈകളിലെത്തി. അതു കളയാനും വില്ക്കാനുമെല്ലാമുള്ള ശ്രമങ്ങളിലായി ചാക്കോയും ഹരിയും.   ഗോവന്‍ യാത്രയിലെ പ്രശ്നങ്ങള്‍ അവര്‍ക്കു പിന്നാലെ പിന്നീട് ബാഗലൂരിവിലും എത്തുന്നു .സംഭവ വികാസങ്ങള്‍  പരിഹരിക്കാന്‍ ശ്രമിക്കുമ്പോള്‍ ചാക്കോയും ഹരിയും പുതിയ പ്രതിസന്ധികളില്‍ എത്തുന്നു.