2015, ഏപ്രിൽ 24, വെള്ളിയാഴ്‌ച


മുണ്ടൂരിലെ പാലക്കാട്



ഞാന്‍ എന്നോടു തന്നെ ചോദിക്കുകയാണ്.


''
നീ ഈ ദേശത്തെ സത്യമായിട്ടും സ്‌നേഹിക്കുന്നുണ്ടോ? ഉവ്വ് 

എന്നോ ഇല്ല എന്നോ പറയേണ്ടത്? അറിയുന്നില്ല.


കിഴക്ക് നായാടിക്കുന്ന്. തെക്ക് കൈയൊന്ന് ആഞ്ഞു നീട്ടിയാല്‍ 

ഇപ്പോള്‍ തൊടാം എന്ന മാതിരി വള്ളിക്കോടന്‍ മല. 

പടിഞ്ഞാറ് മുത്തംപാറക്കുന്ന്. വടക്ക് കല്ലടിക്കോടന്‍ മല. 

മുണ്ടൂരിനു ചുറ്റും വന്‍മതിലുയര്‍ത്തി പ്രകൃതി എന്നെ 

തടവിലിട്ടിരിക്കുകയാണ്.



എല്ലാം പിന്നിലേക്കു വലിച്ചെറിഞ്ഞ്, സ്മൃതികളടക്കം - കടന്നു 

പോകാന്‍ തോന്നാറുണ്ട്. പിന്നെതോന്നും പോയിട്ടെന്താ എന്ന്.


അങ്ങനെ പോകുന്നു.
.
മുണ്ടൂര്‍ കൃഷ്ണന്‍ കുട്ടി

1935 ജൂലായ്‌ 17ന് പാലക്കാട് മുണ്ടൂര്‍ അനുപുരത്ത് പിഷാരത്ത് ഗോവിന്ദ പിഷാരടി ,മാധവി പിഷാരസ്യാര്‍ എന്നിവരുടെ മകനായി ജനനം.പറളി ഹൈസ്കൂള്‍,പാലക്കാട് വിക്ടോറിയ കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഇംഗ്ലീഷ് സാഹിത്യത്തില്‍ എം എ ..അധ്യാപന ജോലിയില്‍ ചിറ്റൂര്‍ അധ്യാപക പരിശീലന കേന്ദ്രത്തില്‍ നിന്നും വിരമിച്ചു .നിലാപ്പിശുക്കുള്ള രാതിയില്‍ എന്നാ കഥാസമാഹാരത്തിനു 1996 ലെ ചെറുകാട് അവാര്‍ഡ്  ആശ്വാസത്തിന്റെ മന്ത്രച്ചരട്  എന്ന പുസ്തകത്തിനു 1997ലെ സാഹിത്യ അക്കാദമി പുരസ്കാരം എന്നെ വെറുതെ വിട്ടാലും എന്ന കൃതിക്ക് 2003 ലെ ഓടക്കുഴല്‍ അവാര്‍ഡ്  എന്നിവ നേടിയിട്ടുണ്ട് .ഏകാകി ,മനസ്സ് എന്ന ഭാരം, മാതുവിന്റെ കൃഷ്ണത്തണുപ്പ് (നോവല്‍) എന്നെ വെറുതെ വിട്ടാലും ,മൂന്നാമതൊരാള്‍, കഥാപുരുഷന്‍, അവശേഷിപ്പിന്റെ പക്ഷി, അമ്മയ്ക്ക് വേണ്ടി, എത്രത്തോളമെന്നറിയാതെ, തന്നിഷ്ടത്തിന്റെ വഴിത്തഴപ്പുകള്‍,ഒരു അധ്യാപകന്റെ ആത്മഗതങ്ങള്‍(കുറിപ്പുകള്‍) എന്നിവ മറ്റു കൃതികള്‍ .2005 ജൂണ്‍4 ന് മരണം .
           സാഹിത്യം കാല ദേശാന്തരമാണ്.എന്നിരിക്കിലും ദേശം , അതിന്റെ കാണാ വിത്തുകള്‍ ,മിത്തുകള്‍എന്നിവ എഴുത്തുകാരനെ അറിയാതെ പിന്തുടരും .അതാണ്‌  തന്നെ നട്ടുവളര്‍ത്തിയ നാടും എഴുത്തും എഴുത്തുകാരനും തമ്മിലുള്ള പൊക്കിള്‍കൊടി ബന്ധം . വരികള്‍ക്കിടയിലെ ഈ നാട്ടുവരവ് ഒരിക്കലും കൃത്രിമം ആവില്ല .അതറിയാതെ പെയ്യുന്ന ചാറല്‍ മഴ പോലെ വന്നു പോകുകയാണ് . അത് തന്നെ ആകും എഴുത്തിന്റെ മൌലികതയും താളവും ഒഴുക്കും .മണ്ണിനോട് തന്നെ തന്നെ ചേര്‍ത്ത് നിര്‍ത്തുന്നതിലൂടെ ,അതിന്റെ തണുപ്പും ചൂടും മണവും ഹൃദയത്തിലേക്ക് ആവാഹിക്കുന്നതിലൂടെ തന്നെ ആണ് ഒരു എഴുത്തുകാരന്‍ തന്നെ തന്നെ രേഖപ്പെടുത്തുന്നത് .സ്ഥിര പരിചിതമായ ഭാഗങ്ങളില്‍ നിന്നും തന്നെ എഴുത്തിനുള്ള ഊര്‍ജം കണ്ടെത്തുക വഴി കാലത്തെയും അതിന്റെ ചിട്ടവട്ടങ്ങള്‍ , ചരിത്രം ,ഭൂമിശാസ്ത്രം ഇതിലൊക്കെ വന്ന മാറ്റങ്ങള്‍ എല്ലാം എഴുത്തില്‍ കൊണ്ടുവരാന്‍ എഴുത്തുകാരന് കഴിയുന്നു . സങ്കല്പ കഥാപാത്രങ്ങള്‍ക്ക് അപ്പുറംജീവിതത്തിന്റെ ഗന്ധം പേറുന്ന മനുഷ്യരെ എഴുത്തില്‍ ജീവിക്കാന്‍ വിടുന്ന സ്വാതന്ത്ര്യ ദാതാവായി എഴുത്തുകാരന്‍ പരിണാമപ്പെടുന്നു .കാലത്തെ അറിയാന്‍ സഹായിക്കുക എന്ന സാഹിത്യ ദൌത്യം നിറവേറ്റുന്നതു ആകുന്നു.

    
 മലയാളം അടയാളപ്പെടുത്തിയ കഥകളുടെ നാട്ടുകാരണവരായ  മുണ്ടൂര്‍ കൃഷ്ണന്‍ കുട്ടിമാഷ്‌ നടത്തിയ ആത്മഭാഷണത്തില്‍ തന്നെ തന്റെ നാട് എങ്ങിനെ തനിക്കു തടവും അതെ സമയം സ്വാതന്ത്ര്യവും ജീവിക്കാനുള്ള ഊര്‍ജവും തരുന്നു എന്ന് കാണിക്കുന്നു . തന്റെ ദേശം എത്രമേല്‍ വ്യക്തിപരമായി തന്നെ പിടിച്ചു നിര്‍ത്തുന്നു എന്നത് അദ്ദേഹത്തിന്റെ സാഹിത്യ ജീവിതത്തിലും പ്രകടമാണ് .

               
പാലക്കാടന്‍ കഥകള്‍ എന്ന് പറയാം എങ്കിലും പാലക്കാടിന്റെ ഇപ്പുറം വയലുകള്‍ താണ്ടി വേണം മുണ്ടൂര്‍ കഥകളുടെ കളപ്പുരയില്‍ എത്താന്‍ . പാലക്കാടന്‍ ഭാഷയായി ഇന്ന് വ്യവഹരിക്കപ്പെടുന്ന നീട്ടലും വലിക്കലും ഉള്ള ഭാഷ ഉപയോഗിക്കാതെ കുറച്ചു കൂടി കുലീനമായ ഭാഷയാണ്‌ മുണ്ടൂര്‍ കഥകളില്‍ .മുണ്ടൂര്‍ തന്നെ ആണ് കഥകളുടെ ദേശം .
  ഒരു മലയോരപ്രദേശമായ  മുണ്ടൂര്‍ എന്ന സ്ഥലനാമം എങ്ങിനെ വന്നു എന്നു കണ്ടെത്താന്‍  ജനങ്ങളുടെ ജീവിതാവസ്ഥയും സാംസ്കാരികപഴമയും ഇഴപിരിച്ച് നോക്കുമ്പോള്‍ എത്തിച്ചേരുന്ന നിഗമനങ്ങളനുസരിച്ച് ഈ സ്ഥലനാമത്തിന് ആധാരം രണ്ട് വസ്തുതകളാണ്. പഴയകാലം മുതല്‍ ഇവിടെ ഒരു വിഭാഗം ജനങ്ങളുടെ തൊഴില്‍ നെയ്ത്തായിരുന്നു. ഇവിടെ നെയ്യുന്ന വസ്ത്രങ്ങള്‍ അയല്‍ ഗ്രാമങ്ങളില്‍ വില്‍ക്കുകയും അയല്‍ ഗ്രാമക്കാര്‍ വസ്ത്രങ്ങള്‍ക്കായി മാത്രം ഇവിടെ വരികയും ചെയ്തിരുന്ന ഒരു സ്ഥിതിവിശേഷം ഇങ്ങനെയൊരു സ്ഥലനാമം ഉണ്ടാകാന്‍കാരണമായിട്ടുണ്ടാവാം.കഥകളുടെ നെയ്ത്തുശാലയും  അങ്ങിനെ ആണ് പിറന്നത് . വാക്കുകളുടെ ഇഴയടുപ്പം അത്രത്തോളം ഉണ്ടല്ലോ മുണ്ടൂര്‍ കഥകളില്‍ .

കഥകളില്‍ വന്നു പോകുന്ന വയല്‍, കളം ,പഴയ കാല നാലുകെട്ടുകള്‍ ,പത്തായപ്പുരകള്‍, തെക്കിനിപ്പുര ,അമ്പലക്കുക്കുളം ,ഭഗവതി ,ആലിന്‍ ചുവടുകള്‍ എല്ലാം,എല്ലാം ഗ്രാമീണതയോടൊപ്പം നിലനിന്ന കുലീനതയും  കത്ത് സൂക്ഷിക്കുന്നു .പുരാതനമായ മണം, മാറാല കെട്ടിയ തട്ടില്‍ കാലം തല കീഴായി തൂങ്ങിക്കിടന്നു ,പത്തായ പുരയുടെ വാതില്‍ കരഞ്ഞു തുറന്നു ,അമ്പലക്കുളത്തില്‍ കുളിച്ചു ഈറനോടെ സന്നിധിയില്‍ ,കരുവാളിച്ചു കിടക്കുന്ന അന്തി ,തെക്കിനിയില്‍ കിഴക്കോട്ടു ഇരുന്നു നമശിവായ ചൊല്ലുന്ന മുത്തശി തുടങ്ങി മൂന്നാമതൊരാള്‍ എന്ന കഥ മാത്രം എടുത്താല്‍ മുണ്ടൂര്‍ കുടഞ്ഞിടുന്ന ദേശത്തിന്റെ വാക്ക് വിത്തുകള്‍ ഏറെ .
                    


ഒരു അഭിമുഖത്തില്‍ കഥാപാത്രങ്ങ പലപ്പോഴും എന്റെ ഈശ്വരാ... ദൈവമേ.... എന്നിങ്ങനെ ആവത്തിക്കുന്നുണ്ടല്ലോ. ഈശ്വരനി അത്താണി കണ്ടെത്തുന്ന ഒരു മനസ്സാണോ മാഷിലും എന്നാ ചോദ്യത്തിനു  എന്റെ ഈശ്വരാപ്രയോഗങ്ങക്ക്‌ അയ്യോഎന്നാണ്‌ പരമാത്ഥത്തിത്ഥം. എനിക്ക്‌ ഈശ്വരനി വിശ്വസിക്കാ സാധിക്കുന്നില്ലല്ലോ എന്നതാണ്‌ എന്റെ സങ്കടം. പക്ഷെ പുനജന്മത്തി വിശ്വസിക്കാ സാധിക്കുന്നില്ലെങ്കിലും എന്തൊക്കെയോ സ്വാധീനങ്ങ പാരസ്‌പര്യം കൊണ്ടുംമറ്റും നമുക്കുണ്ടാവുന്നുണ്ട്‌. അതുകൊണ്ടാണല്ലോ അമ്മിണിയേടത്തി (മാഷടെ സഹോദരി) മരിച്ചുപോയിട്ടും അവ ഇവിടെ വിട്ടുപോയ ഭക്തിചിഹ്‌നങ്ങ ഒന്നും എനിക്കു മാറ്റാ കഴിയാത്തത്‌.


തൊട്ടടുത്ത ശിവക്ഷേത്രത്തി പൂജമുടങ്ങിയാ അതെന്നെ വല്ലാതെ അസ്വസ്ഥനാക്കുന്നു. മനസ്സിന്റെ ഇത്തരം വൈരുദ്ധ്യം നിറഞ്ഞ സമസ്യക എന്റെ കഥയിലേക്ക്‌ പലപ്പോഴും വളക്കൂറായിതീരുന്നു. അതുകൊണ്ട്‌ ഞാ അയ്യോഎന്ന അത്ഥത്തി ദൈവമേഎന്നും തേവരേഎന്നും വിളിച്ചുപോവുന്നു...ഇതാണ് സാധാരണ നാട്ടിന്‍ പുരത്തുകാരന്റെ മനസ്സ് .മുണ്ടൂര്‍ എന്നോ പാലക്കാട് എന്നോ വിളിച്ചാലും ആ ഭൂമികയുടെ മനസ്സ് . ദൈവം എന്ന അത്താണിയും  ക്ഷേത്രങ്ങളും മനസ്സില്‍ കൊണ്ട് നടക്കുന്ന നന്മകള്‍ ആയി കണക്കാക്കുന്ന എഴുത്തുകാരന്റെ മനസ്സ് .

ഉറക്കമില്ലാത്ത രാത്രി നീളുമ്പോള്‍, മലര്‍ന്നു കിടക്കുന്ന എന്റെ മാറില്‍ ചൂടുള്ള കണ്ണീര്‍ വീഴുന്നു.

എനിക്ക് സുഖാവില്യേ ഏട്ടാ?

നിനക്കതിന് അസുഖോന്നുല്യാലോ കുട്ടീ.

എന്റെ കൈ ആ തലമുടി തലോടി. പുറം തലോടി.


എന്നാലും എന്റെ മാറത്തെ പിടപ്പ് ഇപ്പോഴും മാറീട്ടില്ലല്ലോ. ഏട്ടാ..

(മൂന്നാമതൊരാള്‍)....ഇതിലെ  സുഖാവില്യേ ഏട്ടാ?അസുഖോന്നുല്യാലോ കുട്ടീ. എന്നീ വാക്യങ്ങള്‍

എടുത്താല്‍  അന്നത്തെ തറവാടുകളില്‍ ഉപയോഗിച്ചിരുന്ന ഭാഷ ആണെന്ന് കാണാം .അതായത്  

ശുദ്ധ ഗ്രാമീണരുടെയും അടിസ്ഥാന വര്‍ഗത്തില്‍ പെട്ടവരുടേയും ഭാഷ മാത്രം അല്ല അതിനു മേലെ ഉള്ള വരുടെ ഭാഷയും  മാഷിന് വഴങ്ങുന്നു  .അധ്യാപനത്തിലൂടെ സ്വായത്തമാക്കിയ സംവേദന രീതികള്‍ മാഷിനെ സ്വാധീനിച്ചിട്ടുണ്ട് .എന്ന് കാണാം .മൌനത്തില്‍ ഊന്നിയ വാചാലത യാണ് 

പല നാട്ടു കാഴ്ചകളും .അത് തന്നെ ആണ് കഥന ശൈലിയും .ഞാനും അയാളും മാഷിന്റെ കുറെ ഏറെ കഥകളില്‍ വരുന്ന കഥാപാത്രങ്ങള്‍ ആണ് .ഈ അയാള്‍ തന്നില്‍ നിന്നും മാറി തന്നെതന്നെ ,സമൂഹത്തെ തന്നെ നോക്കുന്ന ഒരാള്‍ ആണെന്ന് കാണാം . ഇങ്ങിനെ ഒരാള്‍ മിക്കവാറും എല്ലാ ഗ്രാമത്തിലും കാണും .ഒരു നിഷ്പക്ഷന്‍ .കാല്പനികതയുടെ മാമ്പൂ മണം എന്നൊക്കെ പറയാം എങ്കിലും അടിച്ചമര്‍ത്തപ്പെട്ട വികാരങ്ങളുടെ തുറന്നു പറച്ചിലുകള്‍ തന്നെയാണ് മാഷിന്റെ കഥകള്‍
ഭഗവതി എന്ന അച്ചടി ഭാഷ വിട്ടു മുണ്ടൂര്‍ ഹൃദയത്തോട് ചേര്‍ത്ത് ദേശക്കാര്‍ വിളിക്കുന്ന ഭഗോതി എന്ന വാക്കെടുക്കുന്നു .കാല്‍ എരടി പൊട്ടും , സമയമില്ല എന്നതിന് പകരം സമയല്യ ,എന്താണെന്ന് വച്ചാല്‍ എന്നതിന് പകരം എന്താച്ചാ ,എന്തിനാ ഇത്ര എന്നതിന് പകരം ന്തിനാത്ര  എന്നിങ്ങനെ അക്കാലത്തെ ഇടത്തരക്കാരോ ,സമ്പന്നരോ ആയ മുണ്ടൂര്‍ തരവാട്ടുകളിലെ ഭാഷയാണ്‌ കഥാകാരന്‍ ഉപയോഗിക്കുന്നത് .

           
മുണ്ടൂര്‍ തന്നെ ഒരിക്കല്‍ പറഞ്ഞത് കടം എടുത്താല്‍ അദ്ദേഹത്തെ എഴുത്തിലേക്ക്‌ അടുപ്പിച്ചത്  ,രൂപപ്പെടുത്തിയത്  അക്കാലത്തെ സാമൂഹ്യ ജീവിതം തന്നെ ആണ് ,കഥകളി ഭ്രമം ഉള്ള അമ്മാവന്‍ , നടുമിറ്റത്ത് നടക്കാറുള്ള തിരുവാതിരക്കളി ,നാട്ടിലെ വായനശാല എന്നിവയൊക്കെ കുട്ടിക്കാലത്ത് തന്നെ തന്നെ ദേശത്തെ ഹൃദയത്തോടൊപ്പം അലിയിച്ചു വക്കാന്‍ കാരണമായതായി മാഷ്‌ തന്നെ പറയുന്നുണ്ട് . മരുമക്കത്തായ സമ്പ്രദായം നില നിന്നിരുന്ന തറവാടുകള്‍ ആണ് മുണ്ടൂര്‍ കഥയിലെ ഇടങ്ങള്‍ .അമ്മാവനെ കാത്ത് ഇരിക്കുന്ന മറ്റു അംഗങ്ങള്‍ .അവരുടെ വികാരങ്ങള്‍ എല്ലാം കഥാകാരന്‍ പറയാതെ പറയുന്നു എവിടെയോ തോര്‍ന്നു തീരുന്നു എന്ന കഥയിലെ പേരില്ലാത്ത വൃദ്ധന്‍ തനി മുണ്ടൂര്‍ മട്ടുകാരനാണ് .ചാളയുടെ ഇറയത്ത്‌ കരിയും നുകവും മഴ കാത്തു കിടക്കുന്നത് ഒരു നാട്ടു കൃഷിക്കാരന്റെ മനസ്സാണ് .ചെവിക്കു പിറകില്‍ കൈത്തലം കുമ്പിള്‍ ആക്കി വച്ച് മഴയ്ക്ക് ചെവിയോര്‍ക്കുന്ന വൃദ്ധന്‍ ആ ചിത്രം ഒന്ന് കൂടി ഉറപ്പിക്കുന്നു .
  ചപ്പിലകള്‍ക്കിടയില്‍ എന്ന കഥയില്‍  പാലക്കാടിന്റെ ,മുണ്ടൂരിന്റെ തനത് ബിംബമായ നാട്ടു കള്ളുഷാപ്പ് കടന്നു വരുന്നുണ്ട് .കരിമ്പനയും ചെത്തും കുലത്തൊഴില്‍ പോലും ആയിട്ടുള്ള ഗ്രാമം .ആ ചിത്രം പോലും മാഷിന്റെ കഥയില്‍ വരച്ചിടുന്നുണ്ട് .
  സ്വയം പ്രഭയുടെ കല്യാണം എന്ന കഥയില്‍ മുണ്ടൂരിന്റെ പ്രാദേശിക രാഷ്ട്രീയ ചരിത്രം ഉണ്ട്. പാട്ടക്കുടിയാന്‍ ആയിരുന്ന വേലാണ്ടി കര്‍ഷക സംഘത്തിന്റെ പ്രാദേശിക സെക്രട്ടറിയായി മാറുന്ന കഥ .ഭൂനിയമം വന്നപ്പോള്‍ കൂടുതല്‍ വെളുത്ത വേലാണ്ടിയുടെ കഥ .ആഭിജാത്യത്തിന്റെ പേരില്‍ കര്‍ഷകസംഘത്ത്തില്‍ നിന്നും രാജി വയ്ക്കുന്ന വേലാണ്ടി ഒരു കാലത്തിന്റെ മാറ്റത്തിന്റെ ചിത്രം ആകുന്നു .പാലക്കാടിന്റെ ഗതി തിരിച്ച പുത്തന്‍ പണക്കാരുടെ ചിത്രം ആയി മാറുന്നു .മാഷ്‌ പൊതുവേ കമ്മുനിസ്റ്റ്‌ പക്ഷത്ത് ആണെങ്കിലും ,അതിന്റെ പുറത്ത് നിന്ന് രാഷ്ട്രീയത്തെ നോക്കുന്ന മൂന്നാമത്തെ ആളായി മാറുന്ന ദൃശ്യം .നടപ്പുഭൂമി ജന്മമായുള്ള വീട്ടുകാരിലും അപ്പുറം വളര്‍ന്ന പാട്ടക്കുടിയാന്റെ കഥ , പണം ഒരാളുടെ രാഷ്ട്രീയത്തെ എങ്ങിനെ മാറ്റുന്നു എന്ന ദൃശ്യം എന്നിവയെല്ലാം നാടിന്റെ നേര്‍ക്കാഴ്ചകള്‍ ആണ് .
  
       കുടമുല്ലശ്ശേരി എന്ന ഗ്രാമപ്പെരില്‍ നിന്നും സമ്മര്‍ കോട്ടേജ് എന്ന നഗര ഭാവനത്തിലെക്കുള്ള വളര്‍ച്ചയാണ് ദാര്‍ശനിക ദുഃഖം മൂലം എന്ന കഥ .പരിഷ്കാരം ഗ്രാമത്തെ തള്ളി പറയുന്നതിന് മാഷ്‌ സാക്ഷിയാവുകയാണ് .സ്റ്റാറ്റസ് എന്ന പീഡയുടെ നൈരന്തര്യം നമശിവായ ചൊല്ലല്‍ ,അന്തിത്തിരി കത്തിക്കല്‍ ,,എന്നിവയില്‍ നിന്നും ഗ്രാമാന്തരീക്ഷത്തില്‍ ജീവിച്ച ദമ്പതികളെ എങ്ങിനെ ബാധിക്കുന്നു എന്നുള്ള ചിത്രം .വേഷത്തിലും ഭാവത്തിലും താന്‍ ജീവിക്കുന്ന ദേശത്ത് വരുന്ന മാറ്റങ്ങള്‍ .വൈകുന്നേരങ്ങളില്‍ നമശിവായ ക്ക് പകരം ഇംഗ്ലീഷ് പദ്യങ്ങള്‍ മലയാളം അധ്യാപകര്‍ കൂടിയായ ദമ്പതികളുടെ സമ്മര്‍ കൊട്ടെജില്‍ നിന്നുയരുന്നത് മാഷ്‌ ദേശത്തിനു നേരെ പിടിച്ച കണ്ണാടിയാകുന്നു .ഈ കഥ പിറക്കുമ്പോള്‍ ഒരു പക്ഷെ വിരലില്‍ എണ്ണാവുന്ന ഇംഗ്ലീഷ് മീഡിയം സ്കൂളുകളെ ഉണ്ടായിരുന്നു എങ്കില്‍ ഇന്നത്തെ എണ്ണം വലുതാണെന്ന് ആലോചിക്കുമ്പോള്‍ ആണ് ദേശത്തിന്റെ പരിണാമത്തിന്റെ പ്രവചനം മാഷ്‌ വരികളില്‍ കുറിച്ചിടുന്നത് മനസ്സിലാവുക .
     പാവപ്പെട്ടവര്‍ ,ഇടത്തരക്കാര്‍ ,പണക്കാര്‍ ,പോലീസ് പത്രം രാഷ്ട്രീയക്കാര്‍ എന്നിവയെ പലാകാടന്‍ ശൈലിയില്‍ വിചാരണ ചെയ്യുന്നതാണ് നല്ലപ്പ കൌന്ടരുടെ കഥ .അതിന്റെ ഭൂമികയാവുന്നത് കരിമ്പ് തോട്ടമാണ് .മുണ്ടോരില്‍ അത്ര പതിവില്ലെങ്കിലും കിഴക്കന്‍ പാലക്കാടില്‍ കരിമ്പ് തോട്ടത്തില്‍ പണിയെടുക്കുന്ന തൊഴിലാളികളുടെ കൂലിയിലുള്ള ചൂഷണം ചോദ്യം ചെയ്യപ്പെടുന്നു .ഇവിടെ മുതലാളി പറയുന്ന ഭാഷ തൊഴിലാളികള്‍ക്ക് മനസ്സിലാവുന്നില്ല എന്നത് അന്നും ഇന്നും വാസ്തവമാണ് .,ഇവിടെ നാട്ടു വിപ്ലവ കാരികള്‍ എങ്ങിനെ ജനിക്കുന്നു എന്നത് ആക്ഷേപ ഹാസ്യത്തിന്റെ മേമ്പൊടിയോടെ മാഷ്‌ വരച്ചിടുന്നു . മുണ്ടൂരിനെയും  കോങ്ങാടിനെയും ഒരു സമയത്ത് വിറപ്പിച്ച നക്സല്‍ പ്രസ്ഥാനം ,നായകനായ മുണ്ടൂര്‍ രാവുണ്ണി ,നക്സലുകളെ സമൂഹം എങ്ങിനെ വേട്ടയാടി എന്നതൊക്കെ അദൃശ്യ സാന്നിധ്യമായി വെളിപ്പെടുന്നുണ്ട് . മാധ്യമ രംഗത്ത് വന്ന അപചയത്തെ കൂടി മാഷ്‌ വരച്ചിടുന്നു .
ഇന്ന് പുറത്തിറങ്ങണ്ട എന്ന കഥയിലും ഈ നക്സല്‍ കടന്നു വരുന്നുണ്ട് .1972 ല്‍ കഥയിലെ മാഷിന്റെ വീട്ടില്‍ മൂന്ന് രാത്രിയും പകലും ഒളിവില്‍ കഴിഞ്ഞ നാരായണദാസ് എന്ന ആളായി .പഴയ കാല പാലക്കാടന്‍ ഗ്രാമങ്ങളിലെ നിറ സാന്നിധ്യമായ പറങ്കി മാവിന്‍ കാട് ഇവിടെയും കഥയുടെ ഭൂമികയാകുന്നുണ്ട് .
   മുഴുമിക്കാത്ത മറുപടി  എന്ന കഥ നക്സല്‍ നേതാവ് രാവുണ്ണിക്കുള്ള സമര്‍പ്പണമാണ് മുണ്ടൂരിനു അടുത്ത് കോങ്ങാട് ഗ്രാമത്തില്‍ ഒരു ജന്മി നക്സല്‍ ആക്രമണത്തിനു ഇരയാവുന്നു .മുണ്ടൂരില്‍ നിന്നും സംശയം തോന്നിയവരെ ഒക്കെ പോലീസ് പിടിച്ചു കൊണ്ട് പോവുന്നു .രാവുണ്ണി ഒളിവില്‍ ആണ് . കഥയിലെ എ പി മാഷ്‌ തന്നെ ആണ് .രാവുണ്ണി അടുത്ത സുഹൃത്തും .ഏതു നിമിഷവും രാവുണ്ണി പടിഞ്ഞാറേ തൊടിയിലെ ചപ്പിലകളെ ഞെരിക്കുന്ന ശബ്ദവുമായി കടന്നു വരാം .രാവുണ്ണിയെ കൊള്ളാനും വയ്യ തള്ളാനും വയ്യ .ഈ സന്ദേഹത്തില്‍ എ പി യുടെ ഉറക്കം നഷ്ടപ്പെടുന്നു .ഇത് മാഷ്‌ മാത്രം ആവില്ല .അക്കാലത്തെ മുണ്ടൂര്‍ ക്കാരില്‍ ഏറെ പേര്‍ അനുഭവിച്ച സന്ദേഹം .
ഇമ വെട്ടാതെ ഒരു ഇടംകണ്ണും നക്സല്‍ കഥയാണ് .ആരും വരുന്നില്ല എല്ലാരും പോയി കൊണ്ടിരിക്കുകയാണ് എന്ന നിരാശ പേറുന്ന നക്സല്‍ ജയകൃഷ്ണന്‍ .മുന്‍കാല സഹ പ്രവര്‍ത്തകര്‍ ഒക്കെയും ജീവിതത്തിലേക്ക് തിരിച്ചു പോകുന്നത് ഒരു വേള താന്‍ തന്നെയും പോകുന്നത് ഇമവെട്ടാതെ നോക്കി കൊണ്ടിരിക്കുന്ന ഇടം കണ്ണുള്ള നക്സല്‍ .ഒളിത്താവളത്തില്‍ നിന്നും പഴയകാല സഹപ്രവര്‍ത്തകനെ വെറുതെ വല്ലാത്തൊരു വെറുതെ കാണാന്‍ എത്തുന്ന സഹ സഖാവ് . കൂട്ടുക്കാരനില്‍ കാലം വരുത്തിയ മാറ്റം കണ്ടു പകച്ചിരിക്കുന്ന സഖാവ് .ഒടുക്കം തീവണ്ടിപ്പാളത്തില്‍ തിരിച്ചറിയപ്പെടാതെ മരിക്കുന്ന സഖാവ്. മുണ്ടൂരിലെ കഥാകാരന്റെ മനസ്സില്‍ നക്സലുകള്‍ അങ്ങിനെ ഒരു പാട് .
           മുണ്ടൂര്‍ ,കോങ്ങാട് ഗ്രാമങ്ങളുടെ ജീവനാണ് കുമ്മാട്ടി .കുമ്മാട്ടിയൂരമ്മ സാക്ഷി എന്ന കഥയില്‍ മാഷ്‌ അത് പറയുന്നു . സമൂഹത്തിലെ തിന്മകള്‍ ചാക്രികമായി ആവര്‍ത്തിക്കുന്നത് കുമ്മാട്ടി കാവിലെ ഉത്സവത്തോട് ബന്ധപ്പെടുത്തി കഥയാകുന്നു .കള്ളിന്റെ തെമ്പും റബ്ബറിന്റെ തണ്ടും എന്ന പ്രയോഗം പാലക്കാടിന്റെ സാമൂഹ്യ വ്യവസ്ഥയെ കാണിക്കുന്നു . കള്ളുകച്ചവടക്കാരന്‍  മുതലാളി ,കുടിയേറ്റ കര്‍ഷകന്‍ ആയ റബ്ബര്‍ മുതലാളി ഇവരുടെ ഇടയില്‍ പെട്ട് ആരും ഇല്ലാത്തവന്‍ ആയി മാറുന്ന അടിസ്ഥാന വര്‍ഗ തൊഴിലാളികള്‍ .അക്കാലത്തെ ഗ്രാമങ്ങളുടെ ചിത്രമാണ് ഇത്
മുണ്ടൂരിലെ ഒരു പരിചിത ഗ്രാമം ആയ കിഴക്കുമുറിയിലെ കോമ്രേഡ് അപ്പുണ്യര് എന്ന കഥയിലും വിശ്വാസത്തെയും കമ്മുനിസത്തെയും  മാഷ്‌ വിചാരണ ചെയ്യുന്നുണ്ട് . കോമരം തുള്ളല്‍ ,വാളിന്മേല്‍ പണം വയ്ക്കല്‍ തുടങ്ങിയ ദേശ ആചാരങ്ങള്‍ ,അന്ധവിശ്വാസങ്ങള്‍ എന്നിവ കമ്മുനിസ്റ്റ്‌ ആശയങ്ങള്‍ക്ക് വിരുദ്ധമല്ലേ ? എന്ന എന്ന ചോദ്യത്തിനു കുമ്മാട്ടി ഈ ദേശത്തിന്റെ മുഴുവന്‍ മോഹവും ആശ്വാസവുമാണ് അത് മനസ്സിലാക്കാതെ മാറി നില്‍ക്കുന്നവര്‍ ആദര്‍ശങ്ങള്‍ക്ക് ചോരയോട്ടാവുമുന്ടെന്നു അറിയാത്തവരാണ് എന്ന് തന്നിലെ തന്നോട് മാഷ്‌ ഉത്തരവും പറയുന്നുണ്ട് .കോമര കാലത്തേക്ക്  എന്ന കഥയിലും നാടിന്റെ നാടിയായി കോമരം കടന്നു വരുന്നുണ്ട് .
ദേവിയുടെ ഉപാസനകള്‍ എന്ന കഥയില്‍ കമ്മുനിസ്റ്റ്‌ ആയ ഗോവിന്ദന്‍ നായര്‍ താന്‍ കമ്മുനിസ്റ്റ്‌ ആയത് ദൈവത്തിന്റെ കാരുണ്യം കൊണ്ടാണെന്നും സമര ഘട്ടങ്ങളില്‍ തന്റെ ഉള്ളില്‍ ചാന്താടുന്ന ഭഗവതി ആണ് കുടി കൊണ്ടത് എന്നും വെളിപ്പെടുന്നു .എന്റെ പാലക്കീഴിലമ്മേ എന്നെ കമ്മുനിസ്റ്റ്‌ ആക്കി തരണേ ദൈവ വിശ്വാസമില്ലാതാക്കി തരണേ ദേവീ എന്ന് പ്രാര്‍ഥിക്കുന്ന പിഷാരടി വിശ്വാസത്തിന്റെയും മാര്‍ക്സിസത്തിന്റെയും ഇടയില്‍ പെടുന്ന കേവല ജീവിതങ്ങളെ കാണിക്കുന്നു .തന്നിഷ്ടത്തിന്റെ വഴിത്തഴപ്പുകള്‍ എന്ന കഥയില്‍ ദേശം കമ്മുനിസ്റ്റ്‌ ആകുന്ന രംഗം ഇങ്ങിനെ ആണ് മാഷ്‌ അവതരിപ്പിക്കുന്നത് .രാവിലെ രാഹുകാലത്തിനു മുമ്പ് എല്ലാവരും അമ്പല മുറ്റത്ത് കൂടി .കുളത്തില്‍ മുങ്ങിക്കുളിച്ചു .ഭഗോതിയുടെ മുന്നില്‍ ചെന്ന് സമ്മതം വാങ്ങി ...ഭഗോതിയെ സാക്ഷി നിര്‍ത്തി ഞാന്‍ എന്റെ കുടുംബാംഗങ്ങളോടൊപ്പം ഇന്ന് മുതല്‍ കമ്മുനിസ്റ്റ്‌ ആയിരിക്കുന്നു എന്നാണ്. .വിശ്വാസവും മാര്‍ക്സിസവും കൂടിക്കുഴഞ്ഞ മിശ്രിതമാണ് മുണ്ടൂരിന്റെ രാഷ്ട്രീയം .ഇന്നും മുണ്ടൂരില്‍ കുമ്മാട്ടിയും,കോമരം തുള്ളലും  നടക്കുന്നു .കമ്മുണിസവും സജീവം . ദേശത്തിന്റെ ജീവനോട്‌ ആദര്‍ശങ്ങള്‍ സമരസ പെടണം എന്നതില്‍ മാഷിന്റെ പ്രവചനം സത്യമായ കാലം

         ചില കഥകള്‍ കൃത്യം ചരിത്രം ആണ് .ഒലവക്കോട് വഴി തീവണ്ടി ഓടിത്തുടങ്ങിയിട്ടില്ലാത്ത്ത കാലം .പാതയുടെ പണി നടക്കുന്ന കാലം..പാലക്കാട് കോട്ടയ്ക്കു സമീപം താമസിക്കുന്ന ഗോര്‍ഡന്‍ സായ്പിന്റെ ഭാര്യയെ സ്വീകരിക്കാന്‍ കോയന്പത്തൂര്‍ വരെ പോകേണ്ടി വരുന്നു .ശേഷം യാത്ര കുതിര വണ്ടിയില്‍ ..വലിയ നിഗൂഡതയായ വാളയാര്‍ കാട് .ഹൈദരലിയുടെ കുതിര പട്ടാളത്തിനു കടന്നു പോകാന്‍ വെട്ടിയെടുത്ത പാത എന്നിങ്ങനെ പാലക്കാട്ടെ ടിപ്പുസുല്‍ത്താന്റെ അധിനിവേശം വരെ കഥയില്‍ വരുന്നു .പാലക്കാടിന്റെ പനങ്കള്ളിന്റെ രുചി ,കരിന്പനക്കാട്,പരുവ ,മഞ്ഞരളി, പാലക്കാട് എന്ന സ്ഥല നാമം തന്നെ നല്‍കിയ പാലക്കൂട്ടം ,ചേരുമരങ്ങള്‍ ,കല്‍പ്പാത്തിപ്പുഴ ,ധോണി മല ,മാട്ടുവണ്ടി, പൊറാട്ട് നാടകം തുടങ്ങി മദാമ്മയെ മയക്കിയ കണ്ടുണ്ണി വരെ പാലക്കാടിന്റെ ഭൂമിശാസ്ത്രം ആകുന്നുണ്ടിവിടെ .കഥയുടെ ഒടുക്കം ശോക പര്യവസായി ആയെങ്കില്‍ പോലും .. സുല്‍ത്താന്‍ പേട്ടയില്‍ എത്തിയില്ലേ? എന്ന കഥയും പാലക്കാടന്‍ കോട്ടയെ രേഖപ്പെടുത്തുന്ന കഥയാണ് .കുംഭം കഴിഞ്ഞു ഏറെയായി എന്ന കഥയില് ഇതിഹാസം പിറന്ന ഖസാക്കും ഒ വി വിജയനും വരെ കടന്നു വരുന്നു . വേലാണ്ടിയുടെ തങ്ക പാലക്കാടിനും കോങ്ങാടിനും ഇടക്കുള്ള ബ്രിട്ടിഷ് ബംഗ്ലാവിനെ കഥയാക്കുന്നു .
  ചരിത്രത്തിന്റെ സത്യവഴികള്‍ എന്ന കഥയില്‍ മഹാത്മാ ഗാന്ധി ഒലവക്കോട് വന്നിറങ്ങി അകത്തെതറ ശബരി ആശ്രമത്തില്‍ സന്ദര്‍ശനം നടത്തിയത് കഥയില്‍ കടന്നു വരുന്നുണ്ട്
. എന്റെ കളികള്‍ എന്ന കഥയില്‍ ശബരി ആശ്രമത്തിന്റെ സ്ഥാപകനായ കൃഷ്ണ സ്വാമി അയ്യരെ  പറ്റി പറയുന്നു ,ഹരിജന്‍ എന്ന വാക്ക് പോലും പ്രചാരത്തില്‍ ആവുന്നതിനു മുമ്പ് തന്നെ അധസ്ഥിതരുടെ ഉന്നമനത്തിനായി കൃഷ്ണ സ്വാമി പ്രവര്‍ത്തിച്ചിരുന്ന ചരിത്രം .
   പുലി പിടിച്ചിരിക്കും എന്ന കഥ ടിപ്പുവിന്റെ സൈന്യത്തിലെ ഒരു ഭടന്‍ ആയിരുന്ന ലിയാഖത്തിനെ കുറിച്ചാണ്..അയാളും പാടത്ത് പണിയെടുക്കുന്ന നീലി എന്ന പെണ്ണുമായുള്ള അനുരാഗത്തിന്റെ കഥയാണ് .

        ശങ്കുണ്ണിയുടെ യോഗം എന്ന കഥ  മുണ്ടൂരിന്റെ പരിസ്ഥിതി കഥയാണ് .കുമ്മാട്ടിയൂരിലെ കാട് വെട്ടി  വരാന്‍ പോകുന്ന പുതിയ വ്യവസായ പദ്ധതി .കാട് വേണോ  വികസനം വേണോ എന്ന മാനസിക സംഘര്‍ഷം ഉള്ള ദേശക്കാര്‍ .ചോദിക്കാനും പറയാനും ആളില്ലതാകുന്നതോടെ കാടിനെ വഹിച്ചു മലയിറങ്ങുന്ന ലോറികള്‍ ..ചൂഷണക്കാരുടെ ആയുധമായി കാട് പോയാലും വികസനം വരണം എന്ന് പ്രസംഗിച്ച ശങ്കുണ്ണി .അവസാനം മരം വെട്ടുകാര്‍ക്കെതിരെ തിരിഞ്ഞു ഇല്ലാതായി പോകുന്ന  കഥ . വാണിജ്യവത്കരണം ഗ്രാമങ്ങളെ പ്രകൃതിയെ എങ്ങിനെ തിരിച്ചെടുപ്പില്ലാതെ നശിപ്പിക്കും എന്ന കഥ പാലക്കാടിന്റെത് തന്നെയെന്നു നിറഞ്ഞു വിളഞ്ഞ വയലുകള്‍ നികത്തപ്പെട്ടു കെട്ടിടങ്ങള്‍ ആയി പരിണമിച്ച ഇന്നത്തെ പാലക്കാടിനെ നോക്കുന്നവര്‍ക്ക് നിസ്സംശയം പറയാം .നിലാപ്പിശുക്കുള്ള രാത്രിയും ഇതേ കഥ പറയുന്നുണ്ട് .തൊടിയിലെ ചന്ദനമരം വെട്ടാന്‍ വരുന്നവരോട് എതിരിടാന്‍ പോയ മകന്റെ കരച്ചില്‍ പോലും തിരിച്ചറിയാന്‍ കഴിയാത്ത മാതാപിതാക്കള്‍ .പഴയ കാല കള്ളന്മാര്‍ വീട്ടുകാരന്റെ ഒരു ചുമ കേട്ടാല്‍ ഓടിപ്പോകുമായിരുന്നവര്‍ ,ഇന്നോ വീട്ടുകാരന്റെ ഉയിരെടുത്തും മോഷണം നടത്തുന്നവര്‍ ,ഈര്ന്നിട്ട മരത്തിന്റെ അവസാന ചുമട്ടുകാരന്‍ ആയി മാറേണ്ടി വരുന്ന മകന്‍ ..മരത്തോടൊപ്പം തൈലമാകാന്‍ വാ പൊളിച്ചു നില്‍ക്കുന്ന യന്ത്രത്തിന്റെ ഉള്ളിലേക്ക് കയറി പോകേണ്ടി വരുന്ന മകന്‍ ...
       പാലക്കാടന്‍ ഗ്രാമങ്ങളുടെ പഴയ കാല വിശ്വാസങ്ങള്‍ ആണ് ഒടിയന്‍ ,ഒടിയന്‍ വെട്ട്,മാട്ടും മാരണവും ,പാലച്ചോട്ടിലെ യക്ഷിയും കാരമൂര്ത്തിയുടെ മാട്ടും..ഇതെല്ലാം വരുന്നതാണ് ദയാലുവിന്റെ വിശ്ശ്വാസങ്ങള്‍ എന്ന കഥ .ഓരോ ഗ്രാമക്ഷേത്രവും അതിലെ കോമരവും എല്ലാം ദേശവുമായി അത്രയേറെ ഇഴുകി ചേര്‍ന്നതാണ് .
  

   മുണ്ടൂരിന്റെ ഏതു മുക്കട്ടയില്‍ ചെന്നാലും കാണാവുന്നതായിരുന്നു ഓല മേഞ്ഞ ചായക്കടകള്‍ .രാഷ്ട്രീയവും ജീവിതവും ചര്‍ച്ച ചെയ്യപ്പെട്ടിരുന്ന കേന്ദ്രങ്ങള്‍ .അത്തരം ഒരു ചായക്കട വച്ച് തൊട്ടുകൂടയ്മയുടെ നേരെ ആദ്യ അമ്പ്‌ എയ്ത മാഷ്‌ കഥ അവസാനിപ്പിക്കുമ്പോള്‍ നാട്ടുകടകള്‍ എങ്ങിനെ വംശനാശം സംഭവിച്ചു എന്ന് വരച്ചു കാട്ടുന്നു . കഥയില്‍ തന്നെ ഉപ്പു കാച്ചാന്‍ പയ്യന്നൂര്‍ വരെ പോയ  നീലകണ്ഠന്‍ നമ്പൂതിരിയെ കൊണ്ട് വരിക വഴി നാട്ടിലെ സ്വാതന്ത്ര്യ സമര ഭടന്മാരെ മാഷ്‌ കാണാതെ പോകുന്നില്ല . ബഹുരാഷ്ട്രകുത്തകള്‍ക്ക്‌ മുമ്പില്‍ പടിച്ചു നില്‍ക്കാന്‍ കഴിയാത്ത നാട്ടു സംരംഭങ്ങള്‍ പോലെ രാമന്‍ നായരുടെ ചായ പീടികയും

 
   

ഇത് ഒരു സ്വകാര്യം എന്ന കഥ എം ടി യെ കുറിച്ചു ആണ് .പാലക്കാട് ഡയാറ തെരുവിലെ പഴയ ഇരുനില കെട്ടിടത്തിലെ താഴത്തെ അറ്റത്തെ കുടുസ്സു മുറിയെ പറ്റിയാണ്.അന്ന് സജീവമായിരുന്ന ട്യൂട്ടോറിയല്‍ സ്ഥാനപത്ത്തിലെ അധ്യാപകനെ കുറിച്ചാണ് .ഇന്നത്തെ ഡയാറ തെരുവ് ഒരു പാട് മാറിപ്പോയി .എം ടി യും .മാഷ്‌ പറയാതെ പറയുന്നു .
          

 .പാലക്കാടിനും തമിഴ് നാടിനും ഇടയില്‍ വാളയാര്‍ ചെക്ക് പോസ്റ്റ്‌ . അതിന്റെ ചിട്ട വട്ടം എന്നോണം വേലന്താവളത്തെയും നാട്ടുകല്ലിലെലെയും നിഗൂഡമായ കുറുക്കുവഴികളിലൂടെ ഒടിമറിയുന്ന സ്പിരിറ്റ് ലോറികള്‍ .വേലുചാമിയുടെ വിടുതലൈ
എന്ന കഥയില്‍ വേലുചാമി സുന്ദരന്‍ മുതലാളിയുടെ വിശ്വസ്തനാണ് . ഒരു ദിവസം വേലുചാമിക്ക് സ്വാന്തന്ത്ര്യം വേണം എന്ന് തോന്നുന്നു . ആ സ്വാതന്ത്ര്യം തന്നെ ഭാരം ആകുന്നു എന്ന് പിന്നീടവന് മനസ്സിലാവുന്നു .അവന്‍ വീണ്ടും സുന്ദരന്‍ മുതലാളിയിലേക്ക് മടങ്ങുന്നു . പാര്ശ്വവത്കരിക്കപ്പെട്ടു പോകുന്ന ഇത്തരം സൂക്ഷ്മ ജീവിതങ്ങളെ  എത്ര വേണം എങ്കിലും മാഷിന്റെ കഥകളില്‍ കാണാന്‍ ആകും .
 . പനങ്കള്ള് പാലക്കാടിന്റെ തനതു പാനീയമാണ് . കള്ള് സത്യസ്ഥിതി ഉള്ളതാണ് , മലമ്പുഴ കനാല്‍ വെള്ളം പോലെ പതയും കണ്ടം കൊയ്യാന്‍ ഇറങ്ങുന്ന പെണ്ണുങ്ങളുടെ കവിളുപോലെസ്വാദ് ഉള്ളതുമാണ്‌ എന്നാണു കയിലത്തൂരിന്റെ കഥയിലെ വേലുണ്ണിയുടെ സര്‍ടിഫിക്കറ്റ്. നമ്മന്റെ പനകള്‍ നേരും നെറിയും ഉള്ളവര്‍ ആണ് . കള്ള് മായം കലര്‍ന്ന് അയിത്തപ്പെട്ടത്തിന്റെ പിന്നിലും ലാഭക്കൊതിയുടെ കനം ഉണ്ട് .കാവിലമ്മയുടെ പൂതന്‍ ആയ വേലുണ്ണിയുടെ വ്യഥ കള്ളിന്റെ ഈ മായം എങ്ങിനെ വന്നു എന്നാണു .ആ സന്ദേഹത്തിലാണ് അയാളുടെ തൂങ്ങി മരണം . നിലം പൊത്തിയ കാവ് പുതുക്കി പണിയാന്‍ എത്തുന്ന അബ്കാരി മുതലാളി .അതിന്റെ തുടര്‍ച്ചയെന്നോണം മൂന്നു കൊലപാതകങ്ങള്‍ .നാട്ടില്‍ അത്ര കാലം ഇല്ലാത്ത കാര്യങ്ങള്‍ . നിഷ്കളങ്കതയുടെ ദേശ വാഴ്വില്‍ പണത്തിനും കാപട്യത്തിനും മാത്രം മനസ്സിലാവുന്ന കാര്യങ്ങള്‍ ഉടലെടുത്തു കൊണ്ടിരിക്കുന്നതാണ് മാഷിന്റെയും വ്യഥ.
         നഗരത്തില്‍ ജോലിക്കാരനായ മകന്റെ കൂടെ ജീവിക്കുമ്പോഴും കുപ്പെലന്‍ എന്ന എട്ടു ദേശത്തിന്റെ തുയിലുണര്‍ത്ത് കാരന് മണ്ണിനെ വരിഞ്ഞു പിടിച്ചു കിടക്കുന്ന പുല്ലു പോലെയാണ് നാട്ടു ജീവിതം . പട്ടിണി ഒരു അവകാശം പോലെ ആണ് . അലച്ചിലും പട്ടിണിയും കാലങ്ങളായി ശീലിച്ചു വന്ന വികാരം . വിശന്നു കഴിഞ്ഞു കുടിക്കുന്ന കഞ്ഞിക്കു എന്ത് സ്വാദ് എന്ന് കുപ്പെലനും കാളിയും നെടുവീര്‍പ്പിടുന്നു .അങ്ങിനെ അവര്‍ കുപ്പെലനും കാളിയും ആയി ജീവിച്ചു എന്ന് കഥ അവസാനിപ്പിക്കുന്നിടത്ത് ദേശത്തിന്റെ ജീവിത തത്വ ശാസത്രം ഉണ്ട് .അവനവന്‍ അവനവന്‍ ആയി ജീവിക്കണം .അങ്ങിനെ അല്ലാതെ ഉള്ള ജീവിതം വെറും നാട്യം മാതം .അറിയുന്ന തൊഴില് ചെയ്തു ജീവിക്കണം .
   .മാഷിന്റെ കഥകളില്‍  വിട്ടു പോയ കാര്യങ്ങള്‍ ഇല്ല എന്ന് പറയേണ്ടി വരും . ജീവിച്ചിരുന്ന സമൂഹത്തിന്റെ ഓരോ അംശങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട് മതങ്ങള്‍ അവയുടെ ഉള്‍പ്പിരിവുകള്‍ ആയ .സമുദായങ്ങള്‍ അവയിലെ ആചാരങ്ങള്‍ എല്ലാം..എല്ലാം ഭാവനയില്‍ അപ്പുറം സത്യത്തോട് ആഭിമുഖ്യം പുലര്‍ത്തിക്കൊണ്ട് തന്നെ
     .അമ്പലവാസി സമുദായങ്ങളി
പെടുന്ന ഒരു വിഭാഗമാണ് പിഷാരടി അഥവാ  സമുദായം.ക്ഷേത്രങ്ങളിലെ മാലകെട്ട്, വിളക്കുപിടി മുതലായ കഴക പ്രവുത്തികള്‍ പാരന്പര്യ  ഉപജീവനമാഗ്ഗമായും  സ്വീകരിച്ചിരുന്നവര്‍ .സംസ്കൃതപഠനം ഇവരുടെ വിദ്യാഭ്യാസത്തിന്റെ ഒരു ഭാഗം മാത്രമായിരുന്നു .പാലക്കാട് ,മുണ്ടൂര്‍ ഭാഗങ്ങളിലെ പിഷാരടി സമുദായത്തിന്റെ ജീവിതത്തില്‍  നിന്നും മാഷ്‌ ഒരു പാട് കഥകള്‍ പകര്‍ത്തിയിട്ടുണ്ട് .മാഷും ഇതേ സമുദായക്കാരനാണ് എന്നതിനാല്‍ ആണ് പല കഥകളിലും ഭാഷ കുലീനമായി പോയിട്ടുള്ളത് എന്ന് കാണാം .ആലിലകളുടെ ഇളകിയാട്ടം സമാധിക്കുഴി എന്നീ കഥകളില്‍ പിഷാരടി സമുദായക്കാരുടെ ശവ സംസ്കാര രീതി പോലും മാഷ്‌ പറയുന്നുണ്ട് .മലര്‍ന്നു കിടക്കുന്ന സച്ചിദാന്ദം എന്നതിലെ ഗോവിന്ദ പിഷാരടിയും ഇങ്ങിനെ വന്നതാണ്‌  .ഒരു സ്വപ്നം പോലെ എന്ന കഥയില്‍  തന്റെ പിഷാരത്ത് ഇരുന്നു കുട്ടികളെ സംസ്കൃതം പഠിപ്പിക്കുന്ന രാഘവ പിഷാരടി കടന്നു വരുന്നു .ഹൈദരാലി പാലക്കാട് കോട്ട പണിയാന്‍ തുടങ്ങുമ്പോള്‍ സ്ഥലം നിശ്ചയിച് കുറ്റിയടിച്ചതു മഹാജോത്സ്യന്‍ ആയ പിഷാരടിയാണ്.അതിനു സാക്ഷ്യം വഹിച്ചത് അന്നത്തെ പാലക്കാട് രാജാവ് കോമ്പിയച്ചന്‍ .രാവണോത്ഭവം  എന്ന ആട്ടക്കഥ എഴുതിയ രാഘവപിഷാരടി..ഇതെല്ലാം സ്വ സമുദായം കൂടിയായ പിഷാരടി സമുദായത്തിന്റെ ഔന്നത്യത്തിനെ മാഷ്‌ കുറിച്ച്വയ്ക്കുന്നതാണ് .
തന്റെ കുട്ടിക്ക് ജോസഫ്‌ സ്റാലിന്‍ എന്ന് പേരിട്ടു റഷ്യന്‍ മമതയുടെ പ്രതിരൂപം ആയ കൃഷ്ണപിഷാരടിയാണ് എത്രത്തോളം എന്നറിയാതെ എന്ന കഥയില്‍ .പിന്നീടു മകന്‍ ആ പേരിനെ വെറുത്തു എങ്കിലും .
   നമ്പൂതിരി ഇല്ലങ്ങളെ കുറിച്ചും മാഷിനു പറയാന്‍ ഏറെ .രാമന്‍നായരുടെ കടയില്‍ മറ്റു ജാതിക്കാരോടൊപ്പം,ചായ കുടിക്കാന്‍ എത്തുന്ന മനക്കലെ തമ്പുരാന്‍ , ഉപ്പുകാച്ചലില്‍ പങ്കെടുത്ത നമ്പൂതിരി കുടുംബാംഗം ഒക്കെ കഥയില്‍ എത്തുന്നു .നായര്‍ സമുദായത്തിലെ തറവാടുകളില്‍ നിന്നും ഒരു പാട് കഥകള്‍ ഉണ്ട് മാഷിന്റെതായി.മറക്കാന്‍ പാടില്ലാത്ത ഒരു കഥയില്‍ ഗ്രാമത്തിന്റെ അധികാരിയായിരുന്ന ഗോപാലന്‍നായരെ അവതരിപ്പിക്കുന്നുണ്ട് .എഴുത്തച്ഛന്റെ ചായപ്പീടികയില്‍ ചായ കുടിക്കാന്‍ എത്തിയ കണക്കന്‍ എന്ന ചെറുമപ്പയ്യനെ  ഗോപാലന്‍ നായര്‍ ശിക്ഷിക്കുന്നതും നമ്പീശന്‍ മാഷ്‌ ,ഖാദര്‍ ആശയക്കാരായ പൊതുവാള്‍ ,നെടുങ്ങാടി എന്നിവര്‍ ,നമ്പീശന്‍ മാഷിന്റെ ശിഷ്യനായി വിദ്യാഭ്യാസം നേടുന്ന പഴയ കണക്കന്‍ അവസാനം ചങ്കൂറ്റത്തോടെ ഗോപാലന്‍ നായര്‍ക്കു മുന്നില്‍ ചെല്ലുന്ന സന്ദര്‍ഭം എന്നിവയിലൂടെ കഥ പുരോഗമിച്ചു .
    ,പാലക്കാട് ജിലയില്‍ മാത്രം ഉള്ള സമുദായം ആയ ഗുപ്തന്‍ അഥവാ മൂത്താന്‍ സമുദായത്തെ പോലും മാഷ്‌ രാമഗുപ്തന്‍ എന്ന ദുര്‍നിമിത്തം എന്ന കഥയില്‍ അവതരിപ്പിക്കുന്ന്ട് . കള്ളുചെത്ത് തൊഴിലാക്കിയ തിയ്യന്മാര്‍ , നാടിനെ തുയിലുണര്ത്തുന്ന പാണ സമുദായം ,മുസ്ലിം ,ക്രിസ്ത്യന്‍ സമുദായങ്ങള്‍  എല്ലാം കഥകളില്‍ വന്നു പോകുന്നു .
     താവളം തൊട്ടു താവളം വരെ എന്ന കഥയില്‍ ഗോപാലപുരത്തെ  കന്നുകാലി താവളത്തില്‍ നിന്നും കൊഴിഞ്ഞാമ്പാറയില്‍ നിന്നും പറളിയിലൂടെ ആട്ടിത്തെളിച്ചു  കൊച്ചിയിലെ അറവുശാലയിലെക്കു എത്തിക്കുന്ന മയില്‍സ്വാമി എന്ന വസൂരിക്കാരനെ ,സമാനമായ രീതിയില്‍ ഒരു പുതുപ്പണക്കാരന്‍ തന്റെ മകളെ മറ്റൊരു പുതു പ്പണക്കാരന് കൊടുക്കുമ്പോള്‍ മഹിമ കൂട്ടാന്‍ സമ്മാനമായി വാങ്ങിയ കൊണ്ടെസ്സ കാറ് ഇടിചിടുന്നു .മയില്‍സ്വാമിക്കും കൊണ്ടെസ്സ കാറിന്റെ ഡ്രൈവര്‍ അപ്പുക്കുട്ടനും ഒരേ നിയോഗം .

      ജാതി പേരുകള്‍ വാലുകലായി ചിലവേള പൊങ്ങച്ചത്തിന്റെ   ഭാഗമായി സ്വന്തം പേരിനൊപ്പം ചേര്‍ക്കുന്നവരെയും , പുരോഗമന ചിന്തയുടെഭാഗമായി  ജാതി വാലുകള്‍ മുറിച്ചു കളയുന്നവരെയും മാഷ്‌ കാണിക്കുന്നു .പൂണ് നൂലിന്റെ മന്ത്രബലം എന്ന കഥയിലെ രുദ്രന്‍ തന്റെ പേരിനോടൊപ്പം ഉണ്ടായിരുന്നു ജാതി പേര് വെട്ടി നീക്കിയത് ഒരു തോന്നലിനു ചെയ്തതല്ല ആഡ്യന്‍മാരോടുള്ള അസ്കിത കൊണ്ടായിരുന്നു എന്ന് കഥയുടെ തുടക്കത്തിലേ മാഷ്‌ വരച്ചിടുന്നു .അന്തല്യായ്മ എന്ന കഥയില് തന്റെ മണ്ണും തന്റെ അയല്പക്കവും നിത്യ സൌഹൃദവും ആയ മൊയ്തുവിനെയും സൈനബയും സമുദായത്തിന്റെ പേരില്‍ പിരിയേണ്ടി വരുമ്പോള്‍ ഞാനും ദേവുവും മതം മാറി മുസ്ലിം ആയാലോ എന്ന് ചോദിച്ചു മൌലവിയുടെ അടുത്തെത്തുന്ന വേലായുധന്റെ വ്യഥ അന്നും ഇന്നും ഒരേ പോലെ .ജാതിക്കപ്പുറവും ഹൃദയം എന്ന വലിയ മതം ബാക്കിയുണ്ട് എന്ന് കാണിക്കുന്ന കഥ .
     ചിറ്റൂരിലെ അധ്യാപക പരിശീലന കേന്ദ്രത്തിലെ ജോലി മാഷ്ക്ക് സമ്മാനിച്ച കഥകള്‍ ഒട്ടേറെ .അമ്മിണി കുട്ടി ടീച്ചര്‍ ,സുമിത്ര അങ്ങിനെ എത്രയോ ഉജ്വല കഥാപാത്രങ്ങള്‍.ഒരു അധ്യാപകന്റെ ആത്മ ഗതങ്ങള്‍ എന്ന് പേരിട്ട കുറിപ്പുകളില്‍  ഈ ജീവിതവും തെളിഞ്ഞു വരുന്നു . (ലേഖകന്‍ അവിടെ പഠിക്കുമ്പോള്‍ കൃഷ്ണന്‍കുട്ടി മാഷ്‌   വിരമിച്ചിരുന്നു,എങ്കിലും  അധ്യാപക വിദ്ധ്യാര്‍ത്ഥികളുടെ വാര്‍ഷിക മാഗസിന്‍ പ്രകാശനത്തിന് എത്തിയ അദ്ദേഹം ലേഖകന്റെ നോവലെറ്റിലെ സന്ധ്യ പെയ്തിറങ്ങുകയാണ് എന്ന ആദ്യവാചകം എടുത്തു പറഞ്ഞതും ,സദസ്സിന്റെ ആവശ്യപ്രകാരം കക്കാടിന്റെ സഫലമീ യാത്ര ആലപിച്ചതും , കവിത കഴിഞ്ഞു വേദിയില്‍ നിന്നും ഇറങ്ങുമ്പോള്‍ ആരും കാണാതെ കണ്ണു തുടച്ചതും ഇന്നലത്തെ പോലെ ഓര്‍മ..മാഷിന്റെ മനസ്സില്‍ അപ്പോള്‍ മൂന്നാമത് ഒരാള്‍ നിറഞ്ഞിട്ടുണ്ടാകണം  )

ശിവപ്രസാദ് പാലോട്

9249857148

2015, ഏപ്രിൽ 15, ബുധനാഴ്‌ച

നാറാണത്ത് ഭ്രാന്തനും ഗ്രീക്ക് തത്വചിന്തയും

ഒരു താരതമ്യം 


തത്വങ്ങളും ദര്‍ശനങ്ങളും കാല ദേശങ്ങള്‍ക്കു അതീതമാണല്ലോ .എല്ലായിടത്തും സമാനമായ ആത്മീയ ചിന്തകളും ദര്‍ശനങ്ങളും ശാസ്ത്ര ചിന്തകളും കലാ ദര്‍ശനങ്ങളും ,ആഘോഷങ്ങളും ആചാരങ്ങളും നിലനിന്നുരുന്നതായി കാണാം . ചിലവയ്ക്ക് പ്രചാരം കൈവന്നു .ചിലവയാകട്ടെ അതാതിന്റെ ഭൂമികയില്‍ ചുറ്റിപ്പിണഞ്ഞു കിടന്നു . ചില മിത്തുകള്‍ ദേശങ്ങള്‍ക്കു അപ്പുറവും എത്റെടുക്കപ്പെട്ടത് അങ്ങിനെയാണ് . ചില പ്രദേശങ്ങളുടെ സ്വകാര്യമായി ചില മിത്തുകള്‍ .എങ്കിലും ഇവയെ പറ്റി കൂടുതല്‍ അറിയുമ്പോള്‍ സമാനമായി ഇതര ദേശങ്ങളിലെമിത്തുകളുമായി സമാനതകള്‍ കാണാം .ചില വൈരുധ്യങ്ങള്‍ ഉണ്ടാകുമ്പോളും ദര്‍ശനങ്ങളിലെ സമാനത ഇവയെ ഒന്നിപ്പിക്കുന്നു
                      
ഗ്രീക്ക് പുരാണത്തിലെ Sisyphus എന്ന കഥാപാത്രവുമായി നാറാണത്ത് ഭ്രാന്തന്‍ എന്ന കേരളീയ മിത്തിനെ വേണംഎങ്കില്‍ സാദൃശ്യപ്പെടുത്താം,രണ്ടുംതമ്മില്‍ ഒരു പാട് വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും
       
                            മരണംഅടുത്തപ്പോള്‍ സ്വന്തംഭാര്യയെ പരീക്ഷിക്കുന്നതിനായി തന്റെ ഭൌതികശരീരം പൊതുസ്ഥലത്ത് ചങ്ങലകളില്‍ പൊതിഞ്ഞു പ്രദര്‍ശിപ്പിക്കാന്‍ ആവശ്യപ്പെന്ന Sisyphus.ഭാര്യക്ക്തന്നോടുള്ള സ്നേഹം മനസ്സിലാക്കുന്നതിനായി ആയിരുന്നെത്രേ ഈ പരീക്ഷണം, ദൈവശാപത്തിന്റെ ഭാഗമായി പാതാളവാസത്തിനു ശിക്ഷിക്കപ്പെടുകയും ചെയ്തു. പാതാളത്തില്‍ വച്ച് ഭാര്യയുടെ പ്രവുത്തിയില്‍ പ്രതികാരബുദ്ധിയോടെ മോചനംആവശ്യപ്പെട്ട Sisyphus നോട്ദൈവം മറ്റൊരു പരീക്ഷണം നല്‍കുകയായിരുന്നു എന്നും പറയപ്പെടുന്നു.തിരിച്ചു ഭൂമിയില്‍ എത്തുന്ന Sisyphus പക്ഷെ മലയും പുഴയും കാടും സാഗരങ്ങളും നിറഞ്ഞ ഭൂമിയെ ആസ്വദിച്ചു നടക്കുന്നു .പാതാളത്തിലേക്ക് തിരിച്ചു ചെല്ലുന്നില്ല .അവസാനംമെര്‍ക്കുറി ദേവന്‍ Sisyphus നെ ബലമായി പാതാളത്തിലേക്ക് തിരിച്ചു കൊണ്ട് പോകുന്നു .പാതാളത്തില്‍ ഒരു വലിയ പാറക്കല്ലിനെ കുന്നിന്‍ മുകളിലേക്ക് ചുമന്നോ ഉരുട്ടിയോ കയറ്റി മുകളില്‍ എത്തുമ്പോള്‍ താഴേക്കു ഉരുട്ടി വിടണം.ഇതാണ് Sisyphus ന് വീണ്ടും ലഭിക്കുന്നപരീക്ഷണം. വീണ്ടും താഴെ എത്തി പഴയ കല്ലിനെ മുകളിലേക്ക് കയറ്റണം.ഈപ്രവൃത്തി ആവര്‍ത്തിച്ചു കൊണ്ടേ ഇരിക്കണം....മനുഷ്യജീവിതത്തിന്റെ അര്‍ത്ഥമില്ലായ്മ, ജീവിതത്തിനു മേല്‍ ദൈവികശക്തികളുടെ പ്രഭാവം.എന്നിവയാണ് ഈപ്രവൃത്തിയിലൂടെ അനാവൃതമാകുന്നത്. കേവലമായ മനുഷ്യര്‍ ദിനം ദിനം ലൌകികസുഖങ്ങല്‍ക്കായി ക്ളേശപ്പെടുകയും മത്സരിക്കുകയും ചെയ്യുന്നു.അവസാനം കുന്നില്‍ നിന്നും താഴേക്കു ഉരുട്ടിവിടുന്ന കല്ലുപോലെ മരണം വന്നെത്തുന്നു....ഇങ്ങിനെ മനുഷ്യജീവിതത്തിന്റെ കേവലാത്മ്കത കാണിച്ചു തരുന്ന അസംബന്ധ നാടകപ്രവര്‍ത്തനം ആണ് Sisyphus എന്ന കഥാപാത്രത്തിന്റെത്. ഗ്രീക്ക് നാടക ആശയങ്ങളുടെ മറ്റൊരു തലം. ഇവിടെ ഒരു ശിക്ഷയുടെ ഭാഗമായി , ദൈവത്തിന്റെ ഉത്തരവ് നടപ്പാക്കുന്ന കഥയാണ് Sisyphus ന്റെത്. ഭാരത്തെ കുന്നു കയറ്റുംപോള്‍ നാളെയില്‍ ഉള്ള പ്രതീക്ഷകള്‍ ആണ് ജീവിതത്തെ മുന്നോട്ടു നയിക്കുന്നത്.മുകളില്‍ നിന്നും കല്ല്‌ താഴേക്കു ഉരുട്ടി താന്‍ ഇത്രസമയം ചെയ്ത പ്രവൃത്തിയെ ഉപേക്ഷിക്കുമ്പോള്‍ ഉള്ള മാനസികമായ ദുഃഖം അനുഭവിപ്പിക്കലാണ് ദൈവശിക്ഷ. ഇവിടെ താഴേക്കുകല്ല്‌ ഉരുട്ടിയിടുമ്പോള്‍ Sisyphus അനുഭവിക്കുന്നത് നിരാശയാണ്.വീണ്ടും താഴെ പോയി കല്ല്‌ ഉരുട്ടണം എന്ന ശാപം അയാളെ പിന്തുടരുകയും ചെയ്യുന്നു.ആയാസം, ഉപേക്ഷിക്കല്‍,നിരാശ, ആയാസത്തിന്റെ ആവര്‍ത്തനം,ദൈവഹിതത്തിനു മനുഷ്യാവസ്ഥകളില്‍ ഉള്ള സ്വാധീനം,നിത്യജീവിതത്തിന്റെ അസംബന്ധത ഇതൊക്കെയാണ് ഗ്രീക്ക് പുരാണ കഥയുടെ Sisyphus ആശയം.ഒരിക്കല്‍ ആയാസപ്പെട്ട്‌ കയറ്റിയ കല്ലിനെ താഴെക്കിട്ട് വീണ്ടും അതിനെ മുകളിലേക്ക് കയറ്റാന്‍ നിശ്ചയത്തോടെ ആത്മവിശ്വാസത്തോടെ കുന്നിറങ്ങുന്ന Sisyphus വിധിക്ക് എതിരെ പോരാടാന്‍ ഉള്ള മനുഷ്യന്റെ കല്ലിനെ തോല്‍പ്പിക്കുന്ന ദൃഡ നിശയത്തെ കാണിക്കുന്നതായി മറ്റൊരു ദര്‍ശനവും ചില ചിന്തകള്‍ പങ്കിടുന്നുണ്ട്‌ .

നാറാണത്ത് ഭ്രാന്തന്‍ എന്ന മിത്തിനെ സമീപിക്കുമ്പോള്‍ വാകീറിയിട്ടുണ്ടെങ്കില്‍ അന്നം ദൈവം നല്‍കിയിരിക്കും എന്ന വരരുചി വരത്തിന്റെ ഭാഗമായി അദ്ദേഹം പുഴക്കരയില്‍ ഉപേക്ഷിക്കപ്പെടുന്നു.ദൈവഹിതം ആണെങ്കിലും ശാപം അല്ല. ദൈവ നിശ്ചയത്തെ അനുസരിക്കലാണ് ഇവിടെ. ഏതു ഗോത്രത്തില്‍ പിറന്നാലും വ്യക്തിയുടെ കുലം രൂപപ്പെടുന്നത് ആര് വളര്‍ത്തുന്നു എവിടെ വളരുന്നു എന്നതിന് അനുസരിചാണല്ലോ.അങ്ങിനെ ബ്രാഹ്മണ കുലക്കാരാല്‍ എടുത്തു വളര്‍ത്തപ്പെടുന്ന ഉണ്ണി വേദം അഭ്യസിക്കപ്പെടുന്നു.കേവല മനുഷ്യര്‍ക്ക് ഭ്രാന്തന്‍ എന്ന് വിശേഷിപ്പിക്കാന്‍ തോന്നുന്ന വിധം പ്രവൃത്തികള്‍ ചെയ്യുന്നു. ചെറുപ്പത്തില്‍ തന്നെ ജീവിതം കൊണ്ട് തന്നെ തന്റെ ആശയങ്ങളെ ദര്‍ശനങ്ങളെ ബാഹ്യ പ്രേരണ കൂടാതെ പ്രകാശിപ്പിക്കുന്നു. ഇവിടെ കല്ലുരുട്ടല്‍ സന്തോഷത്തോടെ ആണ്.ഗ്രീക്ക് കഥയിലെ പോലെ ശാപത്തിന്റെ ഭാഗമായി താന്‍ ചെയ്യുന്ന പ്രവൃത്തി എന്ന ചിന്തയില്ല. തന്റെ ജീവിതദൌത്യം പോലെയാണ് ഈ ഏറ്റെടുക്കല്‍.അത് പോലെ തന്നെ കല്ല്‌ താഴേക്കു ഉരുട്ടി വിടുമ്പോള്‍ ദുഖമല്ല അലൌകിമായ പൊട്ടിച്ചിരി ആണ് കുന്നില്‍ മുഴങ്ങുന്നത്. സ്വന്തം ജീവിതം ത്യജിക്കുംപോള്‍ താന്‍ എന്തായിരുന്നു എന്താണ് എന്താകും എന്നതിനെ പറ്റി കൃത്യമായ കാഴ്ചപ്പാടില്‍ നിന്നാണ് ഈ ചിരി..വേണം എങ്കില്‍ ഒരു കഥാപാത്രം മാത്രം ഉള്ള പ്രപഞ്ചത്തെ മൊത്തം കാണികള്‍ ആക്കുന്ന നാടകം ആയി ഇതിനെ കാണാം. ജീവിതത്തെ ഇത്ര ലഘുവായി അതിനു വേണ്ടി എടുക്കുന്ന കഷ്ടപ്പാടുകളെ എത്രമേല്‍ കഠിനം എങ്കിലും ദൈവഹിതം അനുസരിക്കുന്ന ലാഘവത്തോടെ,മരണത്തെ ഇത്രമേല്‍ പൊട്ടിച്ചിരിയോടെ നേരിടാന്‍ ഉള്ള ദര്‍ശനം .ഇത് ഭ്രാന്തല്ല ദര്‍ശനമാണ്.കേവലജീവിതങ്ങള്‍ ഭ്രാന്തായി മുദ്രകുത്തുന്നു എന്ന് മാത്രം.ഒരുതരത്തില്‍ എല്ലാരുടെയും ഉള്ളില്‍ ചികഞ്ഞു നോക്കിയാല്‍ ഈ അനുഭവം കാണുകയും ചെയ്യാം.ആശകള്‍ക്ക് മീതെ, അക്കങ്ങളുടെ മേലെ അടയിരിക്കുന്ന നമുക്കെല്ലാം ,അതൊക്കെ ഉപേക്ഷിക്കുന്നത് ദുഃഖം ആയിരിക്കുമ്പോള്‍ ഇതെല്ലാം ഇത്രയേ ഉള്ളൂ..എന്ന ചിന്ത,നാളെയെ പറ്റിയുള്ള വ്യാകുലത ഇല്ലായ്മ എന്നതെല്ലാം കഥാപാത്രത്തിന്റെ വ്യത്യസ്തതകളാകുന്നു. ചെറിയ നഷ്ടങ്ങള്‍ക്ക് പോലും നിരാശയുടെ പടുകുഴിയില്‍ വീണു പോകുന്ന സാധാരണ ജന്മങ്ങള്‍ക്ക് ,ജീവിതത്തെ ഇതിലും മനോഹരമായി എങ്ങിനെ കാണിച്ചു കൊടുക്കും? പ്രവൃത്തി ചെയ്യുമ്പോള്‍ഉള്ള മാനസികമായ ഉല്ലാസമാണ്,ഉന്മാദമാണ് ഇവിടെ കാണാനാവുക.ഉരുട്ടല്‍ ഗുരുത്വാകര്‍ഷനത്ത്തിനു വിപരീത പ്രവൃത്തിയും ഉരുട്ടിയിടല്‍ അതിനു കീഴ്പ്പെടുന്ന പ്രവൃത്തിയും.അങ്ങോട്ട്‌ ആയാസപ്പെട്ട്‌ കയറ്റിയ ദ്രവ്യം താഴേക്കു എത്ര ലളിതമായി ഉരുണ്ടു പോകുന്നു എന്ന കാഴ്ചയാണ് ചിരിപ്പിക്കുന്നത്..പ്രകൃതിക്ക് വിപരീതമായി എന്തെങ്കിലുംചെയ്യാനാണ് ആയാസം.മറിച്ചു പ്രകൃതിക്ക് വിധേയമായി മാറുമ്പോള്‍ ലാഘവംആയി മാറുന്ന പരിസ്ഥിതി ദര്‍ശനം. ഇത്തിരികേവലമായി ചിന്തിച്ചാല്‍ ഭ്രാന്താണ് പ്രകൃതിക്ക് ഏറ്റവുംകീഴ്പ്പെടുന്ന വികാരം.ഭ്രാന്തുള്ളവര്‍ക്ക് ലൌകികജീവിതത്തോടു ആര്‍ത്തിയില്ലല്ലോ.സ്വന്തം ശരീരത്തെ പ്രകൃതിക്ക്സ്വാഭാവികമായി നിലനിര്‍ത്തുക എന്നത് മാത്രം.മഴ വെയില്‍ പ്രകൃതിഭാവങ്ങള്‍ ഒക്കെ അനുഭവിച്ചുള്ള ജീവിതം.രോഗഭീതിയില്ല,മരണഭീതി തെല്ലുംഇല്ല.ഒന്നിനെയുംപേടിയില്ല.ആരോടുംകടപ്പാടില്ല..ഉണ്ടാക്കുന്നുമില്ല.ചുറ്റുപാടിന് ഒരു കോട്ടവുംഉണ്ടാക്കുന്നില്ല.അഥവാ ചുറ്റുപാടിനെ ബഹുമാനിക്കുന്നു. ഈ ലോകം എല്ലാവരുടെതും ആണ്.ചെറിയ ജീവിക്കും വലിയ ജീവിക്കും ഒരേപോലെ..ഈ ഭൂമി എല്ലാവരുടെതും ആണ്.ഉറുമ്പുകളെ എണ്ണുക എന്ന നാറാണത്ത് ഭ്രാന്തന്‍ പിന്തുടര്‍ന്നിരുന്ന മറ്റൊരു പ്രവുത്തിക്കും ഇങ്ങിനെ ഒരു തലം കാണാം.സൂക്ഷ്മമായതിനെ കൂടി ദര്‍ശിക്കുന്ന തലം.ഒരു ദിവസം എന്നിക്കൊണ്ടിരിക്കുംപോള്‍ ഒരു വഴിപോക്കന്‍ ഇപ്പോള്‍ എത്ര എണ്ണം ആയി എന്ന് ചോദിച്ചപ്പോള്‍ ഇപ്പോള്‍ ഒരെണ്ണം കുറഞ്ഞു എന്ന മറുപടിയില്‍ ഒരു ദിവസം കഴിയുമ്പോള്‍ ആയുസ്സില്‍ നിന്നും ഒരു ദിവസം ആണ് കുറഞ്ഞു പോകുന്നത് എന്ന ആശയം കണ്ടെടുക്കാം .
Sisyphus കല്ലുരുട്ടുന്നത് പാതാളത്തില്‍ ആണെങ്കില്‍ നാറാണത്ത് ഭ്രാന്തന്‍ കല്ലുരുട്ടുന്നത് ലോകത്തിന്റെ മുന്നില്‍ സാധാരണ ജീവിതങ്ങള്‍ക്ക് മുന്നില്‍ ആണ് .ഗ്രീക്ക് മിത്ത് ഒരു പുരാണ കഥയായി അവശേഷിക്കുമ്പോള്‍ നാറാണത്ത് ഭ്രാന്തന് കുറച്ചുകൂടി ചരിത്ര പരിവേഷം ലഭിക്കുന്നു .പ്രത്യേകിച്ചും അദ്ദേഹത്തിന്റെ സാന്നിധ്യം ഉണ്ടായതായി പറയപ്പെടുന്ന സ്ഥലങ്ങള്‍ , വരരുചി കഥയിലെ ഇതര സഹോദര കഥാപാത്രങ്ങള്‍ ,അവരുടെ എല്ലാം പിന്‍ മുറക്കാര്‍ എന്നിവയെ പറ്റി ഇപ്പോളും അന്വേഷണത്തിന് മുതിരാവുന്ന കാലഗണന നമുക്ക് മുമ്പില്‍ ഉണ്ടായിരിക്കുമ്പോള്‍ .വിശ്വാസം ഭക്തി എന്നിവയ്ക്ക് അപ്പുറവും ഭ്രാന്തനെ വേണം എങ്കില്‍ കാണാം .ദൈവത്തെ അദ്ദേഹം അങ്ങോട്ട്‌ ആരാധിചിരുന്നോ ,ദൈവത്തില്‍ വിശ്വസിച്ചിരുന്നോ എന്ന് പോലും സംശയം തോന്നാം .തന്നില്‍ തന്നെയാണ് ദൈവം എന്നതാണ് അദ്ദേഹത്തിനു ചേരുന്ന മതം .അതാണല്ലോ ലോകത്തില്‍ ദൃഡമായ എല്ലാ മത ചിന്തകളും അവസാനം എത്തി നില്‍ക്കുന്നതും .ഭ്രാന്തന്‍ ശരിക്കും പച്ചയായ മനുഷ്യന്‍ ആണ് .മനുഷ്യന്‍ ആയി ജീവിച് ,മനുഷ്യനായി നിന്ന് കൊണ്ട് തന്നെ അതിമാനുഷമായ പ്രവുത്തികളും ചിന്തകളും ദര്‍ശനങ്ങളും ലളിതമായി സംവേദിക്കുകയാണ് ഇവിടെ .വേദം പഠിച്ചിട്ടുണ്ടെങ്കിലും അതിന്റെ സത്ത ലോകത്തിനു പകരുന്ന രീതി ലളിതമാണ് .എല്ലാവര്ക്കും മനസ്സിലാകുന്ന രീതിയില്‍ .

.                                  
      
സര്ഗാത്മകമാണ് ഭ്രാന്തന്റെ പൊട്ടിച്ചിരി കുന്നില്‍ മുഴങ്ങുന്നത് .കല്ല്‌ തട്ടി തട്ടി താഴേക്കു ഉരുണ്ടു പോകുമ്പോള്‍ ഒരു ശിശുവിനെ പോലെ നിഷ്കളങ്കമായ ചിരി .അങ്ങിനെ മനസ്സിനെ നിര്‍മലമാക്കുന്നത് ഒന്നും ആരുടേയും സ്വന്തം അല്ല ലഭിക്കുമ്പോളും ത്യജിക്കുംമ്പോളും ഒരേ പോലെ തന്നെ കാണണം .സ്വന്തം ജീവന്‍ പോലും .ഒന്നും ഇല്ലായ്മയാണ് പൊട്ടിച്ചിരിയുടെ ഭൂമിക .എല്ലാം ഉള്ളവന് ഉള്ളില്‍ അതിന്റെ ഘനം ഉണ്ടാകും .ചിരിക്കാന്‍ ആകില്ല .ആധുനികഭാഷയില്‍ ടെന്‍ഷന്‍.ഒന്നും ഇല്ലാത്തവന് ടെന്‍ഷന്‍ ഇല്ലല്ലോ .അതില്‍ നിന്നും മാത്രമേ അനാദിയായ , നിര്‍മലമായ ചിരി ഉയരൂ ..ഉള്ളിലെ ഘനം ഇല്ലാതാകൂ .അവന്‍ ഒന്നും കൊണ്ടുവന്നിട്ടില്ല ഒന്നും കൊണ്ട് പോകുന്നില്ല . 
ഊര്‍ജ തന്ത്ര പ്രകാരം ചരിവുതലം പ്രവൃത്തി ലഘൂകരിക്കാന്‍ ഉള്ള മാര്‍ഗമാണ് .അത് പോലെ തന്നെ സിസിഫസ് കല്ലിനെ ചുമന്നു കൊണ്ടുപോകുമ്പോള്‍ നാറാണത്ത് ഭ്രാന്തന്‍ കല്ലിനെ ഉരുട്ടി കയറ്റുകയാണ് .ഘര്‍ഷണത്തെ അതിജീവിക്കാന്‍ ഉരുട്ടല്‍ ആണ് ഫലപ്രദം .ചുമന്നു കയറ്റുന്നതിനേക്കാള്‍ ഉരുട്ടി കയറ്റുക എന്ന യുക്തിയും ഇവിടെ ഉപയോഗിച്ചിരിക്കുന്നതായി കാണാം .ഉയര്‍ന്ന സ്ഥാനത്ത് എത്തുന്ന കല്ലിനു ലഭിക്കുന്ന സ്ഥിതികോര്‍ജവും താഴേക്കു വരുമ്പോള്‍ അതിനു കിട്ടുന്ന ഗതികോര്‍ജവും .ഒരു തരത്തിലെ ഊര്‍ജം മറ്റൊരു തരത്തിലേക്ക് മാറുന്നു                               
      ഗ്രീക്ക് മിത്ത് കഥാപാത്രത്തെ ദൈവം ശിക്ഷിക്കുംപോള്‍ ഭ്രാന്തന് ദേവി ഇഷ്ടവരമാണ് നല്‍കുന്നത്. ഭ്രാന്തന് ദേവീദര്‍ശനം എന്നതില്‍ ഉപരി ദേവിക്ക് ഭ്രാന്തന്റെ ദര്‍ശനം കിട്ടിയ പോലെ ചിന്തിക്കാം.പ്രത്യക്ഷപ്പെടുന്ന ദേവിതന്റെ വിളയാട്ടത്ത്തിനു തടസ്സമാകുന്ന സ്ഥലത്ത് നിന്നും ഒഴിഞ്ഞു പോകാന്‍ ഇങ്ങോട്ട് ആവശ്യപ്പെടുന്നതിനെ ഭ്രാന്തന്‍ ചോദ്യം ചെയ്യുന്നുണ്ട്.വരമായി ആദ്യം ചോദിക്കുന്നത് തന്റെ ആയുസ്സ് എത്രയാണ് എന്നാണു.അത് കല്പിക്കാന്‍ ദേവിക്ക് ആകുന്നില്ല.ആയുസ്സിന്റെ മേല്‍ ദേവിക്ക് പോലും നിയന്ത്രണംഇല്ല..പിന്നെ ചോദിക്കുന്നത് ആയുസ്സില്‍ നിന്നും ഒരുദിവസം കൂട്ടാനോ കുറയ്ക്കാനോ പറ്റുമോ എന്നാണു..അതിലും ദേവി തോല്‍ക്കുന്നു. ദേവിക്കും മീതെയുള്ള പ്രപഞ്ചശക്തിയുടെ ഉത്തരവിനെ എങ്ങിനെ ദേവി തിരുത്താനാണ്.അഥവാഈശ്വര ചൈതന്യം കുടികൊള്ളുന്നത് അവനവനില്‍ തന്നെ ആയിരിക്കുമ്പോള്‍..? തത്വമസി എന്ന ദര്‍ശനം ഇവിടെ മിന്നിമറിഞ്ഞു പോകുന്നു. മന്‍ഷ്യന്‍ പഞ്ച ഭൂതങ്ങളില്‍ നിന്നും ഉണ്ടായതാണ്. പഞ്ചഭൂതങ്ങളില്‍ കുടികൊള്ളുന്നത് പ്രപഞ്ചമാണ്‌..ഈശ്വര ശക്തിയാണ്.ആ ഈശ്വരാംശംഓരോ വ്യക്തിയിലും കുടികൊള്ളുന്നു എന്ന ദര്‍ശനം.അപ്പോള്‍ ആര്‍ക്കുംആരെയും ഇല്ലാതാക്കാന്‍ കഴിയില്ല എന്ന് കാണാം. ഇടതു കാലിലെ മന്ത് വലതു കാലിലേക്ക് മാറ്റാനാണ് ഭ്രാന്തന്‍ വരം ചോദിക്കുന്നത്...പ്രപഞ്ചത്തില്‍ ഒന്നും പുതുതായി സൃഷ്ടിക്കാനോ നശിപ്പിക്കാനോ സാധിക്കുന്നില്ല.ഒരു രൂപത്തിലുള്ള ഊര്‍ജത്തെ മറ്റൊരു രൂപത്തില്‍ ആക്കി മാറ്റാന്‍ മാത്രമേ കഴിയു എന്ന ഊര്‍ജസംരക്ഷണ നിയമം പോലും ഇവിടെ പറയാതെ പറയുന്നു എന്ന് കല്പിക്കാം.

                                       
                                         


ഗ്രീക്ക് പുരാണകഥയെക്കാള്‍ ഔന്നത്യം ഉള്ള ഭാവനയാണ് ,ഐതിഹ്യമാണ്‌ നാറാണത്ത് ഭ്രാന്തന്റെത് എന്ന് കാണാം.ഭക്തിപരമായ ഭാരതീയ ദര്‍ശനങ്ങള്‍ എല്ലാം ഈ മിത്തില്‍ ഒളിഞ്ഞു കിടക്കുന്നതായി കാണാം.കൂടുതല്‍ ആഴത്തില്‍ ഉള്ള പഠനം ആവശ്യമുള്ള വിഷയം